X
    Categories: കായികം

തുടക്കം റണ്ണൗട്ടില്‍, ഒടുക്കവും? ധോണിയുടെ ഏകദിന കരിയറിന്റെ അവസാനം ഇങ്ങനെയോ?

ഏകദിനത്തില്‍ ഇനി എത്രകാലം ധോണിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്

ലോകകപ്പില്‍ കിവീസിനെതിരായ മത്സരത്തില്‍ മഹേന്ദ്രേസിംഗ് ധോണി റണ്ണൗട്ടിലൂടെയാണ് പുറത്തായത്. എന്നാല്‍ ധോണിയുടെ പുറത്താകല്‍ ഇന്ത്യയെ തോല്‍വിയിലേക്ക് എത്തിച്ചെങ്കിലും നാടകീയമായ പുറത്താകലിന് ഏകദിന കരിയിറിലെ താരത്തിന്റെ ആദ്യ മത്സരത്തോട് ബന്ധിപ്പിക്കുകയാണ് ക്രിക്കറ്റ് ലോകം. ഏകദിനത്തിലെ ആദ്യ മത്സരത്തിലും താരം റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ഈ ലോകകപ്പോടെ ധോണി വിരമിക്കുമെന്ന ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കവെ ഒരു റണ്ണൗട്ടില്‍ തുടങ്ങി മറ്റൊരു റണ്ണൗട്ടില്‍ ധോണിയുടെ കരിയര്‍ അവസാനിക്കുമോ എന്നതാണ് കൌതുകകരമായ ചോദ്യം.

കിവീസിനെതിരായ മത്സരത്തില്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്‍ട്ടിന്‍ ഗുപ്ടില്‍ എറിഞ്ഞ ഒരു ത്രോ ധോണിയെ പുറത്താക്കിയത്. നാല്‍പത്തിയൊന്‍പതാം ഓവറിന്റെ മൂന്നാം പന്തിലാണ്‌ ധോണി റണ്ണൗട്ടായി മടങ്ങുന്നത്. ഒന്‍പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ധോണിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.

പതിനഞ്ച് കൊല്ലം മുന്‍പ് (2004 ഡിസംബര്‍ 23) കരിയറിലെ ആദ്യ ഏകദിനത്തില്‍ മറ്റൊരു റണ്ണൗട്ടിലാണ് താരം പുറത്തായത്. തപഷ് ബൈസ്യ എറിഞ്ഞ ത്രോ ബംഗ്ലാദേശ് കീപ്പര്‍ ഖാലിദ് മഷൂദ് ബെയ്‌ലെടുക്കുമ്പോള്‍ റണ്ണൊന്നുമെടുത്തിരുന്നില്ല ധോണി. ഒരൊറ്റ പന്ത് മാത്രം നേരിട്ട് പൂജ്യനായി മടങ്ങേണ്ടിവന്നു ധോണിക്ക്. പിന്നീട് 350 ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.

ഏകദിനത്തില്‍ ഇനി എത്രകാലം ധോണിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്. കീപ്പറെന്ന നിലയില്‍ ധോണി മികച്ച് നില്‍ക്കുന്നുവെങ്കിലും ബാറ്റിംഗില്‍ പിറകോട്ട് പോയി. സെമിയിലെ ഇന്നിങ്‌സ് ഒഴിച്ചുനിര്‍ത്തിയാല്‍ താരം ഒത്തിരി പഴി കേട്ടു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടി പ്രതീക്ഷ നല്‍കിയ ധോണിക്ക് ലോകകപ്പിലെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

Read More: ധോണി; ഇന്നയാൾ വെറും തുഴയൻ, ഒരു പിഴവിന് ഒമ്പത് പിഴവിന്റെ വിമർശനം ഏറ്റുവാങ്ങുന്നു