X
    Categories: കായികം

ഇതിഹാസങ്ങളുടെ ഈ റെക്കോര്‍ഡുകള്‍ ഇനി കോഹ്‌ലിക്ക് സ്വന്തം

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 112 പന്തിലാണ് കോഹ്‌ലി 42-ാം ഏകദിന സെഞ്ചുറിയിലെത്തിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദനിത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി  ഇതിഹാസങ്ങളുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്  കോഹ്‌ലി ആദ്യം മറികടന്നത്.

വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ സമ്പാദ്യം. കോഹ്‌ലി ഈ നേട്ടം 34 മത്സരങ്ങളില്‍ നിന്നാണ് ഇത് മറികടന്നത്. വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് കോഹ്‌ലിക്ക് ഈ റെക്കോഡ് സ്വന്തമായത്. വിന്‍ഡീസിനെതിരേ 47 മത്സരങ്ങളില്‍ നിന്ന് 1708 റണ്‍സെടുത്ത ഓസീസ് താരം മാര്‍ക്ക് വോയാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. 40 മത്സരങ്ങളില്‍ നിന്ന് 1666 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് നാലാമതും 53 മത്സരങ്ങളില്‍ നിന്ന് 1624 റണ്‍സെടുത്ത റമീസ് റാജ അഞ്ചാമതുമുണ്ട്.

വിന്‍ഡീസിനെതിരേ 34 മത്സരങ്ങളില്‍ നിന്നായി ഏഴു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും കോഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. വിന്‍ഡീസിനെതിരേ ഒരു സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറികളുമാണ് മിയാന്‍ദാദിന്റെ പേരിലുള്ളത്. അതേസമയം മത്സരത്തില്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ വിന്‍ഡീസിനെതിരേ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന സച്ചിന്റെയും ഗാംഗുലിയുടെയും റെക്കോഡും കോഹ്‌ലി സ്വന്തമാക്കി.

ഏകദിനത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടത്തില്‍ സഹതാരം രോഹിത് ശര്‍മ്മയെ കോഹ്‌ലി മറികടന്നു. ഓസ്ട്രേലിയക്കെതിരെ ഹിറ്റ്മാന്‍ 37 ഇന്നിംഗ്സില്‍ പിന്നിട്ട നേട്ടം വിന്‍ഡീസിനെതിരെ കോലി 34 ഇന്നിംഗ്സില്‍ നേടി. ഓസ്ട്രേലിയക്കെതിരെ 40 ഇന്നിംഗ്സില്‍ രണ്ടായിരം റണ്‍സ് തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മൂന്നാം സ്ഥാനത്ത്.

വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 112 പന്തിലാണ് കോഹ്‌ലി 42-ാം ഏകദിന സെഞ്ചുറിയിലെത്തിയത്. നായകനായ ശേഷം വിന്‍ഡീസിനെതിരെ കോഹ്‌ലിയുടെ ആറാം സെഞ്ചുറിയാണിത്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് സെഞ്ചുറികള്‍ നേടിയ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെയും കോഹ്‌ലി മറികടന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഏകദിന റണ്‍ നേട്ടവും കോഹ്‌ലി മറികടന്നു. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്. 11,363 റണ്‍സാണ് ഗാംഗുലിയുടെ സമ്പാദ്യം.

മഴയെ തുടര്‍ന്ന് ഓവറുകള്‍ വെട്ടികുറച്ച മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 59 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ കാരണം 46 ഓവറില്‍ 270 റണ്‍സാക്കിയ വിജയ ലക്ഷ്യം നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ 210 റണ്‍സില്‍ വെസ്റ്റിന്‍ഡീസ് ആള്‍ ഔട്ട് ആയി. ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും തിളങ്ങിയത്.