X
    Categories: News

ആരെയാണ് ചങ്ങലയ്ക്കിടേണ്ടത്? തെരുവ് നായ വിഷയത്തില്‍ നടന്‍ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ജോയ് മാത്യു

കൊല്ലണോ അതോ ചങ്ങലക്കിടണോ?

തെരുവ് നായകൾ ഇന്നലെ ഒരു ദിവസം കൊണ്ട് രക്തദാഹികളായതല്ല ! സായ്പിന്റെ സങ്കര വര്‍ഗ്ഗത്തെക്കാൾ നന്ദിയും സ്നേഹവും അനുസരണയും ഈ പാവം പിടിച്ച നാടൻ പട്ടികൾക്കാണ്.

എന്തുകൊണ്ട് അവർ മനുഷ്യരെ കടിക്കുന്നവരായി?

തെരുവ് മൃഗങ്ങളോട് അലിവ് കാണിക്കണമെന്ന് പറയുന്ന മനേക(മനേക ഗാന്ധി എന്നും പറയും ) അടിയന്തരാവസ്ഥക്കാലത്ത് തെരുവിലും ചേരിയിലും കഴിഞ്ഞിരുന്ന ദരിദ്രരായ യുവാക്കളെ തെരുവുനായകളെളേക്കാൾ ക്രൂരമായി ഓടിച്ചിട്ടു പിടിച്ചു വന്ധ്യംകരണം നടത്തുന്നതിനു നേതൃത്വം നല്കിയ തന്റെ ഭർത്താവ് സഞ്ജയിനോട് (സഞ്ജയ്‌ ഗാന്ധി എന്നും പറയും ) അത് പാടില്ല എന്ന് പറയാൻ പറ്റിയില്ല. എന്നിട്ട് ഇപ്പോൾ നമ്മോട് പറയുന്നു തെരുവ് നായ്ക്കൾ കടിക്കാൻ വരുമ്പോൾ മരത്തിൽ കയറാൻ.

തെരുവ് നായ്ക്കളെ കൊല്ലണോ ചങ്ങലക്കിടണോ എന്ന് തീരുമാനിക്കുന്നതിന് മുന്‍പ് നാം അന്വേഷിക്കേണ്ടത് തെരുവ് നായകൾ ഇത്ര മാത്രം അപകടകാരികളാകുവാൻ കാരണം എന്താണെന്നാണ്.

വിവരമുള്ള എന്റെ സുഹൃത്തുക്കൾ പറയുന്നത് വെച്ചു നോക്കുമ്പോൾ എനിക്കും തോന്നിയത് നമ്മുടെ അറവു ശാല നടത്തിപ്പുകാരും പിന്നെ ആധുനിക സമൂഹമെന്ന് മേനി നടിക്കുന്ന നമ്മളുമാണ് ഇതിന്റെ കാരണക്കാർ എന്നാണ്.

അറവുശാലക്കാർ വഴിയോരങ്ങളിലും മറ്റും കൊണ്ട് തള്ളുന്ന ചോരയിറ്റുന്ന മാംസഭാഗങ്ങളും, ആശുപത്രി നടത്തിപ്പുകാർ, ഹോട്ടലുകാർ തുടങ്ങി ഈ നമ്മൾ “ആധുനിക മലയാളികൾ” ആഘോഷപൂർവം പൊതുവഴിലേക്കു വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും കഴിച്ചു ശീലിച്ചു പാവം പിടിച്ച നമ്മുടെ നാടൻ പട്ടികൾ രക്തദാഹികളായി. അപ്പോൾ തെരുവ് നായകളെ കൊല്ലുന്നതിനു മുന്പ്മുന്‍പ് ചങ്ങലക്കിടേണ്ടത് ആരെയാണ് എന്നാലോചിക്കുക.

പൊതുസ്ഥലങ്ങളിൽ വേസ്റ്റ് കൊണ്ടുതള്ളുന്ന അപരിഷ്കൃതരായ നമ്മളെയോ അല്ലെങ്കിൽ മാലിന്യ നിർമാർജ്ജനമല്ല മെട്രോ വികസനമാണ് നമുക്ക് വേണ്ടതെന്നു തീരുമാനിക്കുന്ന നമ്മൾ തിരഞ്ഞെടുത്തതും അധികാരത്തിലിരിക്കുന്നതുമായ ജന സേവകരെയോ?

ആരെയാണ് ചങ്ങലക്കിടേണ്ടത്?

(ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)

This post was last modified on September 29, 2015 10:01 am