X
    Categories: കായികം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ വിജയ കുതിപ്പിന് ബ്രേക്കിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

പരാജയപ്പെട്ടെങ്കിലും പോയിന്റില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 50 പോയന്റും ലിവര്‍പൂളിന് 54 പോയന്റുമാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 20 കളികളില്‍ തോല്‍വി അറിയാതെ മുന്നേറിയ ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ നടന്ന പോരാട്ടത്തിലായിരുന്നു ലിവര്‍പൂള്‍ ലീഗില്‍ ആദ്യ തോല്‍വി വഴങ്ങിയത്. കളിയില്‍ തിടുക്കത്തില്‍ കൂടുതല്‍ താളം കണ്ടെത്തിയത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു. എന്നാല്‍ കളിയിലെ മികച്ച അവസരം ആദ്യം ലഭിച്ചത് ലിവര്‍പൂളിനും. ലിവര്‍പൂളിന്റെ മാനെയുടെ ഷോട്ട് പോസ്റ്റിന് തട്ടി മടങ്ങുകയും സ്റ്റോണ്‍സിന്റെ ഗോള്‍ ലെയ്ന്‍ ക്ലിയറന്‍സും മത്സരം ലീവര്‍പൂളിന് അനുകൂലമല്ലെന്ന സൂചന ആയിരുന്നു.

കളിയുടെ 40ാം മിനുട്ടില്‍ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിയെ മുന്നില്‍ എത്തിച്ചു. വളരെ വിഷമമുള്ള ആങ്കിളില്‍ നിന്ന് തന്റെ ഷോട്ടിന്റെ പവര്‍ കൊണ്ട് അലിസണെ അഗ്വേറോ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം പകുതിയില്‍ ഫോര്‍മേഷനില്‍ ചെറിയ മാറ്റം വരുത്തിയ ലിവര്‍പൂള്‍ തിരിച്ചു വന്നു.  64ാം മിനുട്ടില്‍ സമനില കണ്ടെത്താനും ലിവര്‍പൂളിനായി. ഫര്‍നീനോയുടെ ഫിനിഷിലൂടെ ആയിരുന്നു ലിവര്‍പൂളിന്റെ സമനില. എന്നാല്‍ എട്ടു മിനുട്ടുകള്‍ക്കകം ലെറോയ് സെയ്ന്‍ സിറ്റിയുടെ വിജയ ഗോള്‍ നേടി. പരാജയപ്പെട്ടെങ്കിലും പോയിന്റില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 50 പോയന്റും ലിവര്‍പൂളിന് 54 പോയന്റുമാണ്.

Related Post
Leave a Comment