അമേരിക്കയില്‍ മേജര്‍ സോക്കര്‍ ലീഗില്‍ എല്‍ എ ഗാലക്സിയുടെ സ്ലാട്ടന് ഇബ്രാഹിമോവിചിന്റെ അത്ഭുത ഹാട്രിക്ക് പ്രകടനമാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. കഴിഞ്ഞ ദിവസം എം എല്‍ എസിലെ ഏറ്റവും മികച്ച താരം തനാനണെന്നും മറ്റ് കളിക്കാര്‍ക്ക് തന്റെ അത്രേം മികവില്ലെന്ന് ഇബ്രാഹിമോവിച് പറഞ്ഞിരുന്നു. അതിനു ശേഷമാണ് അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി താരം ആരാധകരെ ഞെട്ടിപ്പിച്ചത്. താരത്തിന്റെ വാക്കുകള്‍ അതേപടി ശരിയെന്ന് മൈതാനത്ത് തെളിയിക്കപ്പെട്ടു.
ലീഗിലെ ഒന്നാമന്മാരായ ലോസ് ആഞ്ചലസ് ഫുട്ബോള്‍ ക്ലബിനെ നേരിട്ട ഇബ്രാഹിമോവിചിന്റെ എല്‍ എ ഗാലക്സി കളിയുടെ തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിറകില്‍ പോയിരുന്നു. എന്നാല്‍ സ്ലാട്ടന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ തിരിച്ചടിച്ച് 3-2ന്റെ വിജയം ഗാലക്സി സ്വന്തമാക്കി.
ടീമിനെ വിജയത്തിലെത്തിച്ച് നിര്‍ണായകമായ മൂന്നു ഗോളുകളും നേടിയത് ഇബ്രാഹിമോവിച് തന്നെ ആയിരുന്നു.
താരത്തിന്റെ ആദ്യത്തെ ഗോളാണ് ആരാധകരെ ഏറെ ത്രസിപ്പിച്ചത്. ഒരു മാജിക്കല്‍ സ്ട്രൈക്കിനു മുന്നെ സ്ലാട്ടന് എടുത്ത രണ്ട് അത്ഭുത ടച്ചുകള്‍ സ്ലാട്ടന് 37കാരന് തന്നെ ആണോ എന്ന സംശയങ്ങള്‍ ഉണ്ടാക്കും. ഒരു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ രണ്ടാംഗോള്‍. രണ്ടാം പകുതിയില്‍ ബോക്സിനു പുറത്തു നിന്നുള്ള ഒരു ഗ്രൗണ്ടറിലൂടെ തന്റെ ഹാട്രിക്കും സ്ലാട്ടന് തികച്ചു. സ്ലാട്ടന് ഇബ്രാഹിമോവിചിന്റെ എം എല്‍ എസിലെ രണ്ടാമത്തെ ഹാട്രിക്ക് നേട്ടമാണിത്.