X

“അടുത്ത കളിക്ക് മുമ്പ് അവന്മാരെ എനിക്കൊന്ന് കാണണം” അര്‍ജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി മറഡോണ

1986ല്‍ തന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ക്കൊപ്പം കളിക്കാരെ കാണാനാണ് മറഡോണ താല്‍പര്യപ്പെടുന്നത്. കോച്ച് ഹോര്‍ഗെ സാം പോളിയെ കണ്ട് സംസാരിക്കണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പായി അര്‍ജന്റീന കളിക്കാരെ കണ്ട് തനിക്ക് സംസാരിക്കണമെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. ഐസ് ലാന്റിനെതിരായ ആദ്യ മത്സരം സമനിലയില്‍ പിരിയുകയും ക്രൊയേഷ്യയുമായുള്ള രണ്ടാം മത്സരത്തില്‍ തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇനി അര്‍ജന്റീനയുടെ രണ്ടാം റൗണ്ട് പ്രവേശന സാധ്യതകള്‍. നാളെ സെന്റ്പീറ്റേഴ്സ് ബര്‍ഗില്‍ നടക്കുന്ന കളിയില്‍ നൈജീരിയയ്‌ക്കെതിരായ ജയം അവര്‍ക്ക് അനിവാര്യമാണ്. അസ്വസ്ഥനായ മറഡോണ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 1986ല്‍ തന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗങ്ങള്‍ക്കൊപ്പം കളിക്കാരെ കാണാനാണ് മറഡോണ താല്‍പര്യപ്പെടുന്നത്. കോച്ച് ഹോര്‍ഗെ സാം പോളിയെ കണ്ട് സംസാരിക്കണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐസ് ലാന്റിനെതിരായ ആദ്യ മത്സരം സമനലയില്‍ ഒതുങ്ങിയപ്പോള്‍ തന്നെ സാം പോളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ രംഗത്തെത്തിയിരുന്നു. “ഇങ്ങനെയാണ് കളിയെങ്കില്‍ അര്‍ജന്റീനയിലേയ്ക്ക് തിരിച്ചുവരാമെന്ന് നിങ്ങള്‍ കരുതണ്ട” എന്നായിരുന്നു മറഡോണയുടെ രോഷത്തോടെയുള്ള മുന്നറിയിപ്പ്. സാം പോളിയുടെ രാജി ആവശ്യപ്പെട്ട് അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന വിധമാണ് ക്രൊയേഷ്യക്കെതിരായ മത്സര ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാം പോളിക്കെതിരെ ആഞ്ഞടിച്ചത്. 1986ലെ ഫൈനലില്‍ വിജയ ഗോള്‍ നേടിയ ഹോര്‍ഗെ ബുറുചാഗ പുതിയ കോച്ചായേക്കുമെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതെല്ലാം അഭ്യൂഹങ്ങളായി മാത്രം നില്‍ക്കുന്നു.

ഞാന്‍ വളരെ അസ്വസ്ഥരാണ്. അര്‍ജന്റീനയുടെ ഈ ജഴ്‌സി അണിഞ്ഞവര്‍ക്കൊന്നും തന്നെ ക്രൊയേഷ്യയോട് ഇത്തരത്തില്‍ തോല്‍ക്കുന്നത് കണ്ടിരിക്കാനാവില്ല. ജര്‍മ്മനിയോടോ ബ്രസീലിനോടോ സ്‌പെയിനിനോടോ, ഹോളണ്ടിനോടോ അല്ലല്ലോ ഈ തോല്‍വി. ഈ അവസ്ഥയ്ക്കുത്തരവാദി എഎഫ്എ പ്രസിഡന്റാണ്. ക്ലോഡിയോ ടാപിയ പരാജയമാണ് – വെനിസ്വേല ടിവി ചാനലായ ടെലിസുറിനോട് മറഡോണ പറഞ്ഞു.

അതേസമയം സാം പോളിയുമായി തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്നും യോജിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അത് തുറന്നടിക്കേണ്ടി വരുമെന്നും ഇത് ഞങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ കാപട്യക്കാരാകുമെന്നും മുതിര്‍ന്ന താരം ഹാവിയര്‍ മഷറാനോ പറഞ്ഞു. സാം പോളിയും കളിക്കാരും തമ്മില്‍ പ്രശ്‌നമുണ്ടെന്ന വാര്‍ത്തകളെ ഹാവിയര്‍ മഷറാനോയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടാപ്പിയ തള്ളിക്കളഞ്ഞിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 25, 2018 9:39 am