X
    Categories: കായികം

96 ലോകകപ്പിലെ ആ പന്ത് ആരാധകര്‍ക്ക് മറക്കാനാവില്ല; വെങ്കടേഷ് പ്രസാദിന് ഇന്ന് അമ്പതാം പിറന്നാള്‍

162 ഏകദിന മല്‍സരങ്ങളില്‍ നിന്നായി 196 വിക്കറ്റുകളും 33 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 96 വിക്കറ്റുകളും വെങ്കടേഷ് പ്രസാദ് നേടിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ  ഇന്ത്യയുടെ സൂപ്പര്‍ പേസറായിരുന്നു വെങ്കടേഷ് പ്രസാദ്. താരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരാധകരുടെ മനസില്‍ ആദ്യം എത്തുക 1996 ലെ ലോകകപ്പാണ്. ഈ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രസാദ് എറിഞ്ഞ ഒരു പന്ത് ആരാധകരുടെ മനസില്‍ ഇടം പിടിച്ചു. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു അത്. പാകിസ്താന്റെ ആമിര്‍ സുഹൈലിനെതിരെ ആയിരുന്നു അത്. പ്രസാദിന്റെ ഒരു പന്ത് അതിര്‍ത്തി കടത്തിയ ശേഷം പ്രകോപനപരമായി പ്രസാദിനോട് സംസാരിച്ചു. തൊട്ടടുത്ത പന്തില്‍ കുറ്റി തെറിപ്പിച്ചാണ് പ്രസാദ് മറുപടി നല്‍കിയത്. ആ മല്‍സരത്തിന്റെ ഗതി മാറ്റിയ വിക്കറ്റായിരുന്നു അത്. ഇന്ന് തന്റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രസാദിന് ആശംസകള്‍ നേരുകയകണ് ക്രിക്കറ്റ് ലോകം. 1969ല്‍ ബാംഗ്ലൂരിലാണ് വെങ്കടേഷ് പ്രസാദിന്റെ ജനനം.

വെങ്കടേഷ് പ്രസാദ് 1994-ല്‍ ആണ് ആദ്യ മത്സരത്തിന് ഇറങ്ങിയത്. 1994 ഏപ്രില്‍ രണ്ടിന് ന്യൂസിലന്റിനെതിരെ അരങ്ങേറ്റം കുറിച്ച പ്രസാദ് വളരെ പെട്ടെന്ന് തന്നെ ടീമിന്റെ ലീഡിങ് ബൗളര്‍മാരില്‍ ഒരാളായി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മല്‍സരത്തിലും താരം അരങ്ങേറ്റം കുറിച്ചു. മീഡിയം ഫാസ്റ്റ് ബൗളറായ പ്രസാദ്, ജവഗല്‍ ശ്രീനാഥുമായി ചേര്‍ന്ന് ഒരുകാലത്ത് ഇന്ത്യന്‍ ബൗളിങ്ങിനെ നയിച്ചു. ക്രിക്കറ്റില്‍ അത് വരെ പരിചയമില്ലാത്ത കാര്യമായിരുന്ന പുതിയൊരു തന്ത്രം വെങ്കടേഷ് പയറ്റിയിരുന്നു. ഇടക്കിടെ സ്ലോ ബോളുകള്‍ നല്‍കി ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്ന തന്ത്രം മികച്ച രീതിയില്‍ നടപ്പാക്കിയിരുന്ന താരമാണ് വെങ്കടേഷ് പ്രസാദ്. ഇടക്കിടെ വിരുന്നെത്തിയ പരിക്കുകള്‍ താരത്തിന്റെ കരിയര്‍ അവതാളത്തിലാക്കി. പുതുതായി ടീമിലെത്തിയ സഹീര്‍ ഖാനും ആശിഷ് നെഹ്റയുമെല്ലാം മികച്ച പ്രകടങ്ങള്‍ കാഴ്ച വെച്ച് തുടങ്ങിയതോടെ പ്രസാദിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു.

1999ല്‍ ചെന്നൈയില്‍ വെച്ച് പാകിസ്താനെതിരായ ടെസ്റ്റ് മല്‍സരത്തില്‍ നേടിയ 33 റണ്‍സിന് 6 വിക്കറ്റ് എന്നതാണ് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 1996ല്‍ സൗത്താഫ്രിക്കക്കെതിരെ ഡര്‍ബനില്‍ ഇരു ഇന്നിംഗ്സിലുമായി 10 വിക്കറ്റും താരം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ പ്രസാദ് വിദേശ മണ്ണില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. 2001ലാണ് താരം അവസാനമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയത്. 162 ഏകദിന മല്‍സരങ്ങളില്‍ നിന്നായി 196 വിക്കറ്റുകളും 33 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 96 വിക്കറ്റുകളും വെങ്കടേഷ് പ്രസാദ് നേടിയിട്ടുണ്ട്.  2007 മുതല്‍ 2009 വരെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു.

This post was last modified on August 5, 2019 10:59 am