X
    Categories: കായികം

ലോകകപ്പില്‍ അടിമേടിച്ച് റഷീദ് ഖാനും കിട്ടി റെക്കോര്‍ഡ്

ഒന്‍പത് ഓവര്‍ എറിഞ്ഞ റഷീദ് വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലീഷ് പട റണ്‍മല തീര്‍ത്തത് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് കരുത്തിലാണ്. മിന്നലാക്രമണമായി മോര്‍ഗന്‍ കളം നിറഞ്ഞപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ അടി മേടിച്ച് കൂട്ടി. കൂട്ടത്തില്‍ അഫ്ഗാന്‍ സ്റ്റാര്‍ സ്പിന്നര്‍ റഷീദ് ഖാന് നാണക്കേടിന്റെ റെക്കോര്‍ഡും കിട്ടി. ഒന്‍പത് ഓവര്‍ എറിഞ്ഞ റഷീദ് വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്. ഈ ലോകപ്പില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കണ്ട താരമായിരുന്നു റാഷിദ്.

ലോകകപ്പില്‍ ഒരു താരത്തിന്റെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡാണ് റഷീദ് ഖാന്‍ സ്വന്തമാക്കിയത്. എന്നാല്‍ ഏകദിനത്തില്‍ ഒരിന്നിംഗ്സില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ രണ്ടാമത്തെ താരമാണ് റഷീദ്. റഷീദ് 110 റണ്‍സാണ് വഴങ്ങിയതെങ്കില്‍ 113 റണ്‍സുമായി മൈക്കല്‍ ലെവിസാണ് മുന്നില്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് താരത്തിന്റെ പേര് ചേര്‍ക്കപ്പെട്ടത്. പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസും 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്. എന്നാല്‍ ലെവിസും റിയാസും 10 ഓവര്‍ വീതമെറിഞ്ഞാണ് ഇത്രയും റണ്‍സ് വഴങ്ങിയത്. മത്സരത്തില്‍ മോര്‍ഗന്‍ 71 പന്തില്‍ 17 സിക്സുകള്‍ സഹിതം 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍‌സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് നേട്ടമായി.