X

ആര്‍ട്ട് ഓഫ് ഫൈനിംഗ്: ഇത് പരിസ്ഥിതിയെ രക്ഷിക്കില്ല

ടീം അഴിമുഖം / എഡിറ്റോറിയല്‍ 

വമ്പന്‍ പ്രദര്‍ശനങ്ങളെ സ്‌നേഹിക്കുന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യയില്‍ ഇവയ്ക്ക് പരിസ്ഥിതിയെക്കാള്‍ സ്ഥാനമുണ്ട്.

പരിസ്ഥിതിലോല പ്രദേശമായ യമുനാനദിയുടെ എക്കല്‍ തടങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ വെള്ളിയാഴ്ച മുതല്‍ നടത്തുന്ന സാംസ്‌കാരികോത്സവത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴയിട്ടു എന്നത് ശരിയാണ്. എന്നാല്‍ ഉത്സവത്തിനുവേണ്ടി ഇവിടെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നദിയുടെ ആവാസവ്യവസ്ഥയ്ക്കുണ്ടാക്കിയ നാശം ഒരിക്കലും പരിഹരിക്കാനാവുന്നതല്ല. രാജ്യത്തിന്റെ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഉദാസീനരായ പൊതുജന, രാഷ്ട്രീയ, പ്രതിരോധ സംഘടനകള്‍ പിഴശിക്ഷയെ ഭയന്ന് ഇത്തരം ചെയ്തികളില്‍നിന്നു പിന്മാറാനുള്ള സാധ്യത വിരളവുമാണ്. 

ഹരിതട്രിബ്യൂണലിന്റെ വിധി അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നു. പിഴയടച്ചാല്‍ ഏതു പരിസ്ഥിതിമാനദണ്ഡങ്ങളെയും മറികടക്കാമെന്ന ധാരണ വളരാന്‍ ഇത് കാരണമാകുന്നു. പണം നല്‍കിയാല്‍ ലംഘനങ്ങള്‍ നിയമാനുസൃതമായി മാറുന്ന അവസ്ഥ.

സാംസ്‌കാരികോത്സവത്തിന് ഹരിത ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചു എന്നതു തന്നെ അതിശയകരമാണ്. ട്രിബ്യൂണലിന്റെ തന്നെ നേരത്തെയുള്ള ഒരു ഉത്തരവിനെ മറികടക്കലാണിത്.

പരിസ്ഥിതിക്കു സംഭവിച്ച നാശം കുറച്ചെങ്കിലും തടയാന്‍ ഇനിയും വൈകിയിട്ടില്ല. പരിസ്ഥിതിയുടെ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ സാംസ്‌കാരികോത്സവം വിനാശകരമാണെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹരിതട്രിബ്യൂണല്‍ നല്‍കിയ അനുമതി ഹൈക്കോടതിക്ക് റദ്ദാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം കോടതി ഇടപെടല്‍ അസാധാരണവുമല്ല. 2ജി സ്‌പെക്ട്രം വിവാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനം സുപ്രിം കോടതി മുന്‍കാലപ്രാബല്യത്തോടെ തടഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും ഉണ്ടായില്ല. പ്രധാനമന്ത്രി തന്നെ വന്ന് മാമാങ്കം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 

ഔദ്യോഗിക തലത്തിലുള്ള മൃദുസമീപനം ഭരണകൂടത്തിന്റെ കാപട്യം വെളിവാക്കുന്നു. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ട് പൊതുസമൂഹത്തിനു മുന്നില്‍ പരിസ്ഥിതി സംരക്ഷകനെന്ന പദവിക്ക് അവകാശമുന്നയിച്ചയാളാണ് ഡല്‍ഹി മുഖ്യമന്ത്രി. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ രണ്ട് ഏജന്‍സികളാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യം ചെയ്തു കൊടുക്കുന്നത്.

ശ്രീ ശ്രീ രവിശങ്കറിന്റെ ആഘോഷത്തിന് പാലങ്ങള്‍ പണിയാന്‍ പട്ടാളത്തെ വിട്ടുകൊടുക്കാനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്. കൃഷിഭൂമി ബലമായി ഏറ്റെടുത്താണ് ആഘോഷമെന്നതിനെപ്പറ്റി കര്‍ഷകരുടെ രക്ഷകര്‍ ചമയുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പാലിക്കുന്ന നിശബ്ദത അവരുടെ ആത്മാര്‍ത്ഥതയില്ലായ്മ വ്യക്തമാക്കുന്നു. തങ്ങളെ സമീപിക്കുന്നതില്‍ പരാതിക്കാര്‍ പോലും  താമസം വരുത്തിയെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചിരുന്നു.

പുതിയ ഏജന്‍സികളുടെ വരവും അവബോധം വര്‍ദ്ധിക്കുന്നുവെന്ന അവകാശവാദങ്ങളുമുണ്ടെങ്കിലും ഇന്ത്യ വളരെയൊന്നും മാറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ ഇത്രയേറെ സ്പഷ്ടമായ ഒരു അതിക്രമം കണ്‍മുന്നില്‍ നടന്നിട്ട് ഇവിടുത്തെ പൊതുസമൂഹം പാലിക്കുന്ന മൌനവും അതിനു കുടപിടിക്കുന്ന ഭരണകൂടത്തിന്റെ തീരുമാനവും ഒക്കെ വരുംകാലത്തേക്കുള്ള സൂചനകള്‍ കൂടിയാണ്. 

This post was last modified on March 12, 2016 10:33 am