X
    Categories: കായികം

നാളെ കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിറങ്ങും: പ്രളയക്കെടുതിയില്‍ രക്ഷകരായവരോട് നന്ദി അറിയിച്ച് പ്രത്യേക ജഴ്‌സിയില്‍

സീസണിന്റെ തുടക്കത്തില്‍ പ്രളയ ദുരിതം നേരിട്ടപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികള്‍ക്ക് ആദ്യ ടിക്കറ്റ് കൈമാറിയാണ് ബ്ലാസ്‌റ്റേഴ്‌സ് 2018 സീസണിന് തുടക്കമിട്ടത്

കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ രക്ഷകരായെത്തിയ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി അറിയിക്കാന്‍ നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു സ്‌പെഷ്യല്‍ ജഴ്‌സിയില്‍. പ്രളയം നാശം വിതച്ചപ്പോള്‍ സ്വന്തം ജീവന്‍ പണയം വെച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായി മുന്നിട്ടിറങ്ങിയ മത്സ്യതൊഴിലാളികളെയും മറ്റ് രക്ഷാസേനകളെയും ജഴ്‌സി ഡിസൈനില്‍ കൊണ്ടുവന്നാണ് കേരളത്തിന്റെ ടീം രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്നത്. ക്ലബ് ഔദ്യോഗിക പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാളെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ താരങ്ങള്‍ പുതിയ ജഴ്‌സിയിലെത്തുമെന്നും പ്രളയം നാശം വിതച്ചപ്പോള്‍ രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളോടുള്ള ആദരവാണിതെന്നും മലയാളത്തിന്റെ സൂപ്പര്‍ താരവും ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറുമായ മോഹന്‍ലാല്‍ വീഡിയോയിലൂടെ അറിയിക്കുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വീഡിയോ പുറത്ത് വിട്ടത്തോടെ നിരവധി പേരാണ് ലൈക്കുകളും ഷെയറകളും നല്‍കി പിന്തുണ അറിയിച്ചത്. മത്സര വേദിയില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും. പ്രളയക്കെടുതിക്ക് ശേഷം നടക്കുന്ന ഐഎസ്എല്‍ മത്സരത്തില്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവാണിത്. മഞ്ഞ നിറത്തിലുള്ള ജഴ്‌സിയില്‍ പുതിയതായി ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ ജഴസിയാണ് താരങ്ങള്‍ ധരിക്കുന്നത്.

നേരത്തെ സീസണിന്റെ തുടക്കത്തില്‍ പ്രളയ ദുരിതം നേരിട്ടപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികള്‍ക്ക് ആദ്യ ടിക്കറ്റ് കൈമാറിയാണ് ബ്ലാസ്‌റ്റേഴ്‌സ് 2018 സീസണിന് തുടക്കമിട്ടത്. കലൂര്‍ രാജേന്ദ്ര മൈതാനത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയാണ് ടിക്കറ്റുകള്‍ കൈമാറിയത്. കൊച്ചിയില്‍ നാളെ നടക്കുന്ന മത്സരങ്ങള്‍ക്ക് മത്സ്യതൊഴിലാളികള്‍ക്ക് പുറമെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ നിന്ന കൂടുതല്‍ പേരെ ആദരിക്കുമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരേനി അറിയിച്ചിരുന്നു. മുംബൈ എഫ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നാളത്തെ മത്സരം.

Related Post
Leave a Comment