X

ആ ചോദ്യമാണ് ലീമാനെ രക്ഷിച്ചത്

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കാണ് ശിക്ഷ

ദക്ഷിണാഫ്രിക്കയുമായി നടന്ന ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ മുന്‍ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായ സ്മിത്ത്, വാര്‍ണര്‍, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കു മാത്രമാണ് പങ്ക് എന്നും പരിശീലകന്‍ ഡാരന്‍ ലീമാന് ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ജെയിംസ് സതര്‍ലാന്‍ഡ്. വാര്‍ത്തസമ്മേളനത്തിലാണ് സതര്‍ലാന്‍ഡ് ഓസീസ് പരിശീലകന്റെ നിരപരാധിത്വം വ്യക്തമാക്കിയത്.

ബാന്‍ക്രോഫ്റ്റ് പന്ത് ചുരുണ്ടുന്നതായി ടെലിവിഷന്‍ കാമറകള്‍ കണ്ടുപിടിച്ചതിനു പിന്നാലെ ലീമാന്‍ ടീമിലെ പന്ത്രണ്ടാമനായ ഹാന്‍സ്‌കോമ്പിന് സന്ദേശം അയക്കുന്നുണ്ട്. എന്ത് നാശമാണ്(നാശം എന്നതിനു പകരം മറ്റൊരു അശ്ലീലപദമാണ് ലീമാന്‍ ഉപയോഗിച്ചതെന്നാണ് പറയുന്നത്) ഈ നടക്കുന്നത്? എന്നായിരുന്നു ലീമാന്റെ ചോദ്യം. ഈ കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തത കിട്ടിയെന്നും ലീമാന് വിവാദസംഭവത്തില്‍ യാതൊരു പങ്കും ഇല്ലെന്നു തെളിഞ്ഞതായും ജോഹന്നാസ്ബര്‍ഗില്‍ ഓസീസ് ടീം താമസിക്കുന്ന ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സതര്‍ലാന്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു. ലീമാന് ഇക്ക്യാരത്തില്‍ എന്തെങ്കിലും പങ്കോ, ഇതിനെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അറിവോ ഇല്ലായിരുന്നു; ജെയിംസ് പറയുന്നു. അതേസമയം, ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം എന്തെങ്കിലും വേണം എന്നു രാജ്യം ആവശ്യപ്പെടുകയാണെങ്കില്‍ തങ്ങള്‍ അതിനു തയ്യാറാകുമെന്നും ജെയിംസ് സതര്‍ലാന്‍ഡ് പറഞ്ഞു.

വാര്‍ണറേയും സ്മിത്തിനേയും ബാന്‍ക്രോഫ്റ്റിനേയും താന്‍ ബന്ധപ്പെട്ടിരുന്നുവെന്നും മൂന്നുപേരും ദുഖിതരും പശ്ചാത്താപവിവശരും ആണെന്നു ജെയിംസ് പറഞ്ഞു.

സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് ക്രിക്കറ്റില്‍ നിന്നും വിലക്കിയിരിക്കുന്നത്. സ്മിത്തിനും വാര്‍ണര്‍ക്കും ഐപിഎല്‍ കളിക്കുന്നതിനും വിലക്കുണ്ട്.

 

This post was last modified on March 29, 2018 7:41 am