X
    Categories: കായികം

സുരേഷ് റെയ്ന ശസ്ത്രക്രിയക്ക് വിധേയനായി

ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്ക് വിധേയനായി. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞതായി ബിസിസിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ആംസ്റ്റര്‍ഡാമിലായിരുന്നു ശസ്ത്രക്രിയ.
റെയ്നയ്ക്ക് നാല് മുതല്‍ ആറ് വരെ ആഴ്ചയുടെ വിശ്രമം ആവശ്യമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. എച്ച്. വാന്‍ ഡെര്‍ ഹോവെന്‍ പറഞ്ഞു. ഇതോടെ ഈ ആഭ്യന്തര ക്രിക്കറ്റ് സീണിലെ നല്ലൊരു പങ്കും മുപ്പത്തിരണ്ടുകാരനായ റെയ്നയ്ക്ക് കളിക്കാനാവില്ല.

ഏതാനും മാസങ്ങളായി മുട്ടുവേദന അനുഭവിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ റെയ്ന മെയില്‍ ഐ.പി. എല്ലിനുശേഷം മത്സരരംഗത്ത് സജീവമായിരുന്നില്ല. 2018 ജൂലായില്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനമായിരുന്നു അവസാനം കളിച്ച അന്തര്‍ദേശീയ മത്സരം. 2010 ജൂലായിലായിരുന്നു അവസാന ടെസ്റ്റ് മത്സരം. ഇന്ത്യയ്ക്കുവേണ്ടി 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടിട്വന്റിയും കളിച്ച താരമാണ് റെയ്ന. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ടെസ്റ്റില്‍ ഒരു സെഞ്ചുറി അടക്കം 768 ഉം ഏകദിനത്തില്‍ അഞ്ച് സെഞ്ചുറി അടക്കം 5615 റണ്‍സും നേടിയിട്ടുണ്ട്.