X
    Categories: കായികം

നിതംബം കുലുക്കാന്‍ അറിയാമോയെന്ന് അവതാരകന്‍; പറ്റില്ലെന്ന് അദ ഹെഗെര്‍ബെര്‍ഗ്; ആദ്യ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ വനിത ഫുട്ബോള്‍ താരത്തെ വേദിയിൽ അപമാനിച്ചു

പുരസ്‌കാരം ചടങ്ങില്‍ വിവാദത്തില്‍ അകപ്പെട്ടതോടെ അവതാരാകന്‍ പിന്നീട് വനിതാ താരത്തോട് ക്ഷമാപണം നടത്തി രംഗത്തു വന്നു.

ചരിത്രത്തിലെ ആദ്യ ബാലന്‍ ദി ഓര്‍ പുരസ്‌കാരം നേടിയ വനിത അദ ഹെഗെര്‍ബെര്‍ഗിന് പുരസ്‌കാര വേദിയില്‍ അപമാനം. 2018 ലെ മികച്ച വനിതാ താരത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോഴായിരുന്നു താരത്തിനെ അപമാനിക്കുന്ന തരത്തില്‍ അവതാരകന്‍ സംസാരിച്ചത്. അവതാരകനായ ഡിജെ മാര്‍ട്ടിന്‍ സോല്‍വേഗ് ലൈംഗിക ചുവയോടെ സംസാരിച്ചത് വിവാദമാകുകയും ചെയ്തു. ലിയോണിന്റെ സ്‌ട്രൈക്കര്‍ അദ അവാര്‍ഡ് വാങ്ങാനായി സ്റ്റേജില്‍ എത്തിയപ്പൊള്‍ താരത്തിനോട് ‘Twerk’ (നിതംബം കുലുക്കാന്‍)  ചെയ്യാന്‍ അവതാരകന്‍ ആവശ്യപ്പെടുകയായിരുന്നു.

ചോദ്യത്തില്‍ അത്ഭുതപ്പെട്ട അദ ഉടന്‍  ആവശ്യം നിരസിക്കുകയും വേദി വിടുകയും ചെയ്തു. ചരിത്രത്തിന്റെ ഭാഗമായി ഒരു വനിതാ ഫുട്‌ബോള്‍ താരം മാറുന്ന വേദിയില്‍ ഇങ്ങനെയൊരു ചോദ്യം അനാവശ്യമായി എന്ന് ഫുട്‌ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നു. വനിതാ ഫുട്‌ബോള്‍ താരങ്ങളെ ഇപ്പോഴും ഫുട്‌ബോള്‍ താരങ്ങളായി കണക്കാക്കാന്‍ ചിലര്‍ക്ക് ആവുന്നില്ല എന്നതു ഇത് വ്യക്തമാക്കുന്നു. പുരസ്‌കാരം ചടങ്ങില്‍ വിവാദത്തില്‍ അകപ്പെട്ടതോടെ അവതാരാകന്‍ പിന്നീട് വനിതാ താരത്തോട് ക്ഷമാപണം നടത്തി രംഗത്തു വന്നു. താന്‍ തമാശയായി പറഞ്ഞ കാര്യമായിരുന്നുവെന്നും അവതാരകന്‍ പിന്നീട് പ്രതികരിച്ചിരുന്നു.താന്‍ പാട്ടിന് നൃത്തം വയ്ക്കാന്‍ മാത്രമാണ് പറഞ്ഞതെന്നും അവതാരകന്‍ പറഞ്ഞു.

22കാരിയായ നോര്‍വ സ്‌ട്രൈക്കര്‍ കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച അസാമാന്യ പ്രകടനത്തിനാണ് ബാലന്‍ ദി ഓര്‍ നേടിയത്. 47 ഗോളുകളാണ് സീസണില്‍ മൊത്തമായി അദ നേടിയത്. ലിയോണിന്റെ ചാമ്ബ്യന്‍സ് ലീഗ് അടക്കമുള്ള ഇരട്ട കിരീടത്തിലും അദയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

മെസ്സി- റൊണാള്‍ഡോ യുഗം അവസാനിക്കുന്നു; ‘ബാലെന്‍ ഡി ഓര്‍’ പുരസ്‌കാരം മോഡ്രിച്ചിന്, എംബാപെ മികച്ച അണ്ടര്‍-21 താരം

ലുക്കാ മോഡ്രിച്; അഭയാര്‍ത്ഥിയില്‍ നിന്നും സുവര്‍ണ്ണ രാജകുമാരനിലേക്ക്

This post was last modified on December 4, 2018 11:07 am