X

ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ, ലോകകപ്പ് വേദിയിൽ മഴയോട് കൈകൂപ്പി കേദാര്‍ യാദവ്

ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലന്‍ഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യ മൂന്നു കളികളില്‍നിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.

മഴ ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം കളഞ്ഞപ്പോള്‍ ആരാധകരെ പോലെ തന്നെ ക്രിക്കറ്റ് താരങ്ങളും നിരാശയിലാണ്. ഇന്നലത്തെ മത്സരവും കൂട്ടി നാല് മത്സരങ്ങളാണ് മഴ മുടക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ ഇന്നലെ മഴയും ഔട്ട്ഫീല്‍ഡിലെ നനവും കൂടിയായപ്പോള്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ആരാധകര്‍ ഗാലറികളില്‍ ഇരുന്ന് മഴ തോരാന്‍ വേണ്ടി പ്രത്ഥിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

എന്നാല്‍ ഈ സമയം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ യാദവിന്റെ പ്രാര്‍ത്ഥന മറ്റൊന്നായിരുന്നു. ട്രെന്റ്ബ്രിഡ്ജിലെ ഗ്രൗണ്ടിലിറങ്ങി കേദാര്‍ കൈകൂപ്പി മഴയോട് പറയുന്നത് ഇതാണ്. ഇവിടെയല്ല, ഞങ്ങളുടെ നാടായ മഹാരാഷ്ട്രയില്‍ പോയി പെയ്യൂ, വരള്‍ച്ചകൊണ്ട് കഷ്ടപ്പെടുകയാണ് അവിടെ. കേദാര്‍ ജാദവ് മഴയോട് കൈകൂപ്പി പറയുന്നു. കേദാര്‍ ജാദവിന്റെ മഴയോടുള്ള ഒരു അഭ്യര്‍ഥന ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ മഴമൂലം നഷ്ടമായ ലോകകപ്പെന്ന ചീത്തപ്പേര് ഇപ്പോഴെ ഇംഗ്ലണ്ട് ലോകകപ്പിന് ലഭിച്ചു കഴിഞ്ഞു. മഴ മൂലം നിര്‍ണായക പോരാട്ടങ്ങള്‍ പലതും ഒലിച്ചുപോയത് ആരാധകരെയും നിരാശയിലാഴ്ത്തി.

ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ അറിയിച്ചത്. മത്സരത്തിന് ഇറങ്ങിയില്ലെങ്കിലും ഇന്ത്യയും ന്യുസിലാന്‍ഡും പോയിന്റ് പങ്കുവച്ചു. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലന്‍ഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യ മൂന്നു കളികളില്‍നിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.