ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനത്തെ ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ കിരീടം ചൂടിയത്. നീണ്ട കാത്തിരിപ്പിന് ശേഷം ലിവര്‍പൂളിന്റെ ഈ നേട്ടം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ് ആരാധകര്‍. എന്നാല്‍ ടോട്ടനം തോറ്റത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കാരണമെന്ന് പറഞ്ഞ് താരത്തെ ഒരു കൂട്ടര്‍ ട്രോളുകയാണ്. ടോട്ടന്നത്തിന്റെ തോല്‍വിക്ക് പിന്നില്‍ കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള്‍.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്‍പ് ടോട്ടന്നം നായകന്‍ ഹാരി കെയ്നിനെ കാണുകയും ചിത്രമെടുക്കുകയും ചെയ്തതാണ് കോഹ്‌ലി ട്രോളിന് ഇരയാകാന്‍ കാരണം. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഇതിന്റെ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2018 ഫുട്ബോള്‍ ലോകകപ്പിന്റെ സമയത്ത് ജര്‍മനി കിരീടം ചൂടുമെന്നാണ് കോഹ്‌ലി പ്രവചിച്ചത്. ലോകകപ്പില്‍ ജര്‍മനി ഫേവറിറ്റുകളായിരുന്നു എങ്കിലും ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. വിംബിള്‍ഡണിന്റെ സമയത്ത് ഫെഡറര്‍ക്കൊപ്പവും കോഹ്‌ലി എത്തി. വിംബിള്‍ഡണില്‍ ഫെഡറര്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു എങ്കിലും കോഹ്‌ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫെഡറര്‍ തോറ്റു. ഇപ്പോള്‍, ടോട്ടന്നത്തിന്റെ തോല്‍വിയോടെ ഒരിക്കല്‍ കൂടി കോഹ് ലിക്ക് നേരെ വിരല്‍ ചൂണ്ടുകയാണ് ആരാധകര്‍.
Leave a Comment