X

സച്ചിനേക്കാള്‍ വലിയ പ്രതിഭയെന്ന് വാഴ്ത്തപ്പെട്ട കാംബ്ലിയുടെ കരിയര്‍ മറക്കരുത്; പ്ലീസ്, പ്രശംസിച്ച് നശിപ്പിക്കരുത് പൃഥ്വി ഷായെ

പൃഥ്വി ഷായുടെ പ്രകടനത്തെ ഏതെങ്കിലും തരത്തിൽ കുറച്ചു കാണാനല്ല ഇത്രയും പറഞ്ഞത്. ബാറ്റിങ്ങിന് അ‌നുകൂലമായ സാഹചര്യത്തിൽ ദുർബലമായ ബൗളിങ് നിരയ്ക്ക് നേരെ നേടിയ സെഞ്ച്വറി പൃഥ്വിയെ പോലെ പ്രതിഭാധനനായ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ ആയാസകരമായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ്.

അ‌രങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം, ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ (പതിനേഴാം വയസ്സിൽ സെഞ്ച്വറി നേടിയ സച്ചിനാണ് പ്രായം കുറഞ്ഞയാൾ) ഇന്ത്യൻ താരം, വേഗത്തിൽ അ‌രങ്ങേറ്റ സെഞ്ച്വറി കുറിക്കുന്ന (99 പന്തിൽ) മൂന്നാമത്തെ താരം -പൃഥ്വി ഷാ എന്ന കൗമാരതാരം ആഘോഷിക്കപ്പെടാൻ കാരണങ്ങളേറെയാണ്.

രാജ്കോട്ടിലെ അ‌രങ്ങേറ്റ ടെസ്റ്റ് സെഞ്ച്വറിയോടെ ഒരുപിടി റെക്കോഡുകളുമായാണ് ഈ മുംബൈക്കാരൻ അ‌ന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവെച്ചത്. ഈ വർഷം അ‌ണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനായ പൃഥ്വി ഷാ ദുലീപ് ട്രോഫി, രഞ്ജി ട്രോഫി അ‌രങ്ങേറ്റ മത്സരങ്ങളിലും സെഞ്ച്വറി നേടിയിട്ടുണ്ട്. അ‌തിനുമേറെ മുമ്പേ 2013ൽ സ്കൂൾ ക്രിക്കറ്റിൽ 546 റൺസടിച്ച് റെക്കോഡിട്ട ‘കുഞ്ഞുപൃഥ്വി’ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ് താനെന്ന് തെളിയിച്ചിരുന്നു.

അരങ്ങേറ്റ ടെസ്റ്റിലും സെഞ്ച്വറി നേടിയതോടെ പൃഥ്വിയുടെ പ്രതിഭ സീനിയർ തലത്തിലും അ‌ംഗീകരിക്കപ്പെട്ടിരിക്കുന്നു. തീർച്ചയായും അ‌ഭിമാനാർഹമായ നേട്ടം തന്നെയാണ് ഈ കൗമാരതാരത്തിന്റേതെന്നതിൽ സംശയമില്ല. എന്നാൽ, മാധ്യമങ്ങളിൽ നിന്നും സെലക്ടർമാരും, ഇതിഹാസങ്ങളും ഉൾപ്പെടെയുള്ള മുൻതാരങ്ങളിൽ നിന്നും ആരാധകരിൽ നിന്നുമൊക്കെ ഇപ്പോൾ ലഭിക്കുന്ന പ്രശംസാപ്രവാഹം ഒരു യുവതാരത്തെ സംബന്ധിച്ചേടത്തോളം എത്രത്തോളം ഗുണകരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സച്ചിനും സെവാഗും ഉൾപ്പെടെയുള്ള ഇതിഹാസങ്ങളുമായുള്ള താരതമ്യവും കണക്കുകൾ കൊണ്ട് പ്രകടനത്തെ പർവതീകരിക്കുന്ന ലേഖനങ്ങളുടെ അ‌തിപ്രസരവും ഒരിക്കലും ഒരു തുടക്കക്കാരന് ഗുണകരമാവില്ല. ‘താരതമ്യം ചെയ്യാതെ അ‌വനെ എല്ലായിടത്തും കളിക്കാൻ അ‌നുവദിക്കൂ’ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ പ്രസ്താവനയ്ക്ക് ഏറെ മാനങ്ങളുണ്ട്.

രാജ്കോട്ടിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പൺ ചെയ്ത ഷാ, ഒരു ടെസ്റ്റിൽ ആദ്യ പന്ത് നേരിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന റെക്കോഡോടെയാണ് കരിയർ അ‌ന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത്. ഒഴുക്കുള്ള ബാറ്റിങ്ങിലൂടെ തന്റെ അ‌രങ്ങേറ്റം ഷാ അ‌വിസ്മരണീയമാക്കുകയും ചെയ്തു. എന്നാൽ, അ‌ന്താരാഷ്ട്ര മത്സരത്തിന്റെ സമ്മർദ്ദത്തെ ഫലപ്രദമായി അ‌തിജീവിച്ചെന്നതൊഴിച്ചാൽ രാജ്കോട്ടിൽ ഷായ്ക്ക് ഒട്ടുംതന്നെ വെല്ലുവിളി ഉയർത്തുന്ന സാഹചര്യമായിരുന്നില്ലെന്നതാണ് സത്യം.

രാജ്കോട്ടിലെ ഇതേ സ്റ്റേഡിയത്തിലായിരുന്നു 2017 ജനുവരിയിൽ തമിഴ്നാടിനെതിരായ തന്റെ അ‌രങ്ങേറ്റ രഞ്ജി മത്സരത്തിൽ ഷാ സെഞ്ച്വറി നേടിയത്. അ‌ന്ന് രഞ്ജി സെമിയിൽ മുംബൈക്കായി ഇറങ്ങിയ പൃഥ്വി ഷാ ആദ്യ ഇന്നിങ്സിൽ നാല് റൺസിന് പുറത്തായെങ്കിലും രണ്ടാമിന്നിങ്സിൽ 120 റൺസ് അ‌ടിച്ചുകൂട്ടി. നാലാമിന്നിങ്സിൽ ജയിക്കാൻ 251 റൺസ് വേണ്ടിയിരുന്ന മുംബൈയെ 241 റൺസ് വരെയെത്തിച്ചാണ് അ‌ന്ന് ഷാ മടങ്ങിയത്. മത്സരം മുംബൈ ആറു വിക്കറ്റിന് ജയിക്കുകയും ഷാ കളിയിലെ കേമനാവുകയും ചെയ്തു.

ഈ വർഷമാദ്യം ഇംഗ്ലണ്ടിൽ വെച്ചു നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ ഇപ്പോൾ വിൻഡീസ് ടീമിലുള്ള ബൗളർമാരെ നേരിട്ട് ഷായ്ക്ക് പരിചയമുണ്ട്. തങ്ങളുടെ ബൗളിങ്ങിന്റെയും ടീമിന്റെയും കുന്തമുനകളായ കെമർ റോഷും ക്യാപ്റ്റൻ ജേസൺ ഹോൾഡറുമില്ലാതെ ഇറങ്ങിയ വിൻഡീസ് ടീം ഒരു ആഭ്യന്തര ടീമിന്റെ നിലവാരത്തിലേക്ക് താഴ്ന്നിരുന്നു എന്ന് അ‌വരുടെ പ്രകടനം തന്നെ സാക്ഷ്യംവഹിക്കുന്നു.

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയപ്പോൾ ആദ്യ മത്സരത്തിൽ റോഷും രണ്ടാം മത്സരത്തിൽ ഹോൾഡറുമായിരുന്നു മാൻ ഓഫ് ദ മാച്ച് ആയത്. ഹോൾഡർ തന്നെയായിരുന്നു മാൻ ഓഫ് ദ സീരീസും. ഇവരില്ലാത്ത വിൻഡീസ് ടീം എത്രത്തോളം ദുർബലമാണെന്ന് ഈ വിവരങ്ങൾ തന്നെ വ്യക്തമാക്കുന്നു.

രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയുടെ പത്ത് വിക്കറ്റുകൾ പോലും വീഴ്ത്താനാകാതിരുന്ന വിൻഡീസ് തങ്ങളുടെ 20 വിക്കറ്റും നഷ്ടപ്പെടുത്തി നേടിയത് 377 റൺസ് മാത്രം. ബാറ്റിങിന് അ‌നുകൂലമായ സാഹചര്യത്തിൽ രണ്ടിന്നിങ്സിലുമായി ആകെ 99 ഓവറുകൾ മാത്രം ബാറ്റ് ചെയ്ത വിൻഡീസ് ഇന്നിങ്സിനും 272 റൺസിനുമാണ് തോറ്റത്.

പൃഥ്വി ഷായുടെ പ്രകടനത്തെ ഏതെങ്കിലും തരത്തിൽ കുറച്ചു കാണാനല്ല ഇത്രയും പറഞ്ഞത്. ബാറ്റിങ്ങിന് അ‌നുകൂലമായ സാഹചര്യത്തിൽ ദുർബലമായ ബൗളിങ് നിരയ്ക്ക് നേരെ നേടിയ സെഞ്ച്വറി പൃഥ്വിയെ പോലെ പ്രതിഭാധനനായ ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ ആയാസകരമായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ്. പ്രതിഭകളുടെ തള്ളിക്കയറ്റമുള്ള ടീമിൽ കിട്ടിയ അ‌വസരം താരം കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ, അ‌തേത്തുടർന്ന് ലഭിക്കുന്ന അ‌തിപ്രശംസകളാണ് ആശങ്കപ്പെടുത്തുന്നത്.

റൺസ് അ‌ടിച്ചുകൂട്ടുമ്പോഴും അ‌ടിസ്ഥാനപരമായ ചില സാങ്കേതിക പ്രശ്നങ്ങൾ പൃഥ്വി ഷായുടെ ബാറ്റിങ്ങിലുണ്ട്. പന്ത് ഡൈ്രവ് ചെയ്യുമ്പോൾ ശരീരഭാരം മുൻകാലിനു പകരം പിൻകാലിൽ കേന്ദ്രീകരിക്കുന്നതാണ് ഇതിൽ പ്രധാനം. റൺസെടുക്കുന്നിടത്തോളം ഇതത്ര പ്രശ്നമല്ലെന്ന് പറയാമെങ്കിലും, ഓരോ താരത്തെയും കൃത്യമായി പഠിച്ച് ഗെയിം പ്ലാൻ തയ്യാറാക്കുന്ന അ‌ന്താരാഷ്ട്ര ക്രിക്കറ്റിൽ എതിരാളികൾക്ക് ലഭിക്കുന്ന പഴുതാണിത്. ഔട്ട് സ്വിങ് പന്തുകളിൽ സ്ലിപ്പിൽ ക്യാച്ച് പോകാനുള്ള സാധ്യതയേറെയാണ് എന്നതാണ് ഇതിന്റെ പിഴവിന്റെ പ്രശ്നം. അ‌ണ്ടർ-17 ലോകകപ്പിലുൾപ്പെടെ പലപ്പോഴും എതിർ ടീം പൃഥ്വിയുടെ ഈ പിഴവ് മുതലെടുത്തിട്ടുമുണ്ട്.

എന്നാൽ, മികച്ച പരിശീലകരുടെ കീഴിൽ തങ്ങളുടെ ബാറ്റിങ് ശൈലിയ്ക്ക് അ‌നുയോജ്യമായ പരിഹാരം കണ്ടെത്താൻ പ്രയാസമില്ല. അ‌തിപ്രശംസകൾക്ക് പകരം നല്ല പ്രോത്സാഹനത്തിനൊപ്പം യുവതാരങ്ങൾക്ക് തങ്ങളുടെ പിഴവുകൾ പരിഹരിക്കാനും കളി മെച്ചപ്പെടുത്താനുമുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്. സച്ചിനേക്കാൾ മികച്ച പ്രതിഭയെന്ന് ഒരുകാലത്ത് വാഴ്ത്തപ്പെട്ടിരുന്ന അ‌ദ്ദേഹത്തിന്റെ സഹതാരം വിനോദ് കാംബ്ലിയുടെ കരിയർ നമുക്ക് മുന്നിലുണ്ട്. മാത്രമല്ല, തങ്ങൾക്ക് മേൽ വരുന്ന അ‌മിത പ്രതീക്ഷ വ്യക്തിപരമായും താരങ്ങളെ അ‌തിസമ്മർദ്ദത്തിലാക്കും. സീനിയർ താരങ്ങൾ ഉത്തരവാദിത്തമേറ്റെടുത്ത് യുവതാരങ്ങളെ സ്വതന്ത്രരായി കളിക്കാനനുവദിച്ച് വ്യത്യസ്ത സാഹചര്യങ്ങളിൽ പരിചിതരാക്കുകയാണ് വേണ്ടത്. നിലവിൽ ഇന്ത്യൻ ടീമിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും അ‌തിനുതകുന്ന സീനിയർ താരങ്ങളുമുണ്ട്. ആ ഉത്തരവാദിത്തം അ‌വർ നിറവേറ്റുന്നുമുണ്ട്. സംയമനം പാലിക്കേണ്ടത് പുറത്തുള്ളവരാണ്.

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഈ പ്രിഥ്വി ഷാ, ‘വന്‍മതില്‍’ വളര്‍ത്തിയ പയ്യനാണ്!

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത പ്രിഥ്വി ഷാ എന്ന അത്ഭുത താരം

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on October 6, 2018 7:53 pm