X
    Categories: കായികം

ശിഖര്‍ ധവാന് പരുക്ക്; ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു

നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യക്കൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന് കൈവിരലില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ടീമിനൊപ്പം ചേരാനായി ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍ മാത്രമെ പകരക്കാരനായി പന്തിന്റെ പേര് പ്രഖ്യാപിക്കൂ എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പരിക്കേറ്റ ധവാന്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മൂന്നാഴ്ചയാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്. പരിക്ക് ഭേദമാവാവാന്‍ ധവാന് കൂടുതല്‍ സമയം നല്‍കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും നിലപാട്. ഏതാനും മത്സരങ്ങള്‍ നഷ്ടമായാലും ധവാന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനാവുമോ എന്നാണ് ടീം മാനേജ്‌മെന്റ് നോക്കുന്നത്. ഭേദമായില്ലെങ്കില്‍ മാത്രം പകരക്കാരനായി ഋഷഭ് പന്തിന്റെ പേര് ഐസിസിയുടെ അനുമതിക്കായി നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. നാളെ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.

നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.