X
    Categories: കായികം

മൊഹമ്മദ് ആമിറിന് ശേഷം വിരമിക്കാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ സ്റ്റാര്‍ ബൗളര്‍

27 ടെസ്റ്റുകളിലാണ് ഇത് വരെ പാക് ജേഴ്‌സിയണിഞ്ഞത്. ഇതില്‍ 83 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മൊഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ടീമിലെ മറ്റൊരു സ്റ്റാര്‍ ബൗളറും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് പാക് സ്റ്റാര്‍ ബോളര്‍ മൊഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 27 വയസ് മാത്രം പ്രായമുള്ള ആമിര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ആരാധകര്‍ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചിരുന്നു. ഏകദിന, ടി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ടെസ്റ്റില്‍ നിന്ന് താന്‍ വിരമിക്കുന്നതെന്നായിരുന്നു ആമിറിന്റെ വിശദീകരണം.

ആമിറിന് പിന്നാലെ പാക് സ്റ്റാര്‍ ബോളര്‍ വഹാബ് റിയാസാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നത്. ഈ തീരുമാനം റിയാസ് നേരത്തെ തന്നെ എടുത്തതാണെന്നും അക്കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ച് കഴിഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ലോകകപ്പില്‍ 11 വിക്കറ്റുകളെടുത്ത താരം നിലവില്‍ ബ്രാമ്പ്റ്റണ്‍ വോള്‍വ്‌സ് ടീമിന് വേണ്ടി ഗ്ലോബല്‍ ടി20 കാനഡയില്‍ കളിച്ച് കൊണ്ടിരിക്കുകയാണ്. ഈ ടൂര്‍ണമെന്റ് അവസാനിക്കുന്നതോടെ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ടെസ്റ്റില്‍ നിന്ന് വിരമിച്ചാലും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ റിയാസ് തുടര്‍ന്നും കളിക്കും. 2010 ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച് കൊണ്ട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഈ മുപ്പത്തിനാലുകാരന്‍, 27 ടെസ്റ്റുകളിലാണ് ഇത് വരെ പാക് ജേഴ്‌സിയണിഞ്ഞത്. ഇതില്‍ 83 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

Related Post
Leave a Comment