X

സു…സു…സുധിക്ക് ചിലത് പറയാനുണ്ട്

സുധീന്ദ്രന്‍ എന്ന ഐ ടി ഉദ്യോഗസ്ഥന്റെ ജീവിതം മുന്‍നിര്‍ത്തി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയാണ് സു… സു… സുധി വാത്മീകം. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമാകുന്ന ഈ സിനിമ സുധി വാത്മീകം എന്ന ചെറുപ്പക്കാരന്റെ 20 കളിലെയും 30 കളിലെയും 40 കളിലെയും ജീവിതമാണ്.

ആലത്തൂരുകാരനായ സുധി നാട്ടിലെ ഒരു സ്വകാര്യ സ്‌കൂളിലെ അകൗണ്ടന്റ് ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. സംസാരിക്കുമ്പോള്‍ വിക്കുള്ള ഇയാള്‍ അന്തര്‍മുഖനും ആത്മവിശ്വാസം വളരെ കുറഞ്ഞവനും ഒക്കെ ആണ്. ഭിന്നശേഷിയുള്ള മറ്റേതൊരാളെയും പോലെ കളിയാക്കലുകളും ഒറ്റപ്പെടുത്തലുകളും ചൂഷണങ്ങളും നേരിട്ടാണ് ഇയാളുടെ ബാല്യം കടന്നു പോകുന്നത്. വിക്കിനെ മറച്ചു വക്കാനും അതിനെ മറികടക്കാനും സുധി നടത്തുന്ന വിഫല ശ്രമങ്ങളിലൂടെയാണ് ഇയാളുടെ 20 കള്‍ കടന്നു പോകുന്നത്. നിശ്ചയിച്ച വിവാഹം മുടങ്ങി പോകുന്നതും മേലുദ്യോഗസ്ഥന്റെ കയ്യിലെ ചട്ടുകം പോലെ പണിയെടുക്കേണ്ടി വരുന്നതും അയാളെ തളര്‍ത്തുന്നുണ്ട്. താന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ് എന്നും തനിക്ക് വിക്കുണ്ട് എന്നും സുധി ആത്മവിശ്വാസത്തോടെ അംഗീകരിക്കുന്ന 30 കള്‍ ആണ് സിനിമയുടെ മറ്റൊരു ഭാഗം. ക്രൂരമായ ജീവിതാനുഭവങ്ങളും കല്യാണി എന്ന സ്പീച്ച് തെറാപിസ്റ്റും (ശിവദ നായര്‍) ആണ് അയാളെ അത്തരം തിരിച്ചറിവുകളിലേക്ക് നയിക്കുന്നത്.

സു..സു.. സുധി വാത്മീകത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്നത് ജയസൂര്യയാണ്. അപകര്‍ഷതാബോധത്തിന്റെ കൊടുമുടിയില്‍ നിന്ന് തല താഴ്ത്തി നടന്നു പോകുന്ന 20 കാരനില്‍ നിന്നും തെളിഞ്ഞ ചിരിയുള്ള തല ഉയര്‍ത്തി പിടിച്ചു നടക്കുന്ന 40 കാരനിലെക്കുള്ള ദൂരം വിശ്വസനീയതയോടെയും ഭംഗിയായും നമുക്ക് മുന്നില്‍ അവതരിപ്പിച്ചു അയാള്‍. ഒഴുക്കോടെ സംസാരിക്കുന്ന കൂട്ടുകാരനെ അസൂയയോടെ നോക്കുന്ന അയാള്‍ അവസാനം ആത്മവിശ്വാസത്തോടെ നിങ്ങള്‍ നിങ്ങളാവൂ എന്ന് പറയുന്നുണ്ട്. ചലച്ചിത്രതാരം മുകേഷ് ആയി അദ്ദേഹം തന്നെ സ്‌ക്രീനില്‍ വരുന്നു. വലുപ്പ ചെറുപ്പങ്ങളും ദേഷ്യവും ഈഗോയും ഒക്കെ ഉള്ള ഒരാള്‍ ആയി സ്വയം അവതരിപ്പിക്കുക എന്നത് വെള്ളിവെളിച്ചത്തില്‍ ഉള്ള ഒരാളെ സംബന്ധിച്ച് വെല്ലുവിളിയാണ്. നമ്മുടെ പോതുബോധത്തോട് കൂടിയാണല്ലോ അയാള്‍ സംസാരിക്കുന്നത്. വിനയ ത്യാഗങ്ങളുടെ കഥകള്‍ ആകാറുള്ള ഇത്തരം വേഷങ്ങളില്‍ മുകേഷ് വേറിട്ട് നില്ക്കുന്നു. സുധിയുടെ അച്ഛനമ്മമാരായി ടി ജി രവിയും കെ പി എസ് സി ലളിതയും കൂട്ടുകാരനായി അജു വര്‍ഗീസും സിനിമയില്‍ ഉണ്ട്.

രഞ്ജിത്ത് ശങ്കറിന്റെ ഏറ്റവും ലളിത സുന്ദരമായ സിനിമയാണ് സു..സു..സുധി വാത്മീകം എന്ന് തോന്നും. മറ്റു സിനിമകളില്‍ പറയാന്‍ ശ്രമിച്ച രാഷ്ട്രീയം വളരെ അവ്യക്തമായിരുന്നു (അര്‍ജുനന്‍ സാക്ഷി, പുണ്യാളന്‍ അഗര്‍ബത്തീസ്). ഈ സിനിമയില്‍ അത്തരം നയം വ്യക്തമാക്കലുകള്‍ വളരെ കുറവാണ്. രംഗങ്ങള്‍ക്ക് തുടര്‍ച്ചയും ഒതുക്കവും ഉണ്ട്. സുധി അടക്കം സിനിമയില്‍ ആരും അതിമാനുഷരല്ല. വിക്കുള്ള ഒരാളെ ഉപേക്ഷിക്കാന്‍ പൂര്‍ണമായും നായക പക്ഷത്തു നില്‍ക്കുമ്പോഴും ഈ സിനിമ ഒരു പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. അവളെ പിന്തുടര്‍ന്ന് ആക്രോശിക്കാന്‍ നായകനോട് ആവശ്യപ്പെടുന്നില്ല. അവളുടെ തീരുമാനത്തോട് കലഹിക്കുന്നുമില്ല. ശാരീരികമായ വ്യതസ്തതകളെ തമാശയായോ സഹതാപം കൊണ്ട് മടുപ്പിക്കുന്ന രീതിയിലോ അവതരിക്കുന്ന പതിവ് ഇന്ത്യന്‍ മുഖ്യധാരാ സിനിമാ ശീലങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്നുമുണ്ട് സു… സു… സുധി വാത്മീകം.

സാങ്കേതിക തികവിനെക്കാള്‍ സുധി എന്ന കേന്ദ്ര കഥാപാത്രത്തില്‍ തന്നെയാണ് സിനിമയുടെ ഫോക്കസ്. പക്ഷെ ഫ്‌ളാഷ് ബാക്ക് മോഡിലുള്ള കഥ പറച്ചില്‍ സാങ്കേതിക പിഴവുകളോ കുറവുകളോ വരുത്തുന്നില്ല. ബിജിബാലിന്റെ പാട്ടുകള്‍ക്ക് പുതുമയൊന്നുമില്ലെങ്കിലും സിനിമയുടെ മൂഡിനോട് ചേര്‍ന്ന് പോകുന്നുണ്ട്. വാടസ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിലൂടെയുള്ള പ്രചരണം ഗുണം കണ്ടു എന്ന് തന്നെയാണ് ഇനീഷ്യല്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സു..സു..സുധി വാത്മീകം ഒരു കള്‍ട്ട് ക്ലാസിക്കോ ലോകോത്തര ക്രാഫ്‌റ്റോ ഒന്നുമല്ല. പക്ഷെ രണ്ടാം പകുതിയില്‍ വൈകല്യങ്ങളെ അതിജീവിച്ചു സ്ലോ മോഷനില്‍ നടന്നു സുധി ഡയലോഗ് പറഞ്ഞു വെറുപ്പിക്കുന്നില്ല. ആരെയും നിരത്തി തല്ലി കഴിവ് തെളിയിക്കുന്നില്ല. അങ്ങനെ നായകന്‍ എന്ന ആത്മരതി നിറഞ്ഞ സങ്കല്പത്തെ കൂടി നോക്കിയാണ് ഇതിലെ കേന്ദ്രകഥാപാത്രം വിക്കി വിക്കി സു..സു..സുധി എന്ന് വളരെ പതിഞ്ഞു പറയുന്നത്, അത്ര മാത്രം…..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 16, 2016 1:34 pm