X
    Categories: കായികം

ലോകകപ്പില്‍ സെമിയിലെത്തിയ ഇന്ത്യയ്ക്ക് ആശങ്ക; കോഹ്‌ലിക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമോ?

നേരത്തെ അഫ്ഗാനെതിരായ മത്സരത്തില്‍ അതിരുകടന്ന അപ്പീലിന്റെ പേരില്‍ കോഹ്‌ലിക്ക് മാച്ച്ഫീയുടെ 25 ശതമാനം പിഴ ലഭിച്ചിരുന്നു.

ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് സെമിയിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ വളരെ കടുത്തത് തന്നെയാകും ഇന്ത്യക്ക്. എന്നാല്‍ ഇന്ത്യന്‍ ക്യാമ്പിനെ ആശയങ്കയിലാക്കുന്ന കാര്യം മറ്റൊന്നാണ്. മൈതാനത്ത് അംപയര്‍മാരോട് തര്‍ക്കിച്ചതിനും അതിര് വിട്ട അപ്പീലിനും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഐസിസിയുടെ കടുത്ത ശിക്ഷയുണ്ടാകുമോ   എന്നതാണ്.

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ 12-ാം ഓവറില്‍ ഷമിയെറിഞ്ഞ പന്ത് സൗമ്യ സര്‍ക്കാറിന്റെ പാഡില്‍ തട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കാത്തതിനാല്‍ ഷമിയോടും പന്തിനോടും ചര്‍ച്ച ചെയ്ത് കോഹ്‌ലി ഡി.ആര്‍.എസ് ആവശ്യപ്പെട്ടു. ഇന്‍സൈസ് എഡ്ജ് കണ്ടെത്തിയ മൂന്നാം അംപയര്‍ അലിം ദാര്‍ അള്‍ട്രാ എഡ്ജ് പരിശോധിച്ചില്ല. ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനം മൂന്നാം അമ്പയറും ശരിവെച്ചു. ഇന്ത്യ ഒരു റിവ്യൂ അവസരം നഷ്ടമാക്കുകയും ചെയ്തു. ഡി.ആര്‍.എസ് തീരുമാനത്തിന്റെ പേരില്‍ കോലി അംപയര്‍ മാരിയാസ് എറാസ്മസിനോട് ദീര്‍ഘനേരം തര്‍ക്കിച്ചിരുന്നു.

നേരത്തെ അഫ്ഗാനെതിരായ മത്സരത്തില്‍ അതിരുകടന്ന അപ്പീലിന്റെ പേരില്‍ കോഹ്‌ലിക്ക് മാച്ച്ഫീയുടെ 25 ശതമാനം പിഴ ലഭിച്ചിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയന്റും ഇതിനൊപ്പം ലഭിച്ചിരുന്നു. ഇതോടെ കോഹ്‌ലിയുടെ പേരില്‍ രണ്ട് ഡീമെറിറ്റ് പോയന്റുകളായി. നേരത്തെ 2018-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെയാണ് കോഹ്‌ലിക്ക് മറ്റൊരു ഡീമെറിറ്റ് പോയന്റ് ലഭിച്ചത്. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പെരുമാറ്റത്തിന്റെ പേരില്‍ കോഹ്‌ലിക്ക് ഒരു ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടി കോലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടാകുകയും അതിനും ഡീമെറിറ്റ് പോയന്റ് ലഭിക്കുകയും ചെയ്താല്‍ ആകെ ഡീമെറിറ്റ് പോയിന്റ് നാലാകും.ഐ.സി.സി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്.