X

ഇന്ത്യയുടെ അഭിമാനത്തിനായുള്ള ആഹ്വാനം അനധികൃത വേദിയിലായിരുന്നുവെന്ന് മോദി ഓര്‍ക്കണം

ടീം അഴിമുഖം

ചരിത്രം എളുപ്പത്തില്‍ മറക്കാത്തവര്‍ക്ക്; നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രി മാത്രമല്ല. അദ്ദേഹം ഒരിക്കല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളുടെ ദുരിതങ്ങളെ അയാള്‍ അപഹസിച്ചു. സമ്മതിദായകരെ ധ്രുവീകരിക്കാന്‍ അയാള്‍ സോണിയാ ഗാന്ധിയുടെയും ജെ എം ലിങ്ഗ്ദോയുടെയും മതസ്വത്വത്തെ എടുത്തുപറഞ്ഞു. സുപ്രീം കോടതി അയാളെ നീറോ എന്നു വിശേഷിപ്പിച്ചു. അതിനും വളരെ മുമ്പ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിലെത്തിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെ സംഘാടകരില്‍ ഒരാളായിരുന്നു മോദി.

അതുകൊണ്ട്, ചരിത്രം എളുപ്പം മറക്കാത്തവര്‍ക്ക്, എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തി യമുനയുടെ നദീതടത്തെ നശിപ്പിച്ചുകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു താത്ക്കാലിക വേദിയില്‍ കയറിനിന്ന്, വിമര്‍ശിക്കുന്നവര്‍ക്ക് അല്‍പം അഭിമാനം വേണമെന്ന് മോദി കളിയാക്കുമ്പോള്‍ ഒട്ടും അത്ഭുതം തോന്നില്ല. മോദിയും അയാളുടെ സര്‍ക്കാരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അഭിമാനത്തിന്റെയും ദേശസ്നേഹത്തിന്റെയും ആഖ്യാനങ്ങള്‍ക്ക് നിയമവാഴ്ച്ചയുമായി പുലബന്ധം പോലുമില്ല എന്നതും വ്യക്തമാണ്.

വെള്ളിയാഴ്ച്ച, യമുനയുടെ പരിസ്ഥിതിലോല തടത്തില്‍ കെട്ടിപ്പോക്കിയ വേദിയില്‍ കയറി മോദി വിളിച്ചുപറഞ്ഞത് വിമര്‍ശകര്‍ക്ക് രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം തോന്നണം എന്നാണ്.

ഇപ്പോള്‍ത്തന്നെ അതിരൂക്ഷമായ മലിനീകരണം നേരിടുന്ന യമുനയുടെ പാരിസ്ഥിതിക വ്യവസ്ഥക്ക്  അപരിഹാര്യമായ നാശം സൃഷ്ടിക്കുന്നതെന്നു പരിസ്ഥിപ്രവര്‍ത്തകര്‍ ആരോപിക്കുന്ന ഈ പരിപാടിയെ ഒരു ‘സാംസ്കാരിക കുംഭമേള’ എന്നാണ് മോദി വിശേഷിപ്പിച്ചത്.

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷനോട് 25 ലക്ഷം രൂപ ഉടനടി പിഴയടക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടതിനുശേഷമാണ് പരിപാടിക്ക് അനുമതി നല്‍കിയത്. ബാക്കി പിഴത്തുക മൂന്നാഴ്ച്ചക്കുള്ളില്‍ അടക്കണം.

“ഈ ആവശ്യം (ഇന്ത്യയുടെ സംസ്കാരം കയറ്റി അയക്കുക) ഒരു പരിധിവരെ നേടാന്‍ നമുക്കാകും. പക്ഷേ അതിന് നമുക്ക് നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം തോന്നണം. നാം നമ്മളെത്തന്നേ മോശക്കാരെന്നു വിളിച്ചാല്‍, എന്തിനെയും വിമര്‍ശിച്ചാല്‍, പിന്നെ ലോകം എങ്ങനെയാണ് നമ്മെ ശ്രദ്ധിയ്ക്കുക,” മേളയിലെ ജനക്കൂട്ടത്തോട് മോദി പറഞ്ഞു.

നിയമവാഴ്ച്ചയെ ഉയര്‍ത്തിപ്പിടിക്കുന്നത്, നദീതടത്തെ സംരക്ഷിക്കുന്നത്, പരിസ്ഥിതി സംരക്ഷണത്തിനായി സംസാരിക്കുന്നത്, ഇതൊന്നും അഭിമാനത്തിന്റെ കണക്കില്‍ പെടുന്നില്ലായിരിക്കും.

ഫൌണ്ടേഷന്റെ 35 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ സംസ്കാരവും പ്രതിച്ഛായയും ലോകത്തിന്റെ മുന്നില്‍ എത്തിച്ചതിന് മോദി രവിശങ്കറെ പ്രകീര്‍ത്തിച്ചു.

ലോകത്തെങ്ങുമായി ദശലക്ഷക്കണക്കിന് അനുയായികളുള്ള ജീവന കലയിലൂടെ ഇന്ത്യയുടെ ഒരു വ്യത്യസ്ത മുഖത്തെ ലോകം കണ്ടെന്ന് മോദി പറഞ്ഞു. നയതന്ത്രത്തിന് എത്താനാകാത്ത അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യയുടെ മൃദുശക്തി കയറ്റുമതി നടത്തിയതിന് ഫൌണ്ടേഷനെ മോദി പ്രശംസിച്ചു.

തന്റെ മംഗോളിയന്‍ സന്ദര്‍ശനത്തില്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഒരു സ്വീകരണ ചടങ്ങില്‍ മംഗോളിയക്കാര്‍ ഇന്ത്യയുടെ പതാക പിടിച്ചിരുന്നതും മോദി ഓര്‍ക്കുന്നു.

“രാജ്യത്തെ അതിന്റെ സംസ്കാരത്തിലൂടെ കാണുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ സ്വത്വമാണ് വെളിപ്പെടുന്നത്. ഇതാണ് ജീവനകല,” പൊടുന്നനെ പെയ്ത മഴയില്‍ സംഘാടകര്‍ അന്തംവിട്ടു നില്‍ക്കേ മോദി പറഞ്ഞു.

ഉപനിഷത്തില്‍ നിന്നും ഉപഗ്രഹത്തിലേക്കുള്ള’ ഇന്ത്യയുടെ യാത്രയെക്കുറിച്ച് പറയവേ, ഒരു പൌരാണിക നാഗരികത എന്ന നിലയില്‍ നിന്നും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് മോദി പറഞ്ഞത്. ഇപ്പോള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗുജറാത്ത് മാതൃകയെപ്പറ്റി പക്ഷേ ഒരക്ഷരം പറഞ്ഞില്ല- അതില്‍ മോദി ശരിയെന്ന് കരുതുന്നതാണ് നിയമം.

തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ ശ്രീ രവിശങ്കറും, മേളയെ തന്റെ സ്വകാര്യ വിരുന്നായി വിശേഷിപ്പിച്ച വിമര്‍ശകരെ ഒന്നു തലയ്ക്കുകൊട്ടാന്‍ മറന്നില്ല. വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തടസങ്ങള്‍ സ്വാഭാവികമാണെന്ന് രവിശങ്കര്‍ പറഞ്ഞു.

“ചിലര്‍ പറയുന്നു ഇത് ഗുരുജിയുടെ (രവിശങ്കര്‍) സ്വകാര്യ വിരുന്നാണെന്ന്. ഞാന്‍ പറഞ്ഞു അതെ. ലോകം മുഴുവന്‍ എന്‍റെ കുടുംബമാണ്. ഒരാള്‍ക്ക് സ്വകാര്യമായി ഒന്നും വേണ്ടെങ്കില്‍, അയാള്‍ സമൂഹത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണ്.”

പരിസ്ഥിതി നാശത്തിന്റെ വിവാദത്തെ തുടര്‍ന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും മറ്റ് പല വിശിഷ്ടാതിഥികളും പിന്മാറിയ ചടങ്ങിന്റെ തിളക്കം കെടുത്തിക്കൊണ്ടായിരുന്നു മേളയുടെ തുടക്കത്തില്‍ കനത്ത മഴ പെയ്തത്.

 

This post was last modified on March 12, 2016 1:50 pm