ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെയും ജസ്പ്രീത് ബുംറയെയും സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ പരിശീലനത്തിനെത്തിയ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തെറ്റ് ചൂണ്ടി കാണിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്. പരിശീലനത്തിനായി കാറില്‍ എത്തിയ താരം ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി സ്വാഗതം ചെയ്തു. എന്നാല്‍ ജീവനക്കാരന് ഷേക്ക് ഹാന്‍ഡ് നല്കാന് കൈനീട്ടിയപ്പോള്‍ അതിന് തയാറാകാതെ ബുറ നടന്നുനീങ്ങുകയായിരുന്നു. ഇതേസമയം ക്യാമറയില്‍ നോക്കി ഹായ് പറയാന്‍ ബുംറയ്ക്ക് മടിയുണ്ടായിരുന്നില്ല.
ബുംറയുടെ ദൃശ്യങ്ങള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. എന്നാല്‍ ബുംറയുടെ പിഴവ് മുംബൈ ഇന്ത്യന്‍സ് ശ്രദ്ധിച്ചിരുന്നില്ല. വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ബുംറ പരിശീലനം നടത്തുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് നിരയെ നയിക്കുന്നത് ബുംറയാണ്.
This post was last modified on March 22, 2019 6:17 pm