X
    Categories: കായികം

ആഷസിലെ മികച്ച ഇന്നിംഗ്‌സുകള്‍; റണ്‍വേട്ടയില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി സ്റ്റീവ് സ്മിത്ത്

റണ്‍വേട്ടയില്‍ ഈ നൂറ്റാണ്ടിലെ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയാണ് സ്മിത്ത് ആഷസിന് അവസാനം കുറിച്ചത്

വിലക്കിന് ശേഷം ആഷസ് പരമ്പരയിലെ മികച്ച ഇന്നിംഗ്‌സുകളിലൂടെ റണ്‍വേട്ടയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഓസിസ് താരം സ്റ്റീവ് സ്മിത്ത്. ആദ്യം പരിഹസിച്ച ഇംഗ്ലീഷ് കാണികള്‍ അവസാന ഇന്നിങ്സില്‍ നിറഞ്ഞ കൈയടികളോടെയാണ് സ്മിത്തിനെ യാത്രയാക്കിയത്.

റണ്‍വേട്ടയില്‍ ഈ നൂറ്റാണ്ടിലെ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയാണ് സ്മിത്ത് ആഷസിന് അവസാനം കുറിച്ചത്. പരമ്പരയിലെ ഏഴ് ഇന്നിങ്സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 774 റണ്‍സാണ് ഈ 30-കാരന്‍ അടിച്ചുകൂട്ടിയത്. ഈ നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന റണ്‍വേട്ടയാണ് ഇത്. ഇന്ത്യയ്ക്കെതിരേ 2014-15 വര്‍ഷത്തില്‍ നടന്ന പരമ്പരയില്‍ നേടിയ 769 റണ്‍സെന്ന സ്വന്തം റെക്കോഡ് തന്നെയാണ് സ്മിത്ത് തിരുത്തിയത്.

1930-ലെ ആഷസില്‍ 974 റണ്‍സെടുത്ത ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനാണ് ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ബാറ്റ്സ്മാന്‍. പന്ത് ചുരണ്ടല്‍ വിവാദത്തിലെ ഒരു വര്‍ഷത്തെ വിലക്കിനു ശേഷമുള്ള മടങ്ങിവന്ന താരം വിരാട് കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്കും തിരിച്ചുപിടിച്ചു. തന്റെ മികച്ച മൂന്ന് ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. 144, 142, 92, 211, 82, 80, 23 എന്നിങ്ങനെയാണ് സ്മിത്തിന്റെ ആഷസിലെ സ്‌കോറുകള്‍.

This post was last modified on September 16, 2019 2:24 pm