X

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു; നീന്തല്‍ ഇതിഹാസം മൈക്കില്‍ ഫെല്പ്‌സിന്റെ വെളിപ്പെടുത്തല്‍

ഒടുവില്‍ ഞാന്‍ എന്നന്നേക്കുമായി ഈ പ്രശ്‌നത്തില്‍ നിന്നും മോചിതനാകാന്‍ തീരുമാനിച്ചു

കായികലോകം അമ്പരപ്പോടെയാണ് ആ വെളിപ്പെടുത്തല്‍ കേട്ടത്. 23 തവണ ഒളിമ്പിക് സ്വര്‍ണം നേടിയ നീന്തല്‍ താരം മൈക്കില്‍ ഫെല്പ്‌സ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനം എടുത്തിരുന്നുവെന്ന്. ഓസ്‌ട്രേലിയന്‍ താരം തന്നെയാണ് ഇക്കാര്യം സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. 2012 ലെ ഒളിമ്പിക്‌സിനു പിന്നാലെ പിടികൂടിയ വിഷാദരോഗത്തോട് പൊരുതി നില്‍ക്കാനാവാതെയാണ് മരണത്തിലേക്ക് ഊളിയിടാന്‍ ഫെല്പ്‌സ് തീരുമാനിച്ചത്. ചിക്കാഗോയില്‍ സംഘടിപ്പിച്ച ഒരു മാനസികാരോഗ്യ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സ്വന്തം അനുഭവം ഫെല്പ്‌സ് തുറന്നു പറഞ്ഞത്. ഓരോ ഒളിമ്പിക്‌സ് കഴിയുമ്പോഴും വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ വീണു കൊണ്ടിരിക്കുകയായിരുന്നുവെന്നു ഫെല്പ്‌സ് പറയുന്നു.

2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലു സ്വര്‍ണം ഉള്‍പ്പെടെ ആറു മെഡലുകളാണ് നീന്തല്‍കുളത്തില്‍ നിന്നും ഫെല്പ്‌സ് സ്വന്തമാക്കിയത്. പക്ഷേ വിജായഹ്ലാദങ്ങളും ആരവങ്ങളുമെല്ലാമൊഴിഞ്ഞ് നാലു ദിവസമാണ് തന്റെ മുറിയില്‍ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഫെല്പ്‌സ് കഴിച്ചുകൂട്ടിയത്.

ഇനിയൊരിക്കലും നീന്താന്‍ ഞാന്‍ ആഗ്രഹിച്ചില്ല, ജീവിച്ചിരിക്കാന്‍ തന്നെ എനിക്ക് ആഗ്രഹമില്ലായിരുന്നു; ഫെല്പ്‌സ് പറയുന്നു.

വിഷാദരോഗത്തിന്റെ ലക്ഷണം താന്‍ ആദ്യം തിരിച്ചറിയുന്നത് തന്റെ ആദ്യ ഒളിമ്പിക്‌സ് സ്വര്‍ണം കരസ്ഥമാക്കിയതിനു പിന്നിലെയായിരുന്നുവെന്ന് ഫെല്പ്‌സ് പറയുന്നു. ഏഥന്‍സ് ഒളിമ്പിക്‌സില്‍ ആയിരുന്നു അത്. അന്ന് ഫെല്പ്‌സിനു പ്രായം 15 വയസ്. പ്രായം കൂടുംതോറും ആ വിഷാദവും വളര്‍ന്നുകൊണ്ടിരുന്നു. അവ പിന്നീട് ലഹരിയിലേക്കും മദ്യത്തിലേക്കും നീന്തല്‍ ഇതിഹാസത്തെ കൂട്ടിക്കൊണ്ടുപോയി. 2008 ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണത്തോടെ ലോക റെക്കോര്‍ഡ് ഇട്ടതിനു പിന്നാലെയാണ് മദ്യപിച്ച് വണ്ടിയോടിച്ചതിനു ഫില്പ്‌സിനെ പൊലീസ് പിടിക്കുന്നതും താരം പുകവലിച്ചു കൊണ്ടിരിക്കുന്ന ചിത്രം മാധ്യമങ്ങള്‍ ആഘോഷിക്കുന്നതും. ആ സമയത്തൊക്കെ എല്ലാദിവസവും ഞാനാ വിഷാദത്തില്‍ നിന്നും രക്ഷപ്പെട്ടുപോരാന്‍ മരുന്നു കഴിക്കുന്നുണ്ടായിരുന്നു; ഫില്പ്‌സ് പറയുന്നു.

ഒടുവില്‍ ഞാന്‍ എന്നന്നേക്കുമായി ഈ പ്രശ്‌നത്തില്‍ നിന്നും മോചിതനാകാന്‍ തീരുമാനിച്ചു. വിഷാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയിരുന്നു. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയം.

2016 ലെ റിയോ ഒളിമ്പിക്‌സോടെയാണ് മൈക്കില്‍ ഫെല്പ്‌സ് കായികജീവിതത്തില്‍ നിന്നും വിരമിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒളിമ്പിക്‌സ് മെഡലുകള്‍(28) സ്വന്തമാക്കിയ താരം എന്ന ഖ്യാതിയുമായിട്ടായിരുന്നു മൈക്കല്‍ ഫെല്പ്‌സ് വിടവാങ്ങിയത്.

വിഷാദത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയ മറ്റൊരു നീന്തല്‍ താരം കൂടിയുണ്ട്. സാക്ഷാല്‍ ഇയാന്‍ തോര്‍പ്പ്. 22 മെഡലുകള്‍ ഒളിമ്പിക് നീന്തല്‍ കുളങ്ങളില്‍ നിന്നും സ്വന്തമാക്കിയ താരം മറ്റൊരു ഓസ്‌ട്രേലിയന്‍ താരം. മെഡല്‍ വേട്ടയില്‍ ഫെല്പ്‌സ് തകര്‍ത്തത് തോര്‍പ്പിന്റെ റെക്കോര്‍ഡ് ആയിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് തോര്‍പ്പ് താന്‍ വിഷാദത്തിന് അടിപ്പെട്ടുപോയ കാര്യം വെളിപ്പെടുത്തുന്നത്.

 

This post was last modified on January 20, 2018 3:59 pm