X

നമ്മള്‍ തുല്യര്‍; ജപ്പാന്‍-സെനഗല്‍ മത്സരം സമനിലയില്‍ അവസാനിച്ചു

ജപ്പാന്‍-2, സെനഗല്‍-2

എകാതെറിൻബർഗില്‍ രണ്ടു അട്ടിമറിക്കാരുടെ പോരാട്ടം എന്ന നിലയില്‍ ഫുട്ബോള്‍ പ്രേമികള്‍ ഏറെ കൌതുകത്തോടെയാണ് ജപ്പാന്റെയും സെനഗലിന്റെയും പോരാട്ടത്തെ കണ്ടത്. തുല്യ ശക്തികളുടെ പോരാട്ടം. ആര് ജയിച്ചാലും അത് അര്‍ഹിച്ചത്.

ആദ്യ പകുതിയില്‍ സെനഗലിന്റെ കയ്യിലായിരുന്നു കളിയുടെ നിയന്ത്രണം എങ്കിലും മികച്ച ചെറുത്തു നില്‍പ്പാണ് ജപ്പാന്‍ നടത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ സാദിയെ മാനെയിലൂടെ സെനഗൽ മുന്നിലെത്തി. കളിയുടെ മുപ്പത്തി നാലാം മിനിട്ടില്‍ തകാഷി ഇനിയൂയിലൂടെ ജപ്പാന്‍ ഗോള്‍ മടക്കുന്നു. ആദ്യ പകുതി കഴിയുമ്പോള്‍ ജപ്പാന്‍ 1, സെനഗല്‍ 1.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ ജപ്പാന് അനുകൂലം. കളിയുടെ 51, 62, 66 മിനുട്ടുകളില്‍ ഒസാക്കയുടെ ശ്രമങ്ങള്‍ വലയില്‍ കയറാതെ പോകുന്നു. അറുപത്തിയാറാം മിനുട്ടില്‍ ബാറില്‍ തട്ടിയാണ് പന്ത് പുറത്തേക്ക് പോയത്. എന്നാല്‍ എഴുപതാം മിനുട്ടില്‍ നടത്തിയ മികച്ച മുന്നേറ്റം സെനഗലിനെ മുന്നിലെത്തിക്കുന്നു. മൂസ വാഗുവാണ് ഗോള്‍ നേടിയത്. സബാലിയയില്‍ നിന്നും ലഭിച്ച പന്ത് വലയിലാക്കാനുള്ള നിയാങ്ങിന്റെ ശ്രമം പാളുന്നു. മാര്‍ക്ക് ചെയ്യാതെ കയറിവന്ന മൂസാ വാഗു മികച്ച ഷോട്ടിലൂടെ പന്ത് വലയില്‍ എത്തിക്കുന്നു.

ഏത് നിമിഷവും ജപ്പാന്‍ ഗോള്‍ തിരിച്ചടിക്കുമെന്ന് തോന്നിച്ച നിമിഷങ്ങള്‍. അധിക സമയം കാത്തു നില്‍ക്കേണ്ടിവന്നില്ല. കളിയുടെ എഴുപത്തിയെട്ടാം മിനുട്ടില്‍ ഹോണ്ടയിലൂടെ ജപ്പാന്റെ സമനില ഗോള്‍ പിറന്നു. കഗാവയ്ക്ക് പകരക്കാരനായി ഇറങ്ങിയ കളിക്കാരനാണ് ഹോണ്ട. ജപ്പാന്‍-2, സെനഗല്‍-2

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 24, 2018 11:01 pm