X
    Categories: കായികം

ഏഷ്യ കപ്പ്;അവസരങ്ങള്‍ മുതലാക്കാനായില്ല; യുഎഇയോട് തോല്‍വി വഴങ്ങി ഇന്ത്യ

ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ 88-ാം മിനുറ്റില്‍ യു എ ഇ രണ്ടാം ഗോള്‍ നേടി. അലി ഹസന്റെ പാസില്‍ അലി അഹമ്മദ് പന്ത് അനായാസം ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.

എ എഫ് സി ഏഷ്യ കപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വിജയം ആവര്‍ത്തിച്ചില്ല. എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യയെ യു എ ഇ വീഴ്ത്തി. ഖല്‍ഫാന്‍ മുബാറക്കും(41), അലി അഹമ്മദും(88) ആണ് ഗോള്‍ നേടിയത്. എന്നാല്‍ മത്സരത്തില്‍ പൊരുതി കളിച്ച ഇന്ത്യക്ക് മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ പറ്റിയില്ല. പന്ത് കൈവശപ്പെടുത്തി കളിച്ച യുഎഇ വിജയം നേടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനുറ്റില്‍ സാല്‍മിന്റെ ലോംഗ് ബോള്‍ ഗുര്‍പ്രീത് തട്ടിത്തെറിപ്പിച്ചു. 12-ാം മിനുറ്റില്‍ ഛേത്രിയുടെ പാസില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഉതിര്‍ത്ത ഇടംങ്കാലന്‍ ഷോട്ട് ഗോളി സേവ് ചെയ്തു. ഛേത്രിയുടെ ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ ഒന്നും ലക്ഷ്യം കണ്ടില്ല. ആക്രമിച്ച് കളിച്ചതോടെ 41-ാം മിനുറ്റില്‍ യുഎഇ പന്ത് വലയില്‍ എത്തിച്ചു.അലി അഹമ്മദിന്റെ പാസില്‍ ഖല്‍ഫാന്‍ വലകുലുക്കി. അടുത്ത നിമിഷങ്ങളില്‍ സമനില നേടാനുള്ള അവസരവും ഇല്ലാതാക്കി ഇന്ത്യ. ഛേത്രിയുടെ ഫിനിഷിംഗിലെ പിഴവില്‍ പന്ത് ബാറിനെയുരുമി കടന്നുപോയി. ഇതോടെ ഇന്ത്യ ലീഡ് വഴങ്ങി ആദ്യ പകുതിക്ക് പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലും  ഇന്ത്യ ആക്രമണത്തില്‍ പിന്നിലായിരുന്നില്ല. അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ടും ബോള്‍ പൊസിഷനിംഗ് കൊണ്ടും കഴിഞ്ഞ മത്സരം ഓര്‍മ്മിപ്പിച്ച ഇന്ത്യക്ക് ഗോളവസരങ്ങള്‍ ഉണ്ടായി. പകരക്കാരനായി എത്തിയ ജെജെയുടെ ഹാഫ് വോളി ക്രോസ് ബാറിന് അല്‍പം വെളിയിലായി പ്രതീക്ഷ അകന്നു. 51-ാം മിനുറ്റില്‍ മലയാളി താരം ആഷിഖിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 55-ാം മിനുറ്റില്‍ ഗോലെന്നുറച്ച ഉദാന്ദയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തെറിച്ചു. 58-ാം മിനുറ്റില്‍ 23 വാര അകലെ നിന്ന് ലഭിച്ച ഫ്രീകിക്ക് ഛേത്രി ബാറിനു മുകളിലൂടെ പറത്തി. 70-ാം മിനുറ്റില്‍ അനിരുദ്ധ് ഥാപ്പയെ വലിച്ച് റൗളിംഹ് ബോര്‍ജസിനെയിറക്കി. നന്നായി കളിച്ച ഉദാന്ദ സിംഗിന് പകരം ജാക്കിചന്ദ് സിംഗും മൈതാനത്തിറങ്ങി. എന്നാല്‍ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ ഫലം കാണാതെ വന്നപ്പോള്‍ 88-ാം മിനുറ്റില്‍ യു എ ഇ രണ്ടാം ഗോള്‍ നേടി. അലി ഹസന്റെ പാസില്‍ അലി അഹമ്മദ് പന്ത് അനായാസം ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു.

 

 

This post was last modified on January 11, 2019 6:22 am