X
    Categories: കായികം

ബാംഗ്ലൂരിന് ഇതെന്തൊരു ഗതികേടാണ്; അഞ്ചാം മത്സരത്തിലും പരാജയം ആവര്‍ത്തിച്ചത് ബൗളര്‍മാര്‍ കാരണമെന്ന് കോഹ്‌ലി

ആറാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റം വരുമെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി

ഐപിഎലില്‍ അഞ്ചാം മത്സരത്തിലും പരാജയം ആവര്‍ത്തിച്ച ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബൗളര്‍മാരെ കുറ്റപ്പെടുത്തി രംഗത്തെത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ബൗളറമാരുടെ പ്രകടനം അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും കോഹ്‌ലി പറഞ്ഞു. കോഹ്‌ലി അടക്കമുള്ള ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ചവെച്ച് 205 റണ്‍സ് നേടിയിട്ടും വിജയം നേടിയെടുക്കാന്‍ ബൗളിംഗ് നിരയ്ക്ക് കളിഞ്ഞില്ല. 13 പന്തില്‍ 48 റണ്‍സ് നേടിയ ആന്ദ്രേ റസ്സലിന്റെ ഇന്നിങ്സായിരുന്നു കോഹ്ലിക്കും കൂട്ടര്‍ക്കും വെല്ലുവിളിയായത്.
അവസാന നാലോവറിലാണ് ജയം മാറി മറഞ്ഞത്. അഞ്ചുപന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ചുവിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ മിന്നുംജയം.

അവസാന 24 പന്തുകളില്‍ 66 റണ്‍സാണു കൊല്‍ക്കത്ത നേടിയത്. റസ്സലിനെപ്പോലുള്ള പവര്‍ ഹിറ്റര്‍മാര്‍ക്കെതിരേ പന്തെറിയുമ്പോള്‍ കൂടുതല്‍ ബുദ്ധിയുപയോഗിക്കണമെന്നും അതുണ്ടായില്ലെന്നും കോഹ്‌ലി പറഞ്ഞു. ആറാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റം വരുമെന്ന സൂചനയും ക്യാപ്റ്റന്‍ നല്‍കി. ചില വ്യക്തികള്‍ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും ഇപ്പോഴും ടീമിനു സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളിച്ച അഞ്ചു മത്സരങ്ങളും തോറ്റ ടീമിപ്പോള്‍ പോയന്റ് പട്ടികയില്‍ ഏറ്റവുമൊടുവിലാണ്.

എന്നാല്‍ ടീമിന്റെ ഫീല്‍ഡിങ് പിഴവുകള്‍ക്കു തോല്‍വിയില്‍ കാര്യമായ സ്വാധീനമുണ്ടായി. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ നാലുതവണയാണ് ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. എന്നാല്‍, തോല്‍വിക്കിടയിലും ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച ഇന്നിംഗ്‌സ് കാഴ്ചവെച്ചു. ട്വന്റി20 ക്രിക്കറ്റില്‍ 8,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നാഴികക്കല്ലാണു കൊല്‍ക്കത്തയ്ക്കെതിരേ അദ്ദേഹം പിന്നിട്ടത്. നാല് സെഞ്ച്വറികളും 58 അര്‍ധ സെഞ്ച്വറികളുമാണു കോഹ്ലിയുടെ പേരിലുള്ളത്. 84 റണ്‍സാണ് അദ്ദേഹം കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ നേടിയത്. സുരേഷ് റെയ്നയാണ് 8,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരം. 306 ട്വന്റി20 മത്സരങ്ങളില്‍നിന്നു റെയ്ന നേടിയത് 8110 റണ്‍സാണ്. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ (12,457 റണ്‍സ്), ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (9922), കീറണ്‍ പൊള്ളാര്‍ഡ് (9087) എന്നിവരാണു പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.