X

തുരുമ്പുസൂചിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ജീവിതങ്ങള്‍

സിയാന ഫസല്‍

ഇത്രയധികം പറഞ്ഞു പഴകിയ ചർച്ചയും വിഷയവും വേറൊന്നുണ്ടാവില്ല. ചർച്ചകളുടെ പഴമ വസ്തുനിഷ്ഠാപരമായി നോക്കിയാല്‍ നിലപാടുകളിലോ കാഴ്ചപ്പാടുകളിലോ യാതൊരു പുതുമയും കൊണ്ടുവരുന്നുമില്ല. സ്ത്രീ ഉന്നമനങ്ങൾക്ക്‌ വേണ്ടിയുള്ള ചർച്ചകൾ പഴകി ദ്രവിച്ച് ഇല്ലാതാവുക മാത്രമാവും സമീപഭാവിയിൽ സംഭവിക്കുന്നത്‌. പ്രസ്തുത വിഷയത്തിൽ, പ്രതീക്ഷകളുടെ പൂക്കാലമൊക്കെ എതാണ്ടസ്തമിച്ച മട്ടാണ്.

 

ഏറ്റവും ഒടുവിലത്തെ ‘ഐറ്റം’ ഛത്തീസ്ഗഡ് കൂട്ടക്കുരുതിയാണ്. (തല്കാലം ‘കുരുതി’ എന്ന വാക്കേ ഉചിതമായി കാണുന്നുള്ളൂ. കൂടുതൽ ഔചിത്യമാർന്നത് കിട്ടിയാല്‍ പദാവലി വിപുലീകരിക്കുന്നതാണ്). പതിനൊന്നു സ്ത്രീകൾ മരിച്ചു. അമ്പതിലേറെ സ്ത്രീകൾ ഗുരുതരാവസ്ഥയിൽ. ഇതിൽ എന്തതിശയപ്പെടെണ്ടൂ എന്നേ തല്കാലം ചോദിക്കേണ്ടതുള്ളൂ.  ഭാരതഭൂവിൽ ‘സ്ത്രീ’ എന്തൊക്കെയാണ് എന്നതിൽ തന്നെ സർവ്വ ശങ്കകൾക്കുമുള്ള ഉത്തരങ്ങളില്ലേ; സ്ത്രീ അമ്മയാണ്, ദേവിയാണ്, ത്യാഗവേദികളെ ചരിത്രാതീത കാലങ്ങളായി ഓർമിപ്പിക്കുന്ന നാണയങ്ങളാണ്. ഭാരതഭൂ ചരിത്രത്തിൽ ഇതൊന്നും അസ്വാഭാവികമല്ല. ആവുകയും അരുത്. ആയാൽ, നമ്മുടെ ചരിത്രം തന്നെ പൊള്ളയാണെന്നു വരും. ദേവദാസി-ജൌഹറ-സതി- ശൈശവ വിവാഹ സംസ്ഥിതികളുടെ പുനരാഖ്യാനങ്ങൾ മാത്രമാണ് ഛത്തീസ്ഗഡ്.

 

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലതിനെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ വെളിപ്പെട്ടത് പ്രകാരം, ഒരു വലിയ വിഭാഗം സ്ത്രീകളും മർദ്ദനങ്ങൾ എറ്റു വാങ്ങുന്നത് സാമ്പത്തിക ക്ലേശങ്ങൾ അനുഭവിക്കുന്ന ആമ്പിറന്നോന്മാരിൽ നിന്നാണ്. അത്തരത്തിലുള്ള കൊടിയ ക്ലേശങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ തെല്ലാശ്വാസം കണ്ടെത്തുന്നത്  വീട്ടിലുള്ള സ്ത്രീകളുടെ മേൽ ഓംകാര താണ്ടാവമാടുമ്പോഴാണ് എന്നിരിക്കെ, ആശ്വസിക്കാൻ മറ്റുപാധികളില്ലാത്ത അവനെ പഴിക്കുക അരുത്! ഇന്നും മേല്‍ച്ചൊന്ന പല ദേശങ്ങളിലും അരങ്ങേറുന്ന മനുഷ്യക്കുരുതികളിൽ ഹോമിക്കപ്പെടുന്നത് – ഹോമിക്കപ്പെടേണ്ടത് സ്ത്രീ ശരീരങ്ങൾ, അല്ലെങ്കിൽ കുഞ്ഞു ശരീരങ്ങൾ മാത്രമാണ്. അന്നും ഇന്നും അതാണ് ശരി. ഒരു കണക്കൊപ്പിക്കാൻ പോലും, ഊളിയിട്ടിറങ്ങി തപ്പിയിട്ടും, ഒരു പുരുഷ കേസരിയെ കുരുതി കൊടുത്തതായി പറയുന്ന ഒരു രേഖ പോലും കണ്ടുകിട്ടിയില്ല. രസാവഹം അതല്ല, ത്യാഗവേദികളിലേക്ക് ആനയിക്കപ്പെടുന്ന സ്ത്രീകൾക്ക് ‘അമാനുഷിക’മായ ചില ശക്തികൾ കൈ വരുന്നുന്നതായി സൂചനകൾ ഉണ്ട്. ഏതു  കുരുതിക്കളത്തിലെയും വേദനയെ ഇല്ലായ്മ ചെയ്യാൻ പാകത്തിലുള്ള അമാനുഷികത. ഡൽഹി സർവകലാശാലയിലെ ഒരു മുതിർന്ന ചരിത്രാധ്യാപകന്റെ ‘അപഗ്രഥന’പ്രകാരം, ‘സതി’ കാലാതീതമായി അനുഷ്ഠിച്ചു പോന്നിരുന്ന സമൂഹത്തിലെ, ഒരു വലിയ വിഭാഗം സ്ത്രീകൾ ചിതയിലേക്ക് സ്വതാല്പര്യപ്രകാരം എടുത്തു ചാടുന്നവരായിരുന്നു. ഇവിടെയാവും മേൽ ചൊന്ന ‘അമാനുഷികത’ പ്രസക്തമാകുന്നത്.

 

വാൾടർ ബുകെറ്റ് എന്ന ചരിത്രകാരന്റെ ‘ബിഹേവിയറൽ മോഡേണിറ്റി’ എന്ന തിയറി പ്രകാരം, വർത്തമാനകാല മനുഷ്യകുലത്തെ അവരുടെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്, കാല ക്രമേണ അവര്‍ ആർജിച്ചുവരുന്ന ചില സ്വഭാവ സവിശേഷതകളാണ്. ചിന്ത, യുക്തി, വകതിരിവ്  എന്ന പല മാനുഷിക ഗുണങ്ങളും കാല ചക്രത്തിൽ അവര്‍ സ്വരൂപിച്ചെടുക്കുന്നു. ഇത്തരം ഒരു വാദത്തിന്റെ വിപുലമായ ചട്ടക്കൂടിൽ നിന്നാവണം ഛത്തീസ്ഗഡിനെയും വായിച്ചെടുക്കുന്നത്. യുക്തി, മാനുഷികത തുടങ്ങിയ അടിസ്ഥാന മാനുഷിക മൂല്യങ്ങൾ ആർജിച്ചെടുക്കാൻ സാധിച്ചിട്ടില്ലാത്തവർ, ചരിത്ര ദൌത്യങ്ങളിൽ പരാജിതരാണ്; അത്തരമൊരു സമൂഹത്തിന്റെ പ്രയാണം ചരിത്രാതീത കാലങ്ങൾക്കും പിന്നിലേക്കാണ്. നിസ്സംശയം, നമ്മുടെ ഉന്നമനം പരമ്പരാഗതമായ, പ്രാകൃതമായ ശൈലികളിൽ നിന്നും ഒരുപാടുയർന്നിട്ടുണ്ട്; ചിതയിലേക്ക് ആനയിക്കപ്പെടുന്ന സ്ത്രീ ഇന്നില്ല. തുരുമ്പുവന്ന ശസ്ത്രക്രിയാ സൂചിയാൽ ഹോമിക്കപ്പെട്ട സ്ത്രീ ശരീരങ്ങൾ ഉയർത്തിക്കാണിക്കുന്നത്, ചിതയിൽ നിന്ന് ആ ഇരുമ്പ് സൂചികളിലേക്കുള്ള വളർച്ചകൾ തന്നെയാണ്!

 

 

മംഗൾയാൻ വിക്ഷേപണ ദൌത്യം വിജയകരമായി പൂർത്തീകരിക്കപ്പെട്ടു; ആഗോള-ഭാരത മൈത്രീ ബന്ധം ദൃഡപ്പെട്ടു; എല്ലാ ശ്രേഷ്ഠ ചർച്ചകളും തകർത്ത് മുന്നോട്ടു നീങ്ങീടട്ടെ. എന്നിട്ടുമെന്നിട്ടും മനുഷ്യകുലത്തിന്റെ, ഒരു ലിംഗഭേദമെന്നു തന്നെ വിശ്വസിക്കേണ്ട (എല്ലാരും തമ്മയിക്ക്വോ ആവോ!) , ‘സ്ത്രീ’ എന്ന വർഗം ഉണ്ടല്ലോ; ആ വർഗത്തെ ഒരു ജന്മവും നമ്മുടെ കുലത്തിലങ്ങോട്ടു ചേർക്കാൻ ഒക്കില്ലെന്നു വാശി പിടിക്കുന്ന ഈ ആർഷ ഭാരത ഭൂവിനോട് (ആശാൻ ‘പൂവി’നോട് എന്ന പോലെ, പെണ്ണായി പിറന്ന ഞാൻ ‘ഭൂവി’നോട്) ‘ഹാ കഷ്ടം’, എന്ന് നീട്ടിച്ചൊല്ലുകയല്ലാതെന്തുണ്ട് നിർവാഹം?

 

സാദ്ധ്യമെന്തു കണ്ണീരിനാൽ,
അവനിവാഴ്വു കിനാവു, കഷ്ടം!

 

(ഡല്‍ഹി ജെ.എന്‍.യുവില്‍ എം.എ ഒന്നാം വര്‍ഷ ചരിത്രവിദ്യാര്‍ഥിയാണ് സിയാന)

 

*Views are personal

This post was last modified on November 16, 2014 6:42 pm