ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) മാമാങ്കത്തിന് തുടക്കമാകാന്‍ ദിവസങ്ങള്‍ ശേഷിക്കെ സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകള്‍ ആഘോഷിക്കുകയാണ്. ഐപിഎലിന്റെ ഉദ്ഘാടന മത്സരം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്. ഇതിനോടകം ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ട്രോളുകളുമായി രംഗത്തെത്തി കഴിഞ്ഞു. എതിരാളികളായി എത്തുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് ആര്‍സിബി ട്രോളിയത്. എന്നാല്‍ ഉടനെ തന്നെ ചെന്നൈ ടീമിന്റെ മറുപടിയും എത്തി. കിങ്സ് ഇലവന് പഞ്ചാബും രാജസ്ഥാന് റോയല്‍സും തമ്മിലായിരുന്നു അടുത്ത ട്രോള്‍. രാജസ്ഥാന്റെ പുതിയ ജേഴ്സി നിറത്തെ പഞ്ചാബ് ട്രോളിയപ്പോള്‍ ചരിത്രം ഓര്‍മ്മപ്പെടുത്തിയായിരുന്നു റോയല്‍സിന്റെ മറുപടി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വീറ്റിന് ചെന്നൈ സൂപ്പര്‍ കിങ്സ് കൊടുത്ത മറുപടി നല്ലൊരു സിക്സിനേക്കാള്‍ ആവേശമുള്ളതായി മാറി. തുടക്കക്കാര്‍ക്കായി ഒരു സ്പൈസി സൗത്ത് ഇന്ത്യന്‍ ഡെര്‍ബി. പക്ഷേ, ഞങ്ങള്‍ക്ക് പ്രിയം സ്വാദൂറുന്ന സാമ്പാറാണ് എന്നായിരുന്നു ആര്‍സിബിയുടെ ട്വീറ്റ്. സാമ്പാറിന്റെ നിറം എന്നും മഞ്ഞയാണ് എന്നായിരുന്നു മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മറുപടി. മാര്‍ച്ച് 25ന് രാജസ്ഥാനെതിരെയാണ് കിങ്സ് ഇലവന് പഞ്ചാബിന്റെ ആദ്യ മത്സരം. പുതിയ സീസണില്‍ രാജസ്ഥാന്റെ പിങ്ക് ജേഴ്സിയെ പരാമര്‍ശിച്ചായിരുന്നു പഞ്ചാബിന്റെ ട്രോള്‍. പിങ്ക് ജേഴ്സിയില്‍ കളി കഴിയുമ്പോള്‍ രാജസ്ഥാന്റെ മുഖം ചുവക്കാതിരുന്നാല് മതിയെന്നായിരുന്നു ആദ്യ മത്സരത്തെക്കുറിച്ച് പഞ്ചാബിന്റെ ട്വീറ്റ്. എന്നാല്‍ പഞ്ചാബ് ഇതുവരെ ജയ്പൂരില്‍ ജയിച്ചിട്ടില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ചായിരുന്നു രാജസ്ഥാന്റെ മറുപടി കൊടുത്തത്.