2019 ല്‍ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി കൂടുതല്‍ പണം സമ്പാദിച്ച പത്തു കായിക താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരവും ഇന്ത്യക്കാരനും കോഹ്‌ലിയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കായി താരം ഈടാക്കുന്നത് 1,96,000 ഡോളറാണ്. ഏകദേശം 1.36 കോടി രൂപ. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍, അര്‍ജന്റീനന്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍.
ഇന്‍സ്റ്റഗ്രാമില്‍ വിരാട് കോഹ്‌ലിയെ പിന്തുടരുന്നത് 36 മില്യന്‍ ആരാധകരാണ്. 173 മില്യന്‍ പേര്‍ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഈടാക്കുന്നത് 9,75,000 ഡോളര്‍. നെയ്മര്‍ 7,22,000 ഉം മെസ്സി 64,8,000 ഉം ഡോളറുമാണ് പോസ്റ്റുകള്‍ക്കായി വാങ്ങുന്നത്.
ഫുട്‌ബോള്‍ താരങ്ങളായ ഡേവിഡ് ബെക്കാം, റൊണാള്‍ഡീഞ്ഞോ, ഗാരത് ബെയ്ല്‍, സ്‌ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുടങ്ങിയവരും ഇന്‍സ്റ്റാ സമ്പന്നരുടെ പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. ഐസിസി ടെസ്റ്റ്, ഏകദിന ബാറ്റിങ് റാങ്കിങ്ങുകളില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യന്‍ നായകന്‍. ഓഗസ്റ്റ് മൂന്നിന് തുടങ്ങുന്ന വിന്‍ഡീസ് പര്യടനമാണ് ടീം ഇന്ത്യയുടെ അടുത്ത മല്‍സരം. മൂന്ന് വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങളും രണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്.
This post was last modified on July 24, 2019 5:43 pm
Leave a Comment