X

ഒരു 10 രൂപ തരാമോ, എന്റെ കയ്യില്‍ രൂപയൊന്നുമില്ല: അജ്മീര്‍-പുഷ്‌കര്‍ യാത്ര

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ഒന്നാം ഭാഗം- ജയ്സാല്മീര്‍, ബിക്കാനീര്‍, മൌണ്ട് അബു, ഉദയ്പൂര്‍, ജോധ്പൂര്‍; എന്നെ കൊതിപ്പിച്ച സ്ഥലങ്ങള്‍

 ജയ്പൂറിലെ യൂത്ത് ഹോസ്റ്റലിലെ പൊടി തങ്ങി നില്‍ക്കുന്ന ആ ഡോര്‍മിറ്ററിയില്‍ കിടന്നു ഞാന്‍ ഭാവി യാത്ര പരിപാടികള്‍ ആലോചിച്ചു. രാവിലെ 6.15 നു അജ്മീറിലേക്ക് ഒരു ട്രെയിന്‍ ഉണ്ട്, സെക്കണ്ട് സിറ്റിംഗ് സീറ്റ് ലഭ്യമാണ്. ഒന്നും ആലോചിക്കാതെ ബുക്ക് ചെയ്തു. വെളുപ്പിനെ ഓട്ടോ ബുക്ക് ചെയ്തപ്പോള്‍ 2 പേര്‍ മടി കാണിച്ചെങ്കിലും അടുത്തയാള്‍ ഓക്കെ പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കൃത്യ സമയത്ത് തന്നെ പുറപ്പെട്ടു. തലേ ദിവസം ഉച്ചക്കും രാത്രിയും ഭക്ഷണം കഴിച്ചിട്ടില്ല, പക്ഷെ എന്തുകൊണ്ടോ വലിയ ക്ഷീണം തോന്നിയില്ല. ഇന്നലെ മുതല്‍ ക്ഷീണം തോന്നുമ്പോള്‍, യാത്ര ആരംഭിച്ചപ്പോള്‍ എടുത്തു വെച്ച ഗ്ലൂക്കോസ് ഇടയ്ക്കിടെ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുകയായിരുന്നു. പൊതുവേ ചായ ഭ്രാന്തനായ എന്നെ ചായകോപ്പകള്‍ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു. അപ്പോഴൊക്കെ പോക്കറ്റിലെ 20 രൂപയില്‍ ഞാന്‍ മുറുക്കി പിടിക്കും. പൈസ കിട്ടണമെങ്കില്‍ ഈ ദിവസം കൂടി കഴിയണം. അത് പക്ഷെ ഏതൊക്കെ എടിഎമ്മുകളില്‍ ലഭ്യമാകും എന്നതിനെ കുറിച്ച് ഒരു രൂപവുമില്ല. ചിന്തകളെ തല്‍ക്കാലം ഒഴിവാക്കി അജ്മീറില്‍ ഇറങ്ങി. ശരീഫ് ദര്‍ഗയിലേക്കുള്ള വഴിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ബാഗും ഏറ്റി പിടിച്ച് നടത്തം ആരംഭിച്ചു. 10 രൂപ തന്നാല്‍ മതി ദര്‍ഗയിലാക്കാം എന്ന വാക്കുകളെ തീരെ ഗൗനിക്കാതെ മുന്നോട്ട് നടന്നു. അവിടെ ചെന്നപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം വരുന്നതെ ഉണ്ടായിരുന്നുള്ളൂ. വലിയ ബാഗും പിടിച്ച് ദര്‍ഗയില്‍ കേറാന്‍ സമ്മതിക്കില്ല. അത് സൂക്ഷിക്കാനുള്ള ഇടത്തില്‍ 10 രൂപ കൊടുക്കണം. എന്ത് ചെയ്യണമെന്നു ആലോചിക്കാന്‍ ഞാന്‍ തലച്ചോറിനു കുറച്ച് സമയം കൊടുത്തു.

ഏറെ നേരത്തെ വിലയിരുത്തലിനു ശേഷം എന്നോട് വല്യ കാര്യത്തില്‍ മനസ് മൊഴിഞ്ഞു, ആരോടെങ്കിലും ചോദിക്കുക. എത്ര ലളിതമായ ഉത്തരം. കാത്തിരുന്നു, അലിവുള്ള ഒരു മുഖം കണ്ടെത്താന്‍. വലിയ അലങ്കാരങ്ങള്‍ ഒന്നും ഇല്ലാതെ ആ മനുഷ്യനോട് ചോദിച്ചു ‘ഒരു 10 രൂപ തരാമോ? എന്റെ കയ്യില്‍ രൂപയൊന്നും ഇല്ല‘ ഇത്ര നാളത്തെ ഇത്തരം തെണ്ടല്‍ അനുഭവങ്ങളില്‍ നിന്ന് ഞാന്‍ മനസിലാക്കിയിരിക്കുന്നത്, ഒരിക്കലും ഒരു കൂട്ടത്തോട് ചോദിക്കരുത്. കാരണം ഒരുപാട് പേരെ നമുക്ക് മനസിലാക്കിക്കേണ്ടി വരും. അതുകൊണ്ട് ഒറ്റയാള്‍, ഒറ്റ ചോദ്യം. 10 ന്റെ ഒരു നാണയം എന്റെ കയ്യിലേക്ക് തന്നിട്ട് ഒന്നും മിണ്ടാതെ നാല്‍പതിനോട് അടുക്കുന്ന ആ മനുഷ്യന്‍ ദര്‍ഗയിലേക്കുള്ള വഴിയിലേക്ക് നടന്നു നീങ്ങി. ഞാന്‍ ബാഗ് ഒരിടത്ത് വെക്കാന്‍ രണ്ടാം ഗേറ്റിന്റെ അടുത്തോട്ട് പോയി. തറയില്‍ നിന്നും ഒരു നില താഴെയുള്ള ഒരു കെട്ടിടത്തിലാണ് ബാഗ് സൂക്ഷിക്കുന്ന സ്ഥലം. അവിടെ ചെന്നു രസീതും വാങ്ങി മുകളിലോട്ട് കേറി വരുമ്പോള്‍ ഒരു ചരട് കിടക്കുന്നു, പുറത്ത് ആളുകള്‍ വില്പനക്ക് വെച്ചിട്ടുണ്ട് അത്തരം ചരടുകള്‍. തുച്ഛമായ വിലയെ ഉള്ളു. മൂന്ന് എണ്ണം 10 രൂപക്ക് ഒരാള്‍ വാങ്ങുന്നത് ഞാന്‍ കണ്ടിരുന്നു. ഇത് നീളം കുറവാണ്. പക്ഷെ കനം ഉണ്ട്. ഞാന്‍ അത് കയ്യിലെടുത്ത് ദര്‍ഗയിലേക്ക് നടന്നു. ആളുകള്‍ ഇരുന്നു നേര്‍ച്ചയിടാന്‍ ആണെന്ന് തോന്നുന്നു. ഇടതു വശത്തായി ഒരു കൂറ്റന്‍ ഭണ്ഡാരം വെച്ചിട്ടുണ്ട്, പുറമേ നിന്ന് കണ്ടതല്ലാതെ ഞാന്‍ തൊട്ട് അടുത്തേക്ക് ചെന്നില്ല, എന്ത് ഉണ്ടായിട്ടാ അങ്ങോട്ട് പോവുന്നത്.

പിന്നെ പോയത് ശരീര ശുദ്ധി വരുത്താനുള്ള ജലം സജ്ജീകരിച്ചിട്ടുള്ള ഭാഗത്തേക്കാണ്. അതും കടന്നു ചെല്ലുമ്പോള്‍ ആണ് ഖ്വാജ മോയിനുദീന്‍ ചിസ്തിയുടെ കബറിടം, അതിന്റെ പുറമേയുള്ള കമ്പികളില്‍ ആളുകള്‍ ചരടുകള്‍ കെട്ടുന്നത് കണ്ടു. എന്റെ കയ്യിലെ ചരടു ഞാന്‍ രണ്ടായി പകുത്തു, ദൈവത്തിനുള്ളത് ദൈവത്തിനും ശ്രീനാഥിനുള്ളത് ശ്രീനാഥിനും. എനിക്കുള്ളത് ഒരു മാല പോലെ കഴുത്തില്‍ ഇട്ടു. അവിടെത്തേക്കുള്ളത് നിശബ്ദനായി അവിടെ കൊരുത്തു. ആളുകള്‍ പ്രാര്‍ത്ഥന നിര്‍ഭരരായി അകത്തേക്ക് കടക്കുന്നു. ഞാനും കടന്നു. ശിരസ്സ് ആ ചുമരില്‍ സ്പര്‍ശിക്കുമ്പോള്‍ എന്റെ മനസ് ശൂന്യമായിരുന്നു. എന്നില്‍ കരുണയായിരിക്കണമേ എന്ന് പിന്നീട് ഞാന്‍ പ്രാര്‍ഥിച്ചു. തിരക്ക് നിയന്ത്രിക്കുന്നവര്‍ പുറത്തേക്ക് കടത്തി വിടാന്‍ ശ്രമിക്കുന്നുണ്ട്. അത് അനുസരിച്ച് ഞാന്‍ കടന്നു. മനസ്സില്‍ അപ്പോഴും ഖ്വാജ മേരേ ഖ്വാജ ആരോ പാടുന്നുണ്ടായിരുന്നു. നുസ്രത് ഫത്തേ അലിഖാന്‍ ആ തൊണ്ട പൊട്ടുന്ന ശബ്ദത്തില്‍ ഖാവാലിയും. ഒരുപാട് സൂഫിവര്യന്മാരുടെ ഇടങ്ങളുണ്ട് ആ ദര്‍ഗയില്‍ അങ്ങോളം ഇങ്ങോളം. പതിയെ പുറത്തിറങ്ങി.

പുഷ്‌കര്‍ ആണ് ഇനി അടുത്ത ഇടം. പുഷ്‌കറിന്റെ മുഖ്യ ആകര്‍ഷണം കാര്‍ത്തിക മാസത്തിലെ ഏകാദശി മുതല്‍ കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്രനെ കാണുന്നത് വരെ നടക്കുന്ന പുഷ്‌കര്‍ മേളയാണ്. അപ്പോള്‍ നടക്കുന്ന ഒട്ടക പ്രദര്‍ശനവും കച്ചവടങ്ങളും ഒരുപാട് പ്രശസ്തമാണ്. പുഷ്‌കര്‍ മേളയുടെ തിയ്യതിക്കനുസരിച്ചാണ് ഈ യാത്ര മനസ്സില്‍ വിരിഞ്ഞത് പോലും. അജ്മീറില്‍ നിന്നും വലിയ റിക്ഷകളില്‍ പുഷ്‌കറിലേക്ക് സവാരി ലഭ്യമാണ്. പക്ഷെ നമ്മുടെ കയ്യിലുള്ള 20 രൂപക്ക് ഒക്കില്ല അത്. 17 കിലോ മീറ്ററില്‍ പരം ദൂരമുണ്ട് അജ്മീറും പുഷ്‌കറും തമ്മില്‍. ബസ് സ്റ്റാന്റ് ചോദിച്ച് മനസിലാക്കി. കുറച്ചേറെ നടക്കാനുണ്ട്, നടപ്പാരംഭിച്ചു. ബസ് പെട്ടെന്ന് തന്നെ കിട്ടി. ചാര്‍ജ് ചോദിച്ചു 16 രൂപ, ഹാവൂ ഭാഗ്യം 4 രൂപ കൂടുതല്‍ മിച്ചം ഉണ്ട് നമ്മുടെ കയ്യില്‍. യാത്രക്കാരും കണ്ടക്ടറും തമ്മില്‍ 500, 1000 നോട്ടുകളെ ചൊല്ലി തര്‍ക്കമാരംഭിച്ചു. എന്റെ അടുത്തിരുന്നവനും ആദ്യം 500 കൊടുത്തു നോക്കി, നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചില്ലറ കൊടുത്തു ഒത്തുതീര്‍പ്പാക്കി. പുഷ്‌കറിലെക്കുള്ള യാത്ര നല്ല രസമായി തോന്നി. ചിലയിടങ്ങളില്‍ തടാകങ്ങള്‍, കുന്നുകള്‍. ബസില്‍ അടുത്ത ഇരുന്ന അജ്മീറിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ഒരു യുവാവിനോട് സംസാരം ആരംഭിച്ചു. ആ യുവാവും പുഷ്‌കറിലേക്ക് പോവുകയായിരുന്നു. എന്തിനാ പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്റെ കൂട്ടുകാര്‍ മേളയില്‍ കബഡി കളിക്കുന്നുണ്ട് എന്ന് പറഞ്ഞു. സംസാരം നീണ്ടപ്പോള്‍ ഞാന്‍ ലളിതമായി ഒരു 20 രൂപ നല്‍കാമോ? എന്ന് ചോദിച്ചു. പുഷ്‌കറില്‍ നിന്ന് തിരിച്ച് പോകാനാണെന്ന് കൂടി പറഞ്ഞപ്പോള്‍ അയാള്‍ പണം നല്‍കി.

മനസ്സില്‍ ചെറിയൊരു ആശ്വാസം. ഇനി ആരുണ്ട് എന്നോട് മുട്ടാന്‍ എന്ന മട്ടില്‍ ഒരു ആത്മവിശ്വാസം. ബസ് ഇറങ്ങി ഞാന്‍ നടന്നു. അവിടെ തദ്ദേശീയരേക്കാള്‍ വിദേശികളാണ് കൂടുതല്‍. പുഷ്‌കര്‍ തടാകം കാണാം നടക്കുമ്പോള്‍, വൈകുന്നേരം അവിടെ ചെലവഴിക്കാമെന്നു തീരുമാനിച്ചു ഞാന്‍ മുന്നോട്ട് മേള നടക്കുന്ന മൈതാനത്തിലേക്ക് നടന്നു. ആ വഴി നടക്കുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള അമ്പലം കാണാം. പുഷ്‌കറില്‍ എന്തായാലും കണ്ടിരിക്കേണ്ട ഒരിടം. അകത്തേക്ക് കേറാന്‍ തുടങ്ങിയപ്പോള്‍ വലിയ ബാഗുമായി പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞു, ബാഗ് സൂക്ഷിക്കാന്‍ ഇടമുണ്ട്, പക്ഷെ 10 രൂപ കൊടുക്കണം, അതായത് എന്റെ കയ്യിലുള്ള സമ്പാദ്യത്തിന്റെ ഏകദേശം പകുതി വരുന്ന തുക. സൃഷ്ടാവിന്റെ സന്നിധി കാണാന്‍ പറ്റാത്ത ഭാഗ്യം കെട്ടവനായി പോയല്ലോ ഞാന്‍ എന്നോര്‍ത്ത് ആ അമ്പലത്തിനു മുന്നില്‍ കുറച്ച് നേരം ഇരുന്നു. പിന്നെ മേള നടക്കുന്ന മൈതാനത്തേക്ക് നടന്നടുത്തു. അവിടെ എത്തുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ പലയിടത്തായി വിഭജിക്കപ്പെട്ടു കിടക്കുന്നു. കൂടുതല്‍ ആളുകള്‍ നില്‍ക്കുന്ന ഇടത്തേക്ക് നുഴഞ്ഞു കയറി. അവിടെ കുതിരകളുടെ അഭ്യാസ പ്രകടനമാണ്. താളത്തിനനുസരിച്ച് അവ ചുവടുകള്‍ വെക്കുന്നു, ഓരോ കുതിരക്കും നിശ്ചിത സമയമുണ്ട്. കുതിരയോടൊപ്പം പരിശീലകനും സജ്ജമാക്കിയ സ്റ്റേജില്‍ കയറും. അമ്പരിപ്പിക്കുന്ന പല പ്രകടനങ്ങളുമുണ്ടായി. മാര്‍ക്ക് ഇടാന്‍ അവിടെ ജൂറിയും ഇരിപ്പുണ്ട്. ചെപ്പടിവിദ്യ കാണാനാണ് പിന്നെ ചെന്നത്. ലംബകാകൃതിയുള്ള ഒരു ചെറിയ കൂട്, അതില്‍ ബാലനെ അദൃശ്യനാക്കുന്ന വിദ്യ. ടിവി ചാനലുകള്‍ കാണുന്ന ചിലര്‍ക്ക് പെട്ടെന്ന് പിടികിട്ടും ആ സൂത്രം. എനിക്കും മനസിലായി അത്. എങ്കിലും ചില ആളുകളുടെ മുഖത്ത് അമ്പരപ്പുണ്ട്. ഞാണിന്‍ മേല്‍ കളിക്കുന്ന കൊച്ചു പെണ്‍കുട്ടി, കുരങ്ങുകളുമായി നീങ്ങുന്ന പരിശീലകന്‍, മേയ് വഴക്കം പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍. അങ്ങനെ കാഴ്ചകള്‍ ഒരുപാടുണ്ട്.

വിശന്നു തുടങ്ങിയപ്പോള്‍ നല്ല ഭക്ഷണം കഴിക്കണമെന്നു തോന്നി. ഇന്നലെ ഒരു നേരം മാത്രം, ഇന്നാണെങ്കില്‍ രാവിലെ മുതല്‍ വയറ്റിലേക്ക് ഒന്നും പോയിട്ടില്ല. കാര്‍ഡ് ഉപയോഗിക്കാന്‍ പറ്റിയ ഒരു ഹോട്ടല്‍ തപ്പി പിടിച്ച് താലി ഭക്ഷണം കഴിച്ചു, നല്ല രുചി. ചോര്‍ കുറച്ചേ ഒള്ളു എങ്കിലും റൊട്ടി വിശപ്പകറ്റി. ഭക്ഷണത്തിനു ശേഷം വീണ്ടും മേള ഗ്രൗണ്ടിലേക്ക്. കബഡി തുടങ്ങാറായി. അതിനിടെ ചെപ്പടി വിദ്യകള്‍ മൈതാനത്തിന്റെ പല മൂലയിലും, എനിക്ക് ചിരി പൊട്ടി എല്ലാം ഒരേ ഇനം തന്നെ ആ കുട്ടിയെ അപ്രത്യക്ഷമാക്കുന്നത്. കബഡി പ്രാദേശിക ടീമുകള്‍ തമ്മിലാണ്. എനിക്ക് പണം തന്ന ചെറുപ്പക്കാരന്‍ ഒരു ടീമിന്റെ കൂടെ ഇരിക്കുന്നത് കണ്ട് ഞാന്‍ കയ്യുയര്‍ത്തി കാണിച്ചു. പുള്ളി എന്റെ അടുത്തേക്ക് വന്നു കുശലം പറഞ്ഞു അവരുടെ അടുത്തേക്ക് തിരിച്ചു പോയി. കളി ചടുലമല്ല, മണലില്‍ കൂടി നീങ്ങാന്‍ വളരെ പ്രയാസപ്പെടുന്നുണ്ട് കളിക്കാര്‍. എന്റെ അടുത്ത് ഒരു വിദേശ വനിത ഇരിപ്പുണ്ട്. അവരുടെ മുഖത്ത് ഇതെന്തൂട്ടാ എന്ന ഭാവം. ഞാന്‍ ചുമ്മാ വിശേഷം ആരാഞ്ഞു. പുള്ളിക്കാരിക്ക് കൊച്ച് മക്കളോട് ഇന്ത്യയിലെ വിശേഷം പറയുമ്പോള്‍ കബഡി എന്ന വിചിത്രമായ കളി കണ്ടു എന്ന് പറയാന്‍ വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. കുറെ നേരം ആയിട്ടും നടക്കുന്നത് ഒന്നും മനസിലാകുന്നില്ല. ഞാന്‍ വിശദീകരിച്ചു കൊടുത്തു. പ്ലീസ് എന്ന് പറഞ്ഞു അവര്‍ അത് അവരുടെ ഡയറിയില്‍ കുറിച്ചു എടുക്കുകയും ചെയ്തു. കാല്‍ വാരി അടിക്കുന്നതില്‍ ഇന്ത്യക്കാര്‍ ലോകകിരീടം ചൂടിയ കഥയും ഞാന്‍ പറയാതിരുന്നില്ല. കബഡി കളി കുറെ നേരം കണ്ടപ്പോള്‍ വിരസമായി തോന്നി ഞാന്‍ അടുത്ത മൂലയിലേക്ക് നീങ്ങി. അവിടെ കുതിരയോട്ടം നടക്കുന്നു. വേഗത്തിലും നിയന്ത്രണത്തിലും മികവു പ്രകടിപ്പിക്കാനുള്ള വേദി. ഇരു വശത്ത് നില്‍ക്കുന്ന കാണികള്‍ പൈസ കയ്യില്‍ വെച്ച്‌കൊടുക്കുന്നു, അവര്‍ അതിനെ നിസാരമായി എടുത്ത് കൊണ്ട് പോകുന്നു. ഇതിനിടെ എന്റെ ശ്രദ്ധ പതിഞ്ഞത് ഒരു വൃദ്ധനിലാണ്. അയാളാണ് ഏറ്റവും വേഗത്തിലും നിയന്ത്രണത്തിലും കുതിരയെ ഓടിക്കുന്നത്. മൈതാനത്തെ കാഴ്ചകളെ ഒതുക്കി ഞാന്‍ പുഷ്‌കര്‍ തടാകത്തിലേക്ക് പോകാന്‍ ഒരുങ്ങി. സന്ധ്യയില്‍ ദീപങ്ങളില്‍ കുളിച്ചു നില്ല്ക്കുന്ന തടാകം കാഴ്ചക്ക് നല്ലതായിരിക്കുമെന്ന തോന്നലാണ് ആ സമയം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

ആ പ്രേരണ വെറുതെയായില്ലെന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി. പുഷ്‌കര്‍ തടാകത്തിനു ചുറ്റും നടക്കാന്‍ ഒരു കൊതി തോന്നി. കേറി ചെന്നപ്പോള്‍ തന്നെ കുറെയേറെ പൂക്കള്‍ എന്റെ കയ്യിലേക്ക് തന്നു ചിലര്‍. അവിടെയുള്ള ഒരു ട്രസ്റ്റ് വക പൂജ കര്‍മങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ പങ്കാളിയാവാനുള്ള ക്ഷണമാണ്. നിരസിച്ചില്ല. പാദരക്ഷകള്‍ അഴിച്ച് വെച്ച് അവര്‍ക്കൊപ്പം പങ്ക് ചേര്‍ന്നു. മുഖ്യ കാര്‍മികന്‍ ആരതി ഉഴിയുന്നു, എല്ലാവരും പൂക്കള്‍ തടാകത്തില്‍ ചൊരിഞ്ഞപ്പോള്‍ ഞാനും അതില്‍ പങ്കാളിയായി. അവിടെ നിന്നും തടാകത്തിനു ചുറ്റും ഒറ്റക്ക് ഞാന്‍ വലം വെച്ചു. ചെറിയൊരു തണുപ്പ് തോന്നി തുടങ്ങിയിരുന്നു. മേള കാണാന്‍ തിരിച്ചു നടന്നു. അവിടെ കൂറ്റന്‍ ബലൂണ്‍ പറത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ആളുകള്‍ തടിച്ചു കൂടുന്നുണ്ട് കാണാന്‍. കാര്‍ണിവല്‍ നടക്കുന്നുണ്ട് തൊട്ടടുത്ത്. ഞാന്‍ പോയില്ല, കാശില്ലാത്ത പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് മാത്രമല്ല എവിടെയും ഒരു കാര്യവുമില്ല. വിശക്കുന്നുണ്ട് എനിക്ക്. ബാഗില്‍ തപ്പിയപ്പോള്‍ ഹൈദരാബാദ് നിന്നും യാത്ര തുടങ്ങുമ്പോള്‍ സുഹൃത്ത് നല്‍കിയ ഒരു പാക്കറ്റ് ബ്രഡ് ഇരിപ്പുണ്ട്, കൂടെ അല്പം ജാമും. അതെടുത്ത് തിന്നാന്‍ തുടങ്ങി, വെള്ളവും കുടിച്ചു. അങ്ങനെ തിന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു ചെറിയ കുട്ടി വന്നു, 10 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. പൈസ ചോദിച്ചു. തിന്നാന്‍ വല്ലതും മതിയോ എന്ന് തിരിച്ചു ചോദിച്ചു, മതിയെന്ന് പറഞ്ഞപ്പോള്‍ ബ്രെഡില്‍ ജാം പുരട്ടി 4 കഷണം കൊടുത്തു. അവള്‍ അടുത്തിരുന്നു കഴിച്ചു തുടങ്ങി, ഇടയ്ക്ക് അവള്‍ ജാം ചൂണ്ടി കാണിച്ചിട്ട് ഇതെന്താണ് ഭയ്യ എന്ന് ചോദിച്ചു. അതിന്റെ പേര് ജാം എന്നാണെന്നും ഇഷ്ടായോ എന്ന് ചോദിച്ചപ്പോള്‍ നല്ല രുചിയുണ്ടെന്നുമാണ് അവള്‍ പറഞ്ഞത്. വേണമെന്ന് അവള്‍ പറഞ്ഞില്ല എന്നാലും ബാക്കിയുണ്ടായിരുന്ന ആ ബ്രെഡും ജാമും കൊടുത്തു. ഒന്നും തിരിച്ച് പറയാതെ അവള്‍ അവളുടെ കൂട്ടുകാരുടെ അടുത്തേക്ക് അതും എടുത്ത് ഓടി പോയി. ഒന്ന് മെനക്കെട്ടാല്‍ ഒരു ഷോപ്പിംഗ് മാളില്‍ നിന്ന് കാര്‍ഡ് ഉരച്ചാല്‍ എനിക്ക് കിട്ടും ഈ പറഞ്ഞ ബ്രെഡും ജാമും. ഒരു തമിഴ് സിനിമയില്‍ വിജയ് പറയുന്നുണ്ട്- ‘ലൈംഗിക ഉറയില്‍ സ്ട്രാബറി ഫ്‌ളേവര്‍ ചോദിച്ച് വാങ്ങുന്ന നമ്മെ പോലുള്ളവര്‍ ഉള്ള ഈ ഇന്ത്യയില്‍ സ്ട്രാബറി എന്താണെന്നോ അതിന്റെ രുചി എന്താണെന്നോ അറിയാത്ത എത്രയോ ബാല്യങ്ങള്‍ ഉണ്ട്!’


ചിത്രങ്ങള്‍- ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

അപ്പോഴേക്കും പ്രേം ജോഷ്വാ ബാന്‍ഡിന്റെ സംഗീത പരിപാടികള്‍ക്കുള്ള ഒരുക്കം തുടങ്ങി. പ്രേം ജോഷ്വായും, റൗള്‍ സെന്‍ഗുപ്തയും, സാത്ഗ്യന്‍ ഫുകുടയും, ഡിവിനും സന്നിഹിതരായിരുന്നു, ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു, എത്ര നോക്കിയിട്ടും എനിക്ക് അവരെ മനസിലായില്ല. രൂണ റിസ് വി ആണെന്ന് തോന്നുന്നു അത്. അതെ നമ്മുടെ സ്വന്തം ഡ്രം മാന്ത്രികന്‍ ശിവമണിയുടെ ഭാര്യ. ആ വിശ്വാസം തെറ്റാതെ ഇരിക്കട്ടെ എന്ന് ഞാന്‍ കരുതുന്നു. മനസ്സില്‍ താളങ്ങളും ഓളങ്ങളും തലങ്ങും വിലങ്ങും ഓടി. പ്രേം ജോഷ്വാ ജര്‍മന്‍കാരനാണ് ജന്മം കൊണ്ട്. ഓഷോയുടെ കടുത്ത ആരാധകന്‍. രാത്രി 11 മണിക്ക് ആണ് എന്റെ അടുത്ത യാത്ര തുടങ്ങേണ്ടത്, കോട്ട എന്ന സ്ഥലത്തേക്ക്. അജ്മീറില്‍ നിന്നാണ് അങ്ങോട്ട് ബസ് ബുക്ക് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ 9.30 ആയപ്പോള്‍ പുഷ്‌കര്‍ മതിയാക്കാന്‍ തീരുമാനിച്ചു. അജ്മീറിലേക്ക് ഒരു ബസ് കിട്ടി. പക്ഷെ അവര്‍ 20 രൂപ വാങ്ങിച്ചു. ടിക്കറ്റ് ഒന്നും യാത്രികര്‍ക്ക് നല്‍കാത്ത ഒരു സ്വകാര്യ ബസ്. കോട്ടയില്‍ വെളുപ്പിന് 5.30 നു എത്തും. അവിടെ ചെന്നിട്ട് എന്ത് ചെയ്യണം എവിടെ പോകണം എന്ന് ഒരു നിശ്ചയവുമില്ല. പണം കിട്ടിയാല്‍ എളുപ്പം തീരുമാനിക്കാം. പക്ഷെ എല്ലാ എടിഎമ്മുകളിലും പണം ഉണ്ടാവുകയില്ല എന്നാണ് അറിഞ്ഞത്. അര്‍ദ്ധരാത്രി മുതല്‍ പണം ലഭ്യമാകുമോ? അതോ ബാങ്ക് സമയം മുതലാണോ എടിഎം പ്രവര്‍ത്തിക്കുക? നിശ്ചയമില്ലാത്ത കുറെ ചോദ്യങ്ങള്‍… ഒരു ചായ കുടിക്കാന്‍ കൊതിയാവുന്നു. ഇന്നത്തെ അവസ്ഥയില്‍ അത് ഒരു ആഡംബരം ആണ് എന്ന തിരിച്ചറിവില്‍ ഞാന്‍ ആ ആഗ്രഹത്തെ കൊന്നു കുഴിച്ചു മൂടി. ആ ബസിന്റെ സീറ്റില്‍ ഞാന്‍ കിടന്നു ഉറങ്ങി, എല്ലാ ആകുലതകളെയും എനിക്ക് മുന്‍പേ കോട്ടയിലേക്ക് പറഞ്ഞു വിട്ട് സ്വസ്ഥമായി ഞാന്‍ ഉറങ്ങി.

തുടരും..

(ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ്‌ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനെറ്ററാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

This post was last modified on November 25, 2016 3:46 pm