X

ലങ്കാദഹനം :ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോൽവി ; ഏഷ്യാകപ്പിൽ നിന്ന് ശ്രീലങ്ക പുറത്ത്

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.

അഞ്ചു തവണ കിരീട ജേതാക്കളായിട്ടുള്ള ശ്രീലങ്ക ഏഷ്യാകപ്പിൽ നിന്നും പുറത്ത്. ഗ്രൂപ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ താരതമ്യേന ദുർബലരായ അഫ്ഘാനിസ്ഥാനോട്‌ 91 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറില്‍ 158 റണ്‍സിന് പുറത്തായി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.

അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ(0) നഷ്ടമായി. ആ ആഘാതത്തിൽ നിന്നും മുക്തമാകാൻ ലങ്കൻ പടയ്ക്കു പിന്നീട് കഴിഞ്ഞതുമില്ല. 36 റണ്‍സെടുത്ത ഉപുല്‍ തരംഗയും 23 റണ്‍സെടുത്ത ഡിസില്‍വയും ചേര്‍ന്ന് വിജയത്തിലേക്ക് ബാറ്റു വീശിയെങ്കിലും ഡിസില്‍വ റണ്ണൗട്ടായതോടെ ലങ്ക വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയതോടെ ലങ്കന്‍ ഇന്നിംഗ്സ് താളം തെറ്റി. റണ്‍നിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ കുശാല്‍ പേരേര(17), എയ്ഞ്ചലോ മാത്യൂസ്(22), ഷെഹ്സാന്‍ ജയസൂര്യ(14) എന്നിവരും പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷ അസ്തമിച്ചു. അഫ്ഗാനായി മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.വാലറ്റത്ത് തിസാര പേരേര(28) നടത്തിയ ചെറുത്തുനിൽപ്പ് ശ്രീലങ്കയെ വൻ നാണക്കേടിൽ നിന്നും കര കയറ്റി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ(72) നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ജയത്തോടെ ബംഗ്ലാദേശുമായുള്ള അവസാന മത്സരം കളിക്കും മുമ്പെ ഇരു ടീമുകളും സെമി ഉറപ്പിച്ചു. ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയിയാവും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍.

This post was last modified on September 18, 2018 12:09 pm