X

ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി : റഫറിയിങ്ങിനെ പഴിച്ച് ഡേവിഡ് ജെയിംസ്, മോശം പ്രതിരോധമാണ് തോൽവിക്ക് കാരണമെന്ന് ഐ എം വിജയൻ

ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്.

തുടര്‍ച്ചയായ നാല് സമനിലകള്‍ക്കൊടുവില്‍ സ്വന്തം തട്ടകത്തില്‍ ബെംഗളുരു എഫ്‌സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ അസംതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ എം വിജയൻ. ബെംഗളൂരു എഫ്‌സിയുമായി ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് തോറ്റിരുന്നു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ തോല്‍വിയാണിത്.

ആറ് മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് തുറന്നടിച്ച വിജയന്‍ വ്യക്തമായ ഗെയിം പ്ലാന്‍ പോലുമില്ലെന്നും പറഞ്ഞു. പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരേ ടീമിന്റെ പ്രകടനത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിജയന്റെ പരാമര്‍ശം.

അതെ സമയം ബംഗളൂരു എഫ്സിയോടുള്ള തോല്‍വിയുടെ പ്രധാന കാരണം റഫറിയിങ്ങിലെ പോരായ്മകളാണെന്ന് കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി. മത്സരത്തില്‍ ബംഗളൂരു എഫ് സിയുടെ ആദ്യ ഗോള്‍ ഓഫ്സൈഡ് ആയിരുന്നു എങ്കിലും റഫറി വിളിച്ചിരുന്നില്ല. ഇതാണ് ജയിംസിനെ പ്രകോപിപ്പിച്ചത്.‘തോല്‍വിയുടെ കാരണം ഒരു വ്യക്തിയുടെ കുറവായി കാണാന്‍ വയ്യ. ലീഗിന്റെയും പ്രശ്നമാണ്. ലീഗില്‍ വാര്‍ സിസ്റ്റം ഏര്‍പ്പാടക്കണം. ഒരു തെറ്റായ തീരുമാനത്തോടെ ആ കളി തുടങ്ങുക എന്നത് സങ്കടകരമാണ്’ ജയിംസ് പറഞ്ഞു.

ഇന്നലെ ബാംഗ്ലൂർ എഫ് സിക്കെതിരായ മത്സരത്തിൽ ആക്രമണാത്മക ഫുട്‌ബോളിനാല്‍ കളം നിറഞ്ഞു കളിച്ചിട്ടും പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്കിടയാക്കിയത്. ആറു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ആറാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. അഞ്ചു മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ബെംഗളുരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ച എഫ്‌സി ഗോവയ്‌ക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.