വെസ്റ്റ് ഇന്‍ഡീസിനെതിരായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് മിന്നും സെഞ്ച്വറി നേടിയ പ്രിഥ്വി ഷായുടെ നേട്ടങ്ങളില്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതില്‍ സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനും അഭിമാനിക്കാം. അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായത്തില്‍ ശോഭിച്ച രാഹുല്‍ ദ്രാവിഡിന്റെ അരുമ ശിഷ്യനാണ് പ്രിഥ്വി ഷാ. കളത്തില്‍ നിന്ന് ഇറങ്ങിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ മികവുറ്റ യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ ദ്രാവിഡിന്റെ സേവനം വലുതാണ്.
നേരത്തെ ബാറ്റ് കൊണ്ടു കളത്തിലെ അസാമാന്യാ പോരാട്ട മികവും കൊണ്ടുമാണ് രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റില്‍ ചരിത്രമെഴുതിയിരുന്നതെങ്കില്‍ മൈതാനത്ത് കഴിവു തെളിയിക്കുന്ന യുവ താരങ്ങള്‍ക്ക് പിന്നില്‍ പരിശീലകനായി ഉപദേശകനായി ദ്രാവിഡ് ഇപ്പോഴും തിളങ്ങുകയാണ്. ഷായെ സച്ചിന്റെ പിന്‍ഗാമിയെന്ന് ലോകക്രിക്കറ്റ് വാഴ്ത്തുമ്പോള്‍ സച്ചിനൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡിന്റെ ഉപദേശം ഈ താരത്തിന് മുതല്‍കൂട്ടാണ്.
അന്താരാഷ്ട്ര ടെസ്റ്റിലെ കന്നി പോരാട്ടത്തില്‍ 134 റണ്‍സോടെ പ്രിഥ്വി ഷായ്ക്ക് സെഞ്ചുറി നേടാന്‍ സാധിച്ചത് പിന്നില്‍ ദ്രാവിഡ് തന്ത്രങ്ങളുമുണ്ട്. ബാറ്റിംഗ് ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്താന്‍ ദ്രാവിഡിലെ പരിശീലകന്റെ ഉപദേശം കൗരമാര താരത്തിന് തുണയായി. സമ്മര്‍ദങ്ങള്‍ ഇല്ലാതെ കളിക്കാനും ഷായ്ക്ക് സാധിക്കുന്നതിന് പിന്നിലും ദ്രാവിഡിന്റെ ഉപദേശമുണ്ടെന്ന് ഷായുടെ ബാറ്റിംഗ് ശൈലി കണ്ടാല്‍ മനസിലാക്കാം. ഷോട്ട് കളിക്കുമ്പോള്‍ കാല് വയ്ക്കുന്നതില്‍ ചെറിയ പിഴവുണ്ടായിരുന്ന താരത്തെ മാറ്റിയെടുക്കുന്നതില്‍ രാഹുല്‍ വിജയിച്ചു. സ്വന്തം കഴിവില്‍ വിശ്വസിച്ച് ഇഷ്ടമുള്ള രീതിയില്‍ കളിക്കാന്‍ ദ്രാവിഡ് പറഞ്ഞതോടെ ആത്മവിശ്വാസത്തോടെ സമ്മര്‍ങ്ങളെ അതിജീവിക്കുന്നതിലും പൃഥ്വിക്ക് തുണയായി.
അണ്ടര്‍ 19 കിക്കറ്റ് ടീമിന്റെ ഭാഗമായതോടെയാണ് പ്രിഥ്വി, ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ വന്നത്. ദ്രാവിഡില്‍ നിന്ന് അച്ചടക്കവും മികവേറിയതുമായ ക്രിക്കറ്റ് പാഠങ്ങള്‍ പഠിച്ചു. ദ്രാവിഡില്‍ നിന്ന് പഠിച്ച മികച്ച ബാറ്റിംഗ് ശൈലിയിലൂടെ പ്രിഥ്വി ലോകകിരീടമാണ് രാജ്യത്തിന് സമ്മാനിച്ചത്. ഇന്ത്യ എ ടീമിനു കീഴിലും മികവുറ്റ ഇന്നിംഗ്സുകള്‍ പുറത്തെടുത്തപ്പോഴും രാഹുലിന്റെ ഉപദേശം കൂട്ടായി ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ഇഷ്ടത്തെക്കാള്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് അവനവന്റെ കഴിവില്‍ വിശ്വാസം അര്‍പ്പിച്ച് ബാറ്റ് വീശാനും ദ്രാവിഡ് ഉപദേശിച്ചിരുന്നു. ഈ ആത്മവിശ്വാസം തന്റെ കളിയില്‍ പ്രയോജനപ്പെട്ടെന്നുമാണ് പ്രിഥ്വി പറയുന്നത്. ലോകകപ്പ് നേട്ടത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോടാണ് പൃഥ്വി ഷാ ഏറ്റവും കൂടുതല്‍ നന്ദി പറഞ്ഞത്.
This post was last modified on October 6, 2018 1:52 pm
Leave a Comment