X
    Categories: കായികം

ഏഷ്യ കപ്പില്‍ ബഹ്‌റൈനെതിരെയുള്ള മത്സരം; ടീം ഇന്ത്യ ബൂട്ട് കെട്ടുന്നത് ചരിത്ര നേട്ടത്തിനായി

തായ്ലന്‍ഡിനെ യുഎഇ കീഴടക്കിയാലും ബഹ്‌റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും. 

ഏഷ്യ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യവുമായി ഇന്ത്യ ഇന്ന് ബഹ്‌റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്‌ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെട്ടിരുന്നു.ബഹ്‌റൈനെതിരെയുള്ള ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. മത്സരം അനുകൂലമെങ്കില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ നോക്കൗട്ടില്‍ പ്രവേശിക്കും. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

അതേസമയം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ന് മറ്റൊരു ചരിത്ര നേട്ടത്തിലെത്തും. ഇന്ന് നടക്കുന്ന മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിക്ക് 107 മല്‍സരങ്ങളാകും. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളില്‍ മുന്‍ നായകന്‍ ബൂട്ടിയയുടെ റെക്കോര്‍ഡിനൊപ്പം ഛേത്രിയും എത്തും. അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുക മധ്യനിര താരം പ്രണോയ് ഹാള്‍ഡറാകും എന്നും റിപോര്‍ട്ടുണ്ട്. ഓരോ മത്സരത്തിനും വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ പിന്തുടരുന്നത്. ഇത് പ്രകാരമാണ് ഇന്നത്തെ മത്സരത്തില്‍ ടീമിനെ എടികെ താരം നയിക്കുക.

നിലവില്‍ ഗ്രൂപ്പ് എയില്‍ യുഎഇയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാര്‍ക്കു പുറമേ മികച്ച മൂന്നു ടീമുകള്‍ക്കും നോക്കൗട്ട് പ്രവേശനമുണ്ട്. തായ്ലന്‍ഡിനെ യുഎഇ കീഴടക്കിയാലും ബഹ്‌റൈനെതിരെ തോറ്റാലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഇന്ത്യ നോക്കൗട്ടിലെത്തും.

മികച്ച ശാരീരികക്ഷമതയുള്ള ബഹ്‌റൈന്‍ താരങ്ങളെക്കൊണ്ടു ഗോളടിപ്പിക്കാതിരിക്കാനുള്ള കടമ ഇന്ത്യന്‍ പ്രതിരോധക്കോട്ട കാക്കാനുള്ള ഉത്തരവാദിത്വം അനസിന്റെയും ജിങ്കാന്റെയും ഉത്തരവാദിത്വമാണ്. ഉജ്വല ടാക്കിളിലൂടെ കളം നിറയുന്നതിനൊപ്പം  അനാവശ്യ പിഴവുകളിലൂടെ ഗോള്‍ വഴങ്ങുന്ന ശീലം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക് മുന്നില്‍ ബഹ്‌റൈന്‍ വീഴുമെന്നത് ഉറപ്പാണ്. 4-4-2 ശൈലിയിലാകും ഇന്ത്യ ഇറങ്ങുക. മുന്നില്‍ നിന്ന് ഗോളടിക്കാനുള്ള ചുമതല നായകന്‍ സുനില്‍ ഛേത്രിക്കുംആഷിഖ് കരുണിയനും തന്നെയാണ്. നായകന്റെ പരിചയ സമ്പന്നതയും ആഷിഖിന്റെ വേഗതയും ഫലവത്താകുകയും മധ്യനിരയില്‍ അനിരുദ്ധ് ഥാപ്പ, ഉദാന്ത സിംഗ് എന്നവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും ചെയ്താല്‍ ഇന്ത്യന്‍ ജയം അനായാസമാകും എന്നത് ഉറപ്പാണ്.

This post was last modified on January 14, 2019 11:35 am