ഇതുപത് പ്രാവശ്യം പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറിന്റെ മേല്‍നോട്ടത്തില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നു. ഈ സീസസണില്‍ ആദ്യ നാല് സ്ഥാനക്കാരില്‍ ഇടം കണ്ടെത്താന്‍ ലക്ഷ്യം വെയ്ക്കുമ്പോഴും അടുത്ത സീസണിലേക്കുള്ള തന്ത്രങ്ങളും ഒരുക്കുകയാണ് യുണൈറ്റഡ് ക്യാമ്പ്. മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ പരിശീലകനായ സോള്‍ഷ്യര്‍ സജീവ നീക്കങ്ങള്‍ നടത്തുന്നതായാണ് റിപോര്‍ട്ടുകള്‍. അക്കൂട്ടത്തില്‍ മുന്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും സോള്‍ഷ്യര്‍ സൂചന നല്‍കുന്നു.
യുണൈറ്റഡില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നെങ്കില്‍ ക്ലബിന്റെ ആക്രമണ നിര ശക്തമാകുമെന്നാണ് ഇഎസ്പിഎന് നല്‍കിയ അഭിമുഖത്തില്‍ സോള്‍ഷ്യര്‍ പറഞ്ഞത്. റൊണാള്‍ഡോയ്ക്ക് യുണൈറ്റഡിലേക്ക് മടങ്ങാന്‍ താല്പര്യം ഉണ്ടെങ്കില്‍ അതാകാം എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രത്യേക പൊസിഷനുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയല്ല എന്നും പക്ഷെ മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന സൂചനയും സോള്‍ഷ്യര്‍ നല്‍കി.മെസ്സിയോ റൊണാള്‍ഡോയോ താല്പര്യം കാണിച്ചാല്‍ അവരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിക്കുമെന്നും സോള്‍ഷ്യര്‍ പറഞ്ഞു.
2003 മുതല്‍ 2009വരെയാണ് യുണൈറ്റഡിനുവേണ്ടി റൊണാള്‍ഡോ കളിച്ചത്. അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ തകര്‍ത്തുകളിച്ച റൊണാള്‍ഡോ 196 മത്സരത്തില്‍ നിന്ന് 84 ഗോളും ക്ലബ്ബിനുവേണ്ടി നേടി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ഫുട്ബോള്‍ ലീഗ് കപ്പും ഒരു തവണ വീതം ചാമ്പ്യന്‍സ് ലീഗും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും എഫ്.എ കപ്പും റൊണാള്‍ഡോ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റൊണാള്‍ഡോയെ ടീമിലെത്തിച്ച് മുന്‍നിരയുടെ കരുത്തുയര്‍ത്തുകയാണ് യുണൈറ്റഡിന്റെ ലക്ഷ്യം. ജോസ് മൗറീഞ്ഞോയ്ക്ക് പകരം താല്‍ക്കാലികമായെത്തിയ സോള്‍ഷ്യറിന് കീഴില്‍ നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നത്. പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന ക്ലബ്ബിനെ ആദ്യ നാലിലേക്കുയര്‍ത്താന്‍ സോള്‍ഷെയറിന് സാധിച്ചത് വലിയ നേട്ടം തന്നെയാണ്.
റോമലു ലുക്കാക്കുവും റാഷ്ഫോര്‍ഡും മാറ്റയുമെല്ലാം അണിനിരക്കുന്ന ടീമിനെ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കെത്തിക്കാന്‍ ക്ലബ്ബ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് വിവരം. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ റയലിലേക്ക് കൂടുമാറാന്‍ സാധ്യതകളേറെയാണ്. ഇത് മുന്നില്‍ക്കണ്ടാണ് സോള്‍ഷെയറിന്റെ പുതിയ നീക്കം. യുണൈറ്റഡ് താരവുമായി കരാര്‍ പുതുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന നിലപാടാണ് പോഗ്ബ സ്വീകരിച്ചത്. ഇതോടെ പോഗ്ബയെ വലിയ തുകയ്ക്ക് കൈമാറി അത് ഉപയോഗിച്ച് റൊണാള്‍ഡോയെ മടക്കിക്കൊണ്ടുവരാനാകും സോള്‍ഷെയറിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ക്രിസ്റ്റിയാനോ ക്ലബ്ബ് വിട്ടാല്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് ഉറപ്പാണ്.
Leave a Comment