X

ന്യായങ്ങള്‍ അവിടെ നിക്കട്ടെ, ടിപി കേസ് പ്രതികള്‍ക്കും നിസാമിനും എന്തിനാണ് ശിക്ഷാ ഇളവ്?

സെലക്ടീവ് മനുഷ്യാവകാശമുണ്ടല്ലോ, അതാരുടെ ബുദ്ധിയാണെങ്കിലും കലക്കി. കൊല്ലം കുറെ ടി.പി.വധക്കേസിന് മറുപടി പറഞ്ഞ് പാഴായി. ഈ ഭരണകാലം മുഴുവന്‍ ഇനി ഇതിന് കൂടി മറുപടി പറഞ്ഞ് ജീവിക്കാമെന്നാണോ?

ടിപി ചന്ദ്രശേഖരന്‍ വധ കേസ് പ്രതികള്‍ അടക്കമുള്ള കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയുടെ വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നു. ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടികയിലാണ് ടിപി കേസ് പ്രതികളായ 11 പേരെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തുന്നവരോട് ചില സംശയങ്ങള്‍ ചോദിക്കുകയാണ് മാദ്ധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍.

ശ്രീജിത്ത് ദിവാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇതെല്ലാം സമ്മതിച്ചു

1. ശിക്ഷാ കാലാവധിക്ക് ഇളവ് നല്‍കുന്നതിന്റെ പേരില്‍ ഉടനടി ഇവരെയൊന്നും വിട്ടയിക്കില്ല.
2. മൂന്ന് മാസ തടവ്ശിക്ഷക്കാര്‍ക്ക് 15 ദിവസം, ജീവപര്യന്തം 13 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷം ഇക്കണക്കിലേ ഇളവ് നല്‍കൂ.
3. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയതില്‍ നിന്ന് ആളുകളെ കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.

എല്ലാം ശരി.

1. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് ആളെ ഒഴിവാക്കി. പക്ഷേ വേറെ ആളുകളെ കൂട്ടിച്ചേര്‍ത്തോ?

2. പലരും ഷെയര്‍ ചെയ്തിരിക്കുന്ന വിവരാവകാശ രേഖ പ്രകാരം റ്റി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരും ശിക്ഷയളവിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. 2014 ജനുവരിയിലാണ് ശിക്ഷ വിധിക്കുന്നത്. മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ എന്ന് ചുരുക്കം. ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടുള്ള, ഈ 11 പേരും, നല്ല നടപ്പുകാരാണ് എന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശുപാര്‍ശ നല്‍കാന്‍ പാകത്തിന് എന്ത് ധൃതിയാണ് ഉള്ളത്. മറ്റനേകം കേസുകളില്‍ ശിക്ഷപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നവരില്ലേ, അവരുടെ കാര്യത്തിലൊന്നുമില്ലാത്ത ധൃതിപിടിച്ചൊരു തീരുമാനം എന്തിനാണ്.

3. മുഹമ്മദ് നിസാമിനെതിരെ തൃശൂര്‍ കോടതി ജീവപര്യന്തം വിധിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. പി.എം. മനോജ് ഫിബ്രവരിയില്‍ ചൂണ്ടിക്കാണിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയതും പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ചതുമായ പട്ടികയില്‍ നിസാമിന്റെ പേര് ഉള്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ല. കാരണം 2015 നവംബറിലോ മറ്റോ ആണ് ആ പട്ടിക തയ്യാറാക്കിയത്. ഇതിനും മാസങ്ങള്‍ കഴിഞ്ഞാണ് നിസാമിന്റെ ശിക്ഷ വിധിക്കുന്നത്. വിചാരണത്തടവുകാരെ ശിക്ഷ ഇളവിനുള്ള പട്ടികയില്‍ ചേര്‍ക്കാന്‍ എന്തായാലും ന്യായമില്ലല്ലോ.

4. ജീവപര്യന്ത്യം ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ നിസാമിനെ ശിക്ഷാ ഇളവ് നല്‍കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച മഹാന്മാര്‍ ആരാണ്. ആ മനുഷ്യസ്‌നേഹികള്‍ ശരിക്കും ആരാണ്? മുഹമ്മദ് നിസാമിനെ ജയിലില്‍ അടയ്ക്കുമ്പോള്‍ കാപ്പ ചുമത്തിയിരുന്നുവെന്നും ശിക്ഷാ ഇളവിന് പേരുള്‍പ്പെടുത്തപ്പെടുമ്പോള്‍ ആ കാപ്പ ഉഴിവാക്കപ്പെട്ടു എന്നും കാണുന്നു, അതെങ്ങെനെ (തികച്ചും സാങ്കേതിക സംശയമാണ്. അറിയില്ലാത്തത് കൊണ്ട്)

സെലക്ടീവ് മനുഷ്യാവകാശമുണ്ടല്ലോ, അതാരുടെ ബുദ്ധിയാണെങ്കിലും കലക്കി. കൊല്ലം കുറെ ടി.പി.വധക്കേസിന് മറുപടി പറഞ്ഞ് പാഴായി. ഈ ഭരണകാലം മുഴുവന്‍ ഇനി ഇതിന് കൂടി മറുപടി പറഞ്ഞ് ജീവിക്കാമെന്നാണോ?

കൊള്ളുന്ന കല്ലേറൊന്നും പോരാഞ്ഞിട്ടാണോ ഇടയ്ക്കിടെ കരിങ്കല്ലിടുത്ത് തലയ്ക്കടിക്കുന്നതെന്ന് സത്യമായിട്ടും മനസിലാകുന്നില്ല.

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on March 23, 2017 11:52 pm