X

റെസിലിംഗ് മത്സരത്തിന് മുമ്പ് സ്ത്രീകളുടെ അര്‍ദ്ധനഗ്ന പരസ്യം: സൗദി അധികൃതര്‍ മാപ്പു പറഞ്ഞു

വനിതാ റെസിലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി

റെസിലിംഗ് മത്സരത്തിന് മുന്നോടിയായി അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സൗദി കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ മാപ്പുപറഞ്ഞു. സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ശനിയാഴ്ച ഒരു ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ക്ഷമാപണം നടത്തിയത്. ‘ഗ്രേറ്റസ്റ്റ് റോയല്‍ റംപിള്‍’ എന്ന പേരില്‍ പ്രക്ഷേപണം ചെയ്ത റെസിലിംഗ് മത്സരം ഈ ചിത്രങ്ങള്‍ വന്നിരുന്ന സമയങ്ങളില്‍ താല്‍ക്കാലികമായി സതംഭിച്ചിരുന്നതായി പ്രേക്ഷകര്‍ പറയുന്നു.

സ്ത്രീകളുടെ അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതായി സ്‌പോര്‍ട്‌സ് അതോറിറ്റി സ്ഥിരീകരിച്ചു. വനിതാ റെസിലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. പുരുഷന്മാരുടെ സംരക്ഷണത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് മാത്രമേ പ്രദര്‍ശനം കാണാന്‍ അനുവാദം നല്‍കൂ.

നേരത്തേ, ഇറാനിയന്‍-അമേരിക്കന്‍ റെസിലിംഗ് താരങ്ങള്‍ ഇറാന്റെ ദേശീയ പതാക വീശി മത്സരത്തിനെത്തിയത് വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സൗദിയും ഇറാനും കാലങ്ങളായി ശത്രുതയിലാണ്. വിനോദ പരിപാടികള്‍ക്കെല്ലാം ശക്തമായ നിയന്ത്രണങ്ങളുള്ള സൗദി അറേബ്യ ഈയിടെയാണ് ചില ഇളവുകളൊക്കെ നല്‍കിത്തുടങ്ങിയത്.