X
    Categories: കായികം

എല്ലാവരും ഒരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിക്കണം, കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചറിയേണ്ടത് ; വിരാട് കോഹ്ലി

എല്ലാവരും ഒരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സന്ദര്‍ശനം നടത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ് കോഹ്‌ലി.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന ഏകദിനം കളിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടിം. താരങ്ങള്‍ക്ക് വന്‍ വരവേല്‍പാണ് നാട് ഒരുക്കിയത്. ഇപ്പോള്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കേരളത്തെ വാനോളം പുകഴ്ത്തുകയാണ്. കോവളം ലീലാ ഹോട്ടലിലെ സന്ദര്‍ശക ഡയറിയിലെഴുതിയ കുറിപ്പിലാണ് കേരളത്തോടുള്ള പ്രണയം കോഹ്‌ലി വെളിപ്പെടുത്തിയത്.

തനിക്കു ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളമെന്ന് കോലി പറയുന്നു. ഈ നാടിനെ അത്രയേറെ ഇഷ്ടപ്പെടുന്നു. വളരെയധികം എനര്‍ജിയുള്ള സ്ഥലമാണ് കേരളം. ഇവിടുത്തെ ജനങ്ങളും ഊര്‍ജസ്വലരാണ്. അതുകൊണ്ടുതന്നെ ഇവിടേക്കു വരാന്‍ ഏറെ ഇഷ്ടവുമാണ്.
കേരളത്തിന്റെ സൗന്ദര്യം തീര്‍ച്ചയായും ആസ്വദിക്കേണ്ടത് തന്നെയാണ്.

എല്ലാവരും ഒരിക്കലെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ സന്ദര്‍ശനം നടത്തണമെന്ന് അഭ്യര്‍ഥിക്കുകയാണ് കോഹ്‌ലി. കേരളം ദുരിതകാലത്തെ അതിജീവിച്ചു കഴിഞ്ഞു. ഇപ്പോള്‍ വളരെ സുരക്ഷിതമായ സ്ഥലമാണ് ഇവിടം. ഓരോ തവണ ഇവിടെയെത്തുമ്പോഴും ഏറെ സന്തോഷമാണ് അനുഭവിച്ചിട്ടുള്ളത്. ഇത്തവണയും ഇതില്‍ മാറ്റമില്ല. വീണ്ടുമൊരിക്കല്‍ക്കൂടി തന്നെ സന്തോഷിപ്പിച്ച കേരളത്തോടു നന്ദിയുണ്ടെന്നും കോലി ഡയറിയില്‍ രേഖപ്പെടുത്തി.

കോവളത്തെ ലീല റാവിസ് ഹോട്ടലിലാണ് ഇന്ത്യന്‍ ടീമിന് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. കളിക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് റാവിസ്ഒരുക്കിയിരിക്കുന്നത്. ഞണ്ടും ചെമ്മീനുമാണ് പ്രത്യേക വിഭവങ്ങളുടെ കൂട്ടത്തിലുള്ളത്. നാളെ ഉച്ചയ്ക്കു ശേഷം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- വിന്‍ഡീസ് മല്‍സരം നടക്കുന്നത്. തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമിന് ഉജ്ജ്വല സ്വീകരണമാണ് ആരാധകരും നല്‍കിയത്.