X
    Categories: കായികം

ക്രിസ് ഗെയ്‌ലിനെയും വീഴ്ത്തി; രോഹിത് ശര്‍മ്മയ്ക്ക് റെക്കോഡ് നേട്ടം

96 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം

ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ്മ. ഇതുപതോവര്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയിരിക്കുന്നത്. 105 സിക്സുകള്‍ നേടിയിട്ടുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടി20ക്ക് മുമ്പ് 104 സിക്സാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. ഇന്ന് മൂന്നെണ്ണം കൂടി നേടിയതോടെ സിക്സുകളുടെ എണ്ണം 107 ആയി.

96 മത്സരങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. എന്നാല്‍ ഗെയ്ല്‍ 58 മത്സരങ്ങളില്‍ നിന്നാണ് 105 സിക്സ് സ്വന്തമാക്കിയത്. 76 മത്സരങ്ങളില്‍ 103 സിക്സുകള്‍ നേടിയിട്ടുള്ള ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാമത്. 92 സിക്സുമായി കിവീസിന്റെ തന്നെ കോളിന്‍ മണ്‍റോ നാലാമതുണ്ട്. മുന്‍ കിവീസ് താരം ബ്രണ്ടന്‍ മക്കല്ലമാണ് അഞ്ചാമത്.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ സ്വന്തമാക്കിയ താരവും രോഹിത്താണ് 232 ഏകദിന സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ മഴ മൂലം ഡിഎല്‍ എസ് മെത്തേഡില്‍ 22 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സരങ്ങളുള്ള സീരീല്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യമത്സരം ഇന്ത്യ ജയിച്ചിരുന്നു.

This post was last modified on August 5, 2019 8:39 am