X

ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് നേടി ലങ്കന്‍ നായകന്‍; നേട്ടം കൊയ്ത് റബാഡയും

മത്സരത്തില്‍ കരുണരത്നെയെ പുറത്താക്കിയ റബാഡയെ തേടിയും ഒരു റെക്കോര്‍ഡ് എത്തി.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയ്ക്ക് അഭിമാന നേട്ടം. ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്തായതാണ് ദിമുത് കരുണ രത്നെയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് കിട്ടിയത്. ലോകകപ്പ് ചരിത്രത്തില്‍ മത്സരത്തിലെ ഒന്നാം പന്തില്‍ പുറത്താകുന്ന നാലാം താരമായാണ് കരുണരത്നെ മാറിയത്. ഈ ലോകകപ്പിലും നേരത്തെ സമാനമായ പുറത്താകല്‍ ഉണ്ടായിരുന്നു. വിന്‍ഡീസിനെതിരേ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്ടിലാണ് ഈ ലോകകപ്പില്‍ ഒന്നാം പന്തില്‍ പുറത്തായ ആദ്യ താരം.

2003ലെ ലോകകപ്പിലാണ് മത്സരത്തിലെ ആദ്യ പന്തില്‍ ഒരു താരം പുറത്താകുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ബംഗ്ലാദേശിന്റെ ഹന്നന്‍ സര്‍ക്കാരാണ് ഈ രീതിയില്‍ ആദ്യമായി കളം വിടുന്നത്. പിന്നീട് 2011ല്‍ നാഗ്പൂരില്‍ കാനഡയ്ക്കെതിരേ സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലറും ആദ്യ പന്തില്‍ പുറത്തായിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ കരുണരത്നെയെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയുടെ റബാഡയെ തേടിയും ഒരു റെക്കോര്‍ഡ് എത്തി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറായാണ് റബാഡ മാറിയത്. ഷോണ്‍ പൊള്ളോക്കാണ് ഈ പട്ടികയിലെ ഒന്നാമന്‍. പൊള്ളോക്ക് ഈ നേട്ടം മൂന്ന് തവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നതും ചരിത്രമാണ്. ഓസീസിന്റെ ആദം ഗില്‍ക്രിസ്റ്റിനെ രണ്ടു തവണയും വിന്‍ഡീസിന്റെ ഫിലോ വാലസിനെ ഒരു തവണയുമാണ് പൊള്ളോക്ക് ആദ്യ പന്തില്‍ പുറത്താക്കിയിട്ടുള്ളത്.

ലോകകപ്പില്‍ സെമി പ്രതീക്ഷകളുമായി ഇന്നലെ ഇറങ്ങിയ ലങ്കന്‍ നിരയുടെ ആവേശം തല്ലിക്ടുകെത്തി ദക്ഷിണാഫ്രിക്ക 9 വിക്കറ്റിന് വിജയിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 203 റണ്‍സ് 37.2 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക (206) അനായാസം മറികടന്നു.

Also Read: ലങ്കന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് ജയം

This post was last modified on June 29, 2019 7:10 am