X
    Categories: കായികം

അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികരാധീനനായി ആന്‍ഡി മറെ

ഇടുപ്പെല്ലിലെ പരുക്കിന് മറ്റൊരു ശസ്ത്രക്രിയയെ കുറിച്ച് ചിന്തിക്കുകയാണെന്നും ടെന്നീസിലും ജീവിതത്തിലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.

അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന് ആന്‍ഡി മറെ. കരിയറിലെ അവസാന ടൂര്‍ണമെന്റാകും ഓസ്‌ട്രേലിയന്‍ ഓപ്പണെന്നാണ് ആന്‍ഡി മറെ പറഞ്ഞു. മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വളരെ വൈകാരികമായി ആണ് ആന്‍ഡി മറെ ഇക്കാര്യം പറഞ്ഞത്. വിമ്പിള്‍ഡണില്‍ പങ്കെടുത്ത് വിരമിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അത്രയും നാള്‍ മത്സരിക്കാനാകില്ലെന്നും മുന്‍ ഒന്നാം നമ്പര്‍ താരമായ ആന്‍ഡി മറെ പറഞ്ഞു. എഴുപത്തിയാറ് വര്‍ഷത്തിനു ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമാണ് ആന്‍ഡി മറെ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫെഡററെ പരാജയപ്പെടുത്തി സ്വര്‍ണം നേടിയിരുന്നു.

ഇടുപ്പിന് സംഭവിച്ച പരുക്കിനെ തുടര്‍ന്നാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആരാധകരെ നിരാശരാക്കി വിരമിക്കല്‍ അറിയിച്ചത്. തികച്ചും വൈകാരികമായാണ് മറെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം മാധ്യമങ്ങളെ അറിയിച്ചത്. മൂന്നു തവണ ഗ്രാന്‍ഡ്‌സലാം ജേതാവായിട്ടുള്ള താരം ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക 22 ാം നമ്പര്‍ താരം റോബര്‍ട്ടോ ബൗറ്റിസ്റ്റയെയാകും ആദ്യ റൗണ്ടില്‍ നേരിടുക. ടൂര്‍ണമെന്റില്‍ അഞ്ച് തവണ ഫൈനലില്‍ എത്തിയ താരമാണ് ആന്‍ഡി മറെ. വലത് ഇടുപ്പെല്ലിന് പരുക്കേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തിന് 2018 വര്‍ഷം 12 മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്.

ഇപ്പോള്‍ കളിക്കുന്ന രീതിയില്‍ കളിക്കാന്‍ തനിക്ക് താത്പര്യമില്ല. ഞാന്‍ പരിശ്രമിച്ചപ്പോഴെല്ലാം ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് അത് പ്രവൃത്തിയില്‍ വരുത്താന്‍ സാധിക്കുന്നില്ല. ഇടുപ്പെല്ലിലെ പരുക്കിന് മറ്റൊരു ശസ്ത്രക്രിയയെ കുറിച്ച് ചിന്തിക്കുകയാണെന്നും ടെന്നീസിലും ജീവിതത്തിലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.

Related Post
Leave a Comment