X
    Categories: കായികം

‘പുറത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ കേട്ടു, പക്ഷെ അങ്ങനെയല്ല’; തങ്ങളെ അപമാനിക്കരുതെന്ന് കോഹ്‌ലി

ലോകകപ്പില്‍ പരാജയത്തിന് ശേഷവും നിലവിലെ പരിശീലക സംഘം തന്നെ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനം സിഎസിയുടേതാണെന്നും വിരാട് പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന റിപോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് മത്സര ഫലങ്ങളെ ബാധിക്കേണ്ടതല്ലേയെന്നും കോഹ്‌ലി പറഞ്ഞു. നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ലുള്ള പ്രശ്നങ്ങളുണ്ടെന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍. ടീം അംഗങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പരിശീലകന്‍ രവി ശാസ്ത്രിയും തള്ളി. ടീമില്‍ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്ന് പറഞ്ഞ ഇരുവരും ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രതികരിച്ചു. വിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് വിരാട് കോഹ്‌ലിയുടെയും രവി ശാസ്ത്രിയുടെയും പ്രതികരണം.

”പുറത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടു. പക്ഷെ അങ്ങനെയല്ല. ടീമിലെ അന്തരീക്ഷം ശരിയല്ലെങ്കില്‍ ടീം ഇത്ര നന്നായി കളിക്കില്ല. ഏഴാം സ്ഥാനത്തു നിന്നുമാണ് ഒന്നാമത് എത്തിയത്. താരങ്ങള്‍ക്കിടയില്‍ നല്ല ബന്ധമില്ലെങ്കില്‍ ഇത് സാധിക്കില്ല” ”ഇത് അമ്പരപ്പിക്കുന്നതും അസംബന്ധവും അതുപോലെ തന്നെ അപമാനകരവുമാണ്. കളിയില്‍ നിന്നും ശ്രദ്ധമാറുകയാണ്. പുറത്തുള്ളവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞങ്ങള്‍ മുതിര്‍ന്ന കളിക്കാരാണ്. ഡ്രസ്സിങ് റൂമിനെ കുറിച്ച് ആളുകള്‍ നുണകളും ഭാവനകളും ഉണ്ടാക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കാകരമായ ഒന്നുമില്ല” കോഹ്‌ലി പറഞ്ഞു.

രോഹിത് ശര്‍മ്മയുമായി പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകളോട് കോഹ് ലിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ” ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കത് എന്റെ മുഖത്തു കാണാന്‍ കഴിയും. കോഹ്‌ലി ചോദിച്ചു. ഞങ്ങള്‍ കുല്‍ദീപ് യാദവിനോട് എങ്ങനെയാണ് സംസാരിക്കുന്നതെന്നും സീനിയര്‍ താരങ്ങളെ എങ്ങനെയാണ് ബഹുമാനിക്കുന്നതെന്നും കാണൂ എന്നും കോഹ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആളുകള്‍ നമ്മള്‍ എത്ര നന്നായി കളിച്ചെന്നാണ് പറയുന്നത്. പക്ഷെ നമ്മളിവിടെ നുണകള്‍ പ്രചരിക്കുകയും നെഗറ്റീവ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ്. ഇത് വല്ലാതെ കടന്നു പോയെന്ന് തോന്നുന്നു. ആളുകള്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടടിക്കുകയാണ്. ഡ്രസ്സിങ് റൂമില്‍ വന്നാല്‍ നിങ്ങള്‍ക്കു തന്നെ അവിടുത്തെ ആരോഗ്യകരമായ അന്തരീക്ഷം കാണാം. നുണകളെ വിശ്വസിപ്പിച്ചിരിക്കുകയാണ്” വിരാട് പറഞ്ഞു. ”ഞങ്ങള്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യയെ മുന്നിലെത്തിക്കാനാണ്. ഇവിടെ ചിലര്‍ അപ്പോള്‍ ടീമിനെ താഴേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ സൗഹൃദം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്നതാണ്” ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ പരാജയത്തിന് ശേഷവും നിലവിലെ പരിശീലക സംഘം തന്നെ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ തീരുമാനം സിഎസിയുടേതാണെന്നും വിരാട് പറഞ്ഞു. താനുമായി അവര്‍ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്നും വിരാട് പറഞ്ഞു.

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിക്കും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഇടയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് ദേശീയമാധ്യമങ്ങളടക്കം  റിപ്പോര്‍ട്ട് ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബി.സി.സി.ഐ ഇടപെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റും ബി.സി.സി.ഐയും ഇതെല്ലാം നിഷേധിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ച് ഭരത് അരുണും രംഗത്തെത്തിയിരുന്നു. അതിനിടെ ഇന്‍സ്റ്റാഗ്രാമില്‍ വിരാട് കോലിയേയും ഭാര്യ അനുഷ്‌ക ശര്‍മയേയും രോഹിത് അണ്‍ഫോളോ ചെയ്തതും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലം നല്‍കുന്നവയായിരുന്നു.

This post was last modified on July 30, 2019 10:31 am