X
    Categories: കായികം

ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയോ? ഐപിഎലില്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തുമ്പോള്‍

അതേസമയം ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഋഷഭ് പന്ത് ഐപിഎലില്‍ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്.

ഐപിഎല്‍ ടൂര്‍ണമെന്റ് സമാപിച്ചതോടെ ഇന്ത്യന്‍ കളിക്കാരുടെ പ്രകടനങ്ങളുടെ വിലയിരുത്തലുകളും വന്നുതുടങ്ങി. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ചില കളിക്കാരെ ദേശീയ ടീമില്‍ നിന്നും ഒഴിവാക്കിയത് സംബന്ധിച്ചും മുന്‍താരങ്ങള്‍ അഭിപ്രായപ്രകടനം നടത്തുന്നുണ്ട്.

ഐപിഎലിലെ പ്രകടനങ്ങള്‍ കണക്കിലെടുത്താന്‍ ഇന്ത്യന്‍ ടീം ക്യപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ തുടങ്ങി നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഇടം നേടിയ വിജയ് ശങ്കറിന്റെ വരെ പ്രകടനങ്ങള്‍ നിരാശയാണ് നല്‍കുന്നത്.

ഐപിഎലില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലി നയിച്ച ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ കോഹ്ലി ഐപിഎല്ലില്‍ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 14 കളികളില്‍ ഒരു സെഞ്ചുറിയടക്കം 464 റണ്‍സ്. ക്യാപ്റ്റന്‍സിയിലെ താരത്തിന്റെ ബലഹീനതകളും ബാറ്റിംഗിലെ പിഴവുകളും വിദേശ താരങ്ങളുള്‍പ്പെടുന്ന സഹതാരങ്ങള്‍ക്ക് ഇതിനോടകം തന്നെ മനസിലാക്കിയിരിക്കണം. ലോകകപ്പ് മത്സരങ്ങളില്‍ ധോണിയുടെ സാനിധ്യമാണ് കോഹ്‌ലിക്ക് ഗുണം ചെയ്യുകയെന്നും വിദഗ്ധര്‍ പറയുന്നു.

ലോകകപ്പ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രൊഹിത് ശര്‍മ്മയുടെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊരു വിഷയം. ക്യാപ്റ്റനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിച്ചെങ്കിലും ബാറ്റിങ്ങില്‍ നിലവാരത്തിന് അനുസരിച്ച് ഉയരാന്‍ താരത്തിനായില്ല. 15 കളികളില്‍ 405 റണ്‍സാണ് രൊഹിതിന്റെ സമ്പാദ്യം. മത്സരങ്ങളില്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ താരം പരാജയപ്പെട്ടു. ഓഫ് സ്റ്റംപിനു പുറത്തു വരുന്ന പന്തുകള്‍ നേരിടാന്‍ രോഹിത് വിഷമിക്കുന്നു. ഐപിഎലില്‍ 16 കളികളില്‍ 521 റണ്‍സ് അടിച്ചു കൂട്ടിയ ശിഖര്‍ ധവാനാണ് ബാറ്റിംഗ് നിരയില്‍ മിന്നിയ മറ്റൊരു ഇന്ത്യന്‍ താരം. 20 ഓവര്‍ മത്സരങ്ങളിലെ ഈ മികവ് ഇംഗ്ലണ്ടിലെ ലോകകപ്പ് മത്സരങ്ങളിലും താരത്തിന് പുറത്തെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനത്തേക്കു തിരഞ്ഞെടുത്ത വിജയ് ശങ്കറും ആറാം നമ്പര്‍ ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവും തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ഐപിഎലില്‍ പുറത്തെടുത്തത്. ജാദവ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി 162 റണ്‍സും ശങ്കര്‍ സണ്‍റൈസേഴ്‌സിനു വേണ്ടി 244 റണ്‍സും മാത്രമാണ് സ്‌കോര്‍ ചെയ്തത്. ജാദവിനു പരുക്കേറ്റതും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുയര്‍ത്തുന്നു.

നാലാം നമ്പറില്‍ തിളങ്ങാന്‍ ശേഷിയുളള താരമാണ് താനെന്ന് കെ.എല്‍. രാഹുല്‍ തെളിയിച്ചിരിക്കുന്നു. ശങ്കറിനു പകരം ലോകകപ്പിന്റെ തുടക്കം മുതല്‍ രാഹുലിനെ പരീക്ഷിച്ചാലും അദ്ഭുതപ്പെടാനില്ല.

ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളായ കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് യുസ്വേന്ദ്ര ചാഹല്‍ സംഖ്യത്തിന്റെ പ്രകടനമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. 14 കളികളില്‍ 18 വിക്കറ്റ് വീഴ്ത്തിയ ചാഹല്‍ ആണ് ഇത്തവണയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മികച്ച ബോളര്‍, കൊല്‍ക്കത്തയ്ക്കു വേണ്ടി 9 കളികളില്‍ 4 വിക്കറ്റ്. കുല്‍ദീപിന്റെ പ്രകടനം നിരാശാജനകമായി.

അതേസമയം ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഋഷഭ് പന്ത് ഐപിഎലില്‍ മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍നിന്നും 37.53 റണ്‍സിന്റെ ശരാശരിയോടെ 488 റണ്‍സാണ് പന്ത് നേടിയത്. 162 ആണ് ബാറ്റിങ് സ്ട്രൈക്ക് റേറ്റ്. അതേസമയം, ചില അവസരങ്ങളില്‍ വിക്കറ്റ് കളഞ്ഞുകുളിക്കുന്നതും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയുമാണ് താരത്തിനേരെയുള്ള പ്രധാന വിമര്‍ശനം. ലോകകപ്പില്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് പന്ത്.