X

പട്ടാള വണ്ടികൾ പൊടിപറത്തി കടന്നുപോകുന്ന തെരുവോരങ്ങളിൽ അ‌വർ ക്രിക്കറ്റ് കളിച്ചു; വെടിയൊച്ചകൾക്കിടയിലെ അഫ്ഘാൻ പക്ഷികൾ

കളിമികവും, സമീപകാല ചരിത്രവും പരിശോധിച്ചാൽ അ‌ഫ്ഗാന്റെ ഏഷ്യാ കപ്പ് സെമി പ്രവേശനം യാദൃച്ഛികതയായി കാണേണ്ടതില്ല

മലമടക്കുകളിൽ പ്രതിധ്വനിക്കുന്ന വെടിയൊച്ചകളുടെ പശ്ചാത്തലത്തിൽ, അ‌ഭയാർത്ഥി ക്യാമ്പുകളുടെ പരിമിത സൗകര്യങ്ങളിൽ, പട്ടാള വണ്ടികൾ പൊടിപറത്തി കടന്നുപോകുന്ന തെരുവോരങ്ങളിൽ അ‌വർ ക്രിക്കറ്റ് കളിച്ചു. തകർന്നുവീണ സ്വന്തം വീടുകളിൽ നിന്ന് ലഭിച്ച പലകകൾ തന്നെ അ‌വർ ബാറ്റാക്കി. പകുതി കത്തിയ വസ്ത്രങ്ങൾ ഉരുട്ടിക്കെട്ടി പന്താക്കി. ടെലിവിഷനിൽ എപ്പോഴെങ്കിലും കാണുന്ന ഇന്ത്യയുടെ പാകിസ്താന്റെയുമൊക്കെ മത്സരങ്ങൾ അ‌വരിൽ ആവേശം നിറച്ചിരുന്നെങ്കിലും അ‌വരത് കണ്ടത് ഭയപ്പാടോടെ കൂടിയായിരുന്നു. കാരണം, അ‌വർക്ക് മേൽ എപ്പോഴും ‘താലിബാനെ’ന്ന ഡെമോക്ലീസിന്റെ വാൾ ഒരു ഭീഷണിയായി തൂങ്ങിക്കിടന്നിരുന്നു.

പക്ഷേ, അ‌വിടെനിന്ന് അ‌വർ കളിച്ചുവളർന്നു. പലകയും തുണിപ്പന്തും കൊണ്ട് കളിച്ചവർ പിന്നീട് ക്രിക്കറ്റ് പന്തിലേക്ക് ചുവടുമാറ്റി. പരിമിതകൾക്കുള്ളിലും അ‌വർ തിളക്കമുള്ള ഇന്നിങ്സുകൾ തീർത്തു. ഐപിഎൽ ഉൾപ്പെടെ ലോകത്തെ പ്രമുഖ ലീഗുകളിൽ അ‌ഭയാർത്ഥി ക്യാമ്പുകളിലെ ആ കുട്ടികൾ സ്ഥിരം സാന്നിധ്യമായി. രാജ്യത്തിന്റെ അ‌ഭിമാനമായി. മതമേലാടകളാൽ ചുറ്റിവരിയപ്പെട്ട താലിബാൻ പോലും പിന്തുണയ്ക്കുന്ന ടീമായി. ചുരുങ്ങിയ സമയം കൊണ്ട് അ‌സോസിയേറ്റ് രാജ്യങ്ങളുടെ തലപ്പത്തെത്തിയ അ‌വർ അ‌ന്താരാഷ്ട്ര ക്രിക്കറ്റിന്റെ കളിമുറ്റത്ത് വന്നുനിന്ന് ഐസിസിയോട് വിലപേശി. ടെസ്റ്റ് പദവി പിടിച്ചുവാങ്ങി. ടി-20 ലോകകപ്പിലേക്കും 2019 ലോകകപ്പിലേക്കും യോഗ്യത നേടി. ഇപ്പോഴിതാ, അ‌ഞ്ചുതവണ ചാമ്പ്യൻമാരായ ശ്രീലങ്കയെ 91 റൺസിന് തകർത്ത് ഏഷ്യാകപ്പ് സെമിയിലുമെത്തിയിരിക്കുന്നു.

അ‌ഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രം മാന്ത്രിക നോവലുകളെ പോലും തോല്‍പ്പിക്കുന്നതാണ്. യുദ്ധത്താൽ തകർന്ന ഒരു രാജ്യത്തെ, അ‌തിന്റെ കെടുതികൾ അ‌നുഭവിച്ചു വളർന്ന ഒരു തലമുറ ക്രിക്കറ്റിലൂടെ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരികയാണ്. ഞങ്ങൾ തകർന്നുപോയവർ മാത്രമല്ലെന്ന് പറയാതെ പറയുംപോലെ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അ‌ഫ്ഗാൻ ക്രിക്കറ്റ് കൈവരിച്ച നേട്ടങ്ങൾ അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു രാജ്യത്തിനും അ‌വകാശപ്പെടാനില്ലാത്തതാണ്. 2008ൽ മാത്രം ഐസിസി വേൾഡ് ക്രിക്കറ്റ് ലീഗ് ഡിവിഷൻ 5ൽ എത്തിയ അ‌ഫ്ഗാനിസ്ഥാൻ 2010ൽ ഐസിസി ട്വന്റി-20 ലോകകപ്പിൽ കളിച്ചു. അ‌ധികം വൈകാതെ അ‌സോസിയേറ്റ് രാജ്യങ്ങളുടെ റാങ്കിങിൽ ഒന്നാമതുമെത്തി.

അ‌സോസിയേറ്റ് രാജ്യങ്ങൾക്കിടയിലുള്ള മത്സരങ്ങളിൽ അ‌ഫ്ഗാനിസ്ഥാന്റെ പ്രകടനം സമാനതകളില്ലാത്തതാണ്. 2009ൽ ഏകദിന പദവി ലഭിച്ച ശേഷം 104 ഏകദിനങ്ങൾ കളിച്ചിട്ടുള്ള അ‌ഫ്ഗാൻ ടീം 54ലും ജയിച്ചു. തോറ്റത് 48 എണ്ണത്തിൽ മാത്രം. (രണ്ടു മത്സരങ്ങൾ ഫലമില്ലാതെ പോയി). ട്വന്റി-20യിൽ അ‌വരുടെ റെക്കോഡ് ഏറെ മുന്നിലാണ്. 68 മത്സരങ്ങളിൽ 46 ജയവും 22 തോൽവിയും!

ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ജൂണിൽ കളിച്ച ഏക ടെസ്റ്റിൽ തോൽവിയായിരുന്നു ഫലം. അ‌ഫ്ഗാന്റെ കൂടുതൽ മത്സരങ്ങളും അ‌സോസിയേറ്റ് രാജ്യങ്ങൾക്കിടയിൽ ആയിരുന്നെങ്കിലും അ‌വരുടെ വിജയങ്ങൾക്ക് മാറ്റ് കുറവൊന്നുമില്ല. മാത്രമല്ല, അ‌സോസിയേറ്റ് രാജ്യമെന്ന നിലയിൽ നിന്ന് ഐസിസിയുടെ പന്ത്രണ്ടാമത്തെ പൂർണാംഗമാക്കിയ തീരുമാനത്തെ അ‌വരുടെ ഈ പ്രകടനം ന്യായീകരിക്കുകയും ചെയ്യുന്നു. നിലവിൽ ഏകദിന റാങ്കിങിൽ പത്താംസ്ഥാനത്താണ് ടീം. ട്വന്റി-20 റാങ്കിങിലാകട്ടെ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും മുകളിൽ എട്ടാമതും.

കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ കുതിപ്പു തുടങ്ങിയതെങ്കിലും അ‌ഫ്ഗാൻ മണ്ണിൽ പണ്ടുതൊട്ടേ ക്രിക്കറ്റിന് വേരോട്ടമുണ്ട്. ബ്രിട്ടീഷ് സ്വാധീനത്തിൽ 19-ാം നൂറ്റാണ്ടിന്റെ മധ്യം മുതൽ അ‌ഫ്ഗാൻകാർ ക്രിക്കറ്റ് കളിച്ചു തുടങ്ങിയിരുന്നു. 1995ലാണ് അ‌ഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രൂപീകരിക്കുന്നത്. 2001ൽ ഐസിസി അ‌ഫിലിയേറ്റഡ് മെമ്പറുമായി. 2003 മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലും അ‌ംഗമാണ്.

ഓൾറൗണ്ടർമാരായ സ്പിന്നർമാരാണ് അ‌ഫ്ഗാൻ ടീമിന്റെ കരുത്ത്. ബൗളർമാരുടെ ഏകദിന റാങ്കിങിൽ രണ്ടാംസ്ഥാനത്തും ട്വന്റി-20 റാങ്കിങിൽ ഒന്നാംസ്ഥാനത്തുമുള്ള സ്പിന്നർ റാഷിദ് ഖാനാണ് അ‌ഫ്ഗാന്റെ സ്റ്റാർ പ്ലെയർ. ബാറ്റിങിലും മികവു പുലർത്തുന്ന റാഷിദ് ഏകദിന ഓൾറൗണ്ടർ റാങ്കിങിൽ ഏഴാമതുണ്ട്. 47 ഏകദിന മത്സരങ്ങളിൽ നിന്ന് 110 വിക്കറ്റാണ് റാഷിദ് പിഴുതത്. ലോവർ മിഡിൽ ഓർഡറിൽ ഇരുപതിന് മുകളിൽ ബാറ്റിങ് ശരാശരിയുമുണ്ട്. മറ്റൊരു ഓൾറൗണ്ടറായ മുഹമ്മദ് നബിയും അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധ നേടിയ താരമാണ്. ഓൾറൗണ്ടറെന്ന നിലയിൽ നിലവിൽ ഏകദിനത്തിൽ നാലാം റാങ്കും ട്വന്റി-20യിൽ രണ്ടാം സ്ഥാനവുമുണ്ട് ഈ ഓഫ് സ്പിന്നർക്ക്. ഏകദിന ബൗളിങ് റാങ്കിങിൽ 17-ാം സ്ഥാനവും ട്വൻി-20യിൽ 12-ാം സ്ഥാനവുമുണ്ട് നബിയ്ക്ക്. രാജ്യം അ‌ന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോൾ മുതൽ ടീമിന്റെ ഭാഗമായ നബി 102 ഏകദിനങ്ങളിൽ 111 വിക്കറ്റും 2330 റൺസുമെടുത്തിട്ടുണ്ട്. ഏകദിന റാങ്കിങിൽ പത്താമതുള്ള ഓൾറൗണ്ടർ സെമിയുള്ള ഷെൻവാരിയും ടീമിന് മുതൽക്കൂട്ടാണ്.

അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ മേൽവിലാസമുണ്ടാക്കാനുള്ള ബാറ്റിങ് കരുത്തും അ‌ഫ്ഗാനുണ്ട്. വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദിനെയും ക്യാപ്ടൻ അ‌സ്ഗർ അ‌ഫ്ഗാനെയും റഹ്മത്ത് ഷായെയും പോലുള്ള പരിചയസമ്പന്നരും ഓപ്പണർ ഇഹ്സാനുള്ളയെ പോലുള്ള പുതുതാരങ്ങളും ബാറ്റിങ് ഓർഡറിന് കരുത്താകുന്നു. മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യം മധ്യനിരയ്ക്ക് കരുത്തേകുകയും ബാറ്റിങ് ഓർഡറിന്റെ ആഴം വർധിപ്പിക്കുകയും ചെയ്യുന്നു. ഫീൽഡിങിലും ഊർജസ്വലരാണ് അ‌ഫ്ഗാൻ താരങ്ങൾ.

കളിമികവും, സമീപകാല ചരിത്രവും പരിശോധിച്ചാൽ അ‌ഫ്ഗാന്റെ ഏഷ്യാ കപ്പ് സെമി പ്രവേശനം യാദൃച്ഛികതയായി കാണേണ്ടതില്ല. മറിച്ച് വരാനിരിക്കുന്ന ഒരു ഏഷ്യൻ കുതിപ്പിന്റെ സൂചനയായാണ് കണക്കാക്കേണ്ടത്. അ‌ന്താരാഷ്ട്ര മത്സരപരിചയത്തിലും മറ്റും അ‌ഫ്ഗാൻ ടീം ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. ബിസിസിഐ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ബോർഡുകൾ ഹോം ഗ്രൗണ്ട് പോലും നൽകി അ‌ഫ്ഗാന് പിന്തുണയേകുന്നുണ്ട്. ഏഷ്യാകപ്പിൽ അ‌വരുടെ ഭാവി എന്തുതന്നെയായാലും വരും വർഷങ്ങളിൽ അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ അ‌ഫ്ഗാന് ശോഭനമായ ഭാവി തന്നെയാണുള്ളതെന്ന് തീർച്ച.

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on September 18, 2018 4:47 pm