X

ചിറക് വിടര്‍ത്തി ധവാന്‍; ഏകദിന പരമ്പരയും ഇന്ത്യക്ക്

ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധസെഞ്ച്വറി

ഓപ്പണര്‍ ശിഖാര്‍ ധവാന്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ലങ്ക 215 റണ്‍സ് നേടിയപ്പോള്‍ 32 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.100 റണ്‍സോടെ ധവാനും 26 റണ്‍സ് നേടി ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. ഏഴ് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 65 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ധനഞ്ജയ, പെരേര എന്നിവര്‍ ലങ്കയ്ക്കായി വിക്കറ്റുകള്‍ നേടി.

മൂന്നു മത്സരങ്ങളുള്ള പരമ്പര 2-1 ന് ആണ് ഇന്ത്യ നേടിയത്. ധരംശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്ക വിജയിച്ചപ്പോള്‍ മൊഹാലിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരിയറിലെ മൂന്നാം ഏകദിന ഇരട്ട സെഞ്ച്വറിയുടെ ബലത്തിലും ഇപ്പോള്‍ വിശാഖപട്ടണത്ത് നടന്ന മത്സരത്തിലും വിജയങ്ങള്‍ സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ എട്ടാമത് ദ്വിരാഷ്ട്ര പരമ്പര വിജയമാണ് വിസാഗില്‍ ഇന്ത്യ സ്വന്തമാക്കിയത്. 2000ല്‍ ഓസ്‌ട്രേലിയയും 1980 ല്‍ വെസ്റ്റിന്‍ഡീസുമാണ് തുടര്‍ച്ചയായി ഇത്രയും പരമ്പര വിജയം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.

കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചിടത്തു നിന്നാണ് 215 എന്ന താരതമ്യേന കുറഞ്ഞ സ്‌കോറിലേക്ക് ലങ്ക തകര്‍ന്നു വീണത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഓപ്പണര്‍ തരംഗയെ 95 ല്‍ വച്ച് മിന്നുന്നൊരു സ്റ്റംപിംഗിലൂടെ ധോണി മടക്കിയതോടെയാണ് ലങ്കയുടെ കിതപ്പ് തുടങ്ങിയത്. പിന്നീട് ലങ്കന്‍ നിരയില്‍ ഏന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് 42 റണ്‍സ് നേടിയ സമരവിക്രമയ്ക്ക് മാത്രമാണ്.

ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ വീഴ്ത്തിയത്. കുല്‍ദീപ് യാദവും ചഹലും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. പാണ്ഡ്യ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഭുവനേശ്വരും ബുംമ്രയും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. ശിഖാര്‍ ധവാനാണ് പരമ്പരയിലെ താരം.

This post was last modified on December 17, 2017 8:25 pm