X
    Categories: കായികം

ബഫണ്‍; ഫുട്‌ബോളിലെ സൂപ്പര്‍മാന്‍; ജിയാന്‍ലൂജി ബഫണിന്റെ മികച്ച സേവുകള്‍/ വീഡിയോ

2018 ലോകകപ്പിന് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായതോടെയാണ് ബഫണ്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്

2018 ലെ റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വലിയ ശൂന്യത എന്തായിരിക്കും? സംശയമില്ല അസൂറിപ്പടയുടെ ഗോള്‍വലയ്ക്കു മുന്നിലെ ആ മനുഷ്യന്‍ തന്നെയായിരിക്കും; ജിയാന്‍ലൂജി ബഫണ്‍. യോഗ്യത റൗണ്ടിലെ യൂറോപ്യന്‍ പ്ലേ ഓഫില്‍ ഇരുപാദങ്ങളിലുമായി സ്വീഡനോട് 1-0 നു കീഴടങ്ങിയതോടെ 60 വര്‍ഷത്തിനുശേഷം ആദ്യമായി ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തു പോകുന്നതോടെയാണ് ഫുട്‌ബോള്‍ ലോകത്തിന് സൂപ്പര്‍മാനെ നഷ്ടമാകുന്നത്. വലയിലേക്കു കുതിച്ചെത്തുന്ന പന്തിനെയെന്നപോലെ തന്റെ ശരീരത്തെ തളര്‍ത്താന്‍ അനുവദിക്കാതെ പ്രായത്തേയും കുത്തിയകത്തി കളഞ്ഞിരുന്ന ബഫണ്‍ ശരിക്കും ഒരു സൂപ്പര്‍മാന്‍ തന്നെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യം, കളക്കളത്തില്‍ നിന്നും കുനിഞ്ഞ ശിരസും നിറഞ്ഞ കണ്ണുമായി മടങ്ങാനായിരുന്നു ബഫണ് വിധി. എങ്കില്‍ പോലും ആ മടക്കത്തെ ആവേശത്തോടെയാണ് ലോകം നോക്കി കാണുന്നത്. പരാജയപ്പെട്ടവനോടെന്നപോലെയല്ല, അവസാനം വരെ പൊരുതി നിന്ന ധീരനായി തന്നെയാണ് ബഫണെ ലോകം വാഴ്ത്തുന്നത്.

20 വര്‍ഷങ്ങള്‍ക്കു മുമ്പ്, മോസ്‌കോയില്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ റഷ്യയെ നേരിടുന്നതിന്റെ മധ്യത്തില്‍ അസൂറിപ്പടയെ അങ്കലാപ്പിലാക്കി ഗോളി ജിയാന്‍ ലൂക്ക പഗ്ലിയുക്ക പരിക്കേറ്റു പുറത്താകുമ്പോള്‍ പകരക്കാരനായി ഇറ്റലിയുടെ ഗോള്‍ വല കാക്കാന്‍ എത്തിയ 19 കാരന്‍ തന്റെ കൈയുറകള്‍ അഴിക്കുമ്പോള്‍ പിന്നീട്ട വര്‍ഷങ്ങളില്‍ കളിക്കളങ്ങളില്‍ അയാള്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് സമാനതകളില്ല. ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്നു തന്നെയായിരിക്കും ബഫണ് എന്നുമുള്ള വിശേഷണം. പക്ഷേ, ഒരിക്കല്‍ കൂടി ആ മാസ്മരിക പ്രകടനത്തിന് ലോകത്തെ സാക്ഷിയാക്കി നിര്‍ത്തിയിട്ട് മടങ്ങാമെന്ന മോഹം മാത്രം ബാക്കി…എങ്കിലും ഈ കാഴ്ചകളൊക്കെ എന്നുമുണ്ടല്ലോ, ബഫണ്‍ നിങ്ങള്‍ ഫുട്‌ബോള്‍ മൈതാനത്തെ സൂപ്പര്‍മാന്‍ ആയിരുന്നുവെന്ന് ഉറപ്പിക്കാന്‍…

ജിയാന്‍ലൂജി ബഫണിന്റെ മികച്ച സേവുകള്‍/ വീഡിയോ കാണാം