X
    Categories: കായികം

ഐപിഎലില്‍ ചെന്നൈയെ വീഴ്ത്തി മലിംഗയ്ക്ക് റെക്കോര്‍ഡ് നേട്ടം

ബൗളിംഗ് മികവിലൂടെ 46 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം.

ഐപിഎലില്‍ ചെന്നൈയുടെ തട്ടകത്തില്‍ അവരെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ. ജയത്തിനൊപ്പം മുംബൈയുടെ സൂപ്പര്‍ ബൗളര്‍ മലിംഗ മറ്റൊരു നേട്ടവും സ്വന്തമാക്കി. ബൗളിംഗ് മികവിലൂടെ 46 റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടത്തോടെ വിജയത്തില്‍ മുഖ്യപങ്ക് വഹിച്ച മലിംഗ മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വ്യക്തിയായി മലിംഗ.

ചെന്നൈക്കെതിരെ ഇതുവരെ 30 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട് മലിംഗ. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 29 വിക്കറ്റ് നേടിയിട്ടുള്ള ഉമേഷ് യാദവിനെ പിന്‍തള്ളിയാണ് ഈ നേട്ടം. മുംബൈയുടെ 28 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള ചെന്നൈ താരം ഡ്വെന്‍ ബ്രാവോ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

117 മത്സരങ്ങളില്‍ 166 വിക്കറ്റ് നേടിയിട്ടുള്ള മലിംഗ തന്നെയാണ് പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയില്‍. ഐ.പി.എല്ലില്‍ 19.06 റണ്‍ വിട്ടുകൊടുക്കുമ്പോള്‍ ഒരു വിക്കറ്റ് വീഴ്ത്തുന്നുണ്ട് മലിംഗ. 150 വിക്കറ്റുമായി ഇന്ത്യന്‍ താരങ്ങളായ അമിത് മിശ്രയും 149 വിക്കറ്റുമായി പീയുഷ് ചൗളയും മലിംഗയ്ക്ക് പിന്നിലുണ്ട്.