X

കോപ്പ അമേരിക്കയില്‍ തകര്‍പ്പന്‍ ജയവുമായി കാനറികള്‍

ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് കാനറികള്‍ ജയിച്ചു കയറിയത്.

കോപ്പ അമേരിക്കയില്‍ ആദ്യ പോരാട്ടത്തില്‍ ബൊളീവിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബ്രസില്‍. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോള്‍ കരുത്തിലാണ് കാനറികള്‍ ജയിച്ചു കയറിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ നൂറാം ജയമാണിത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം ബ്രസീലിനായിരുന്നു. എന്നാല്‍ അവസരങ്ങളുണ്ടാക്കിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ ബ്രസീലിന് കഴിഞ്ഞില്ല. പരിക്കേറ്റ് പുറത്തായ നായകന്‍ നെയ്മറിന്റെ അഭാവം മത്സരത്തില്‍ പ്രകടമായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോളിലൂടെയും ബ്രസീല്‍ കളിയില്‍ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോള്‍ സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു. മിനിറ്റുകള്‍ക്ക് ശേഷം 53-ാം മിനിറ്റില്‍ വീണ്ടും കുട്ടിഞ്ഞോയുടെ ഗോള്‍. ബൊളീവിയന്‍ പ്രതിരോധം തകര്‍ത്ത് ഫിര്‍മിഞ്ഞോ നല്‍കിയ പാസ് ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയര്‍ത്തി. രണ്ട് ഗോള്‍ വഴങ്ങിയതോടെ സമ്മര്‍ദ്ദത്തിലായ ബൊളീവിയന്‍ വല വീണ്ടും ചലിപ്പിച്ച് എവര്‍ട്ടന്റെ മൂന്നാം ഗോള്‍. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവര്‍ട്ടന്റെ വലംകാല്‍ ഷോട്ട് ബ്രസീല്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. പരമ്പരാഗത മഞ്ഞ ജേഴ്‌സിക്ക് പകരം വെള്ളയും നീലയും ജേഴ്‌സിയിലാണ് ബ്രസീല്‍ ഇറങ്ങിയത്.

This post was last modified on June 15, 2019 10:10 am