X

2012ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക്; ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ പരിചയപ്പെടാം

മൂന്നാറിന്റെ കയ്യേറ്റ രോഗത്തിന് ചികിത്സയുമായി ഒരു ഡോക്ടര്‍ കളക്ടര്‍

“ഈ രാജ്യത്തെ എല്ലാവരെയും പോലെ, വര്‍ദ്ധിച്ചു വരുന്ന അഴിമതിയും മോശം ഭരണനിര്‍വ്വഹണവും സുതാര്യത ഇല്ലായ്മയും സാമൂഹിക പ്രതിബദ്ധത ഇല്ലായ്മയും ഒക്കെയാണ് ഏറ്റവും വലിയ പ്രശ്നമായി ഞാന്‍ കാണുന്നത്. അതേസമയം സാമൂഹ്യമാറ്റം എന്നത് സാവധാനത്തില്‍ നടക്കുന്ന ഒരു പ്രക്രിയയാണ് എന്നും എനിക്ക് ബോധ്യമുണ്ട്. ഒറ്റ രാത്രികൊണ്ട് ഒരു ഐഎഎസ് ഓഫീസര്‍ വിചാരിച്ചാല്‍ വിപ്ലവം ഉണ്ടാവില്ല”. 2012-ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയപ്പോള്‍ റീഡിഫിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നത്തെ  ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വന്‍കിട കയ്യേറ്റക്കാരും റിസോര്‍ട്ട്, ക്വാറി മാഫിയകളും അടക്കി ഭരിക്കുന്ന ഇടുക്കിയിലെ ദേവികുളം താലൂക്കിലും മൂന്നാറിലും ചില വിപ്ലവങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍. മൂന്നാറിലെ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിച്ചുകൊണ്ട് അനധികൃത ക്വാറികള്‍ക്ക് നോട്ടീസ് നല്‍കിക്കൊണ്ട്, റാങ്ക് കിട്ടുമ്പോള്‍ മൊഴിയുന്ന റെഡിമെയ്ഡ് ഉത്തരമായിരുന്നില്ല അന്ന് പറഞ്ഞത് എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാര്‍ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാര്‍ പ്രശ്‌നത്തെ വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നിരിക്കുന്നത് ദേവികുളം സബ് കളക്ടറുടെ നടപടികളും ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ്. സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ സംഘടനയായ കര്‍ഷകസംഘം നേരത്തെ സമരം നടത്തിയിരുന്നു. എസ് രാജേന്ദ്രന്‍ എംഎല്‍എയും മന്ത്രി എംഎം മണിയുമെല്ലാം സബ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നു.

അതേ സമയം വ്യക്തമായ കാഴ്ചപ്പാടോടുകൂടി തന്നെയാണ് ശ്രീരാം വെങ്കിട്ടരാമന്‍ മുന്നോട്ട് പോകുന്നത്. “ഞാനൊരു തീവ്ര പരിസ്ഥിതിവാദിയോ വികസന വിരുദ്ധനോ ഒന്നുമല്ല. മൂന്നാറിലെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം. എന്നാല്‍ പരിസ്ഥിതിനാശം ഉണ്ടാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും ഒരുതരത്തിലും വച്ച് പൊറുപ്പിക്കാനാവില്ല. മൂന്നാറിന്റെ ഇപ്പോഴത്തെ നില വളരെ മോശമാണ്. ഇച്ഛാശക്തിയോടെ ശ്രമിച്ചാല്‍ നേരെയാക്കാം.” സബ് കളക്ടര്‍ പറയുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള എന്‍ഒസി നടപ്പാക്കിയതെന്നും ശ്രീരാം വെങ്കിട്ടരാമന്‍ വ്യക്തമാക്കുന്നു.

Also Read: ദേവികുളം സബ് കളക്ടറുടെ ‘തോന്ന്യാസങ്ങള്‍’

സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്ന് തന്നെ സമ്മര്‍ദ്ദമുണ്ടായിട്ടും സബ് കളക്ടറെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. മൂന്നാര്‍ കാര്യത്തില്‍ സിപിഐ നേതാക്കളുടെ നിലപാടും ഒട്ടും മോശമല്ലെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങില്ലെന്ന സൂചന റവന്യൂ മന്ത്രി ചന്ദ്രശേഖരനും നല്‍കിക്കഴിഞ്ഞു. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും സബ് കളക്ടറുടെ നടപടികളെ പിന്തുണച്ചും വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെ മൂന്നാര്‍ പ്രശ്‌നം സംസ്ഥാനത്തെ വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണ്.

എന്നാല്‍ രാഷ്ട്രീയമല്ല, താന്‍ നിയമപരവും നീതിയുക്തവുമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന ഉറച്ച ബോധ്യത്തിലാണ് ശ്രീരാം വെങ്കിട്ടരാമന്‍. നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയായ ശ്രീരാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് നേടിയത്. തുടര്‍ന്ന് ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കല്‍ കോളേജിലും പഠിച്ചു. എന്നാല്‍ മെഡിക്കല്‍ പ്രൊഫഷണന് പകരം സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കുകയായിരുന്നൂ. സുവോളജി പ്രൊഫസറായ ഡോ. പി ആര്‍ വെങ്കിട്ടരാമനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂര്‍ത്തിയുമാണ് മാതാപിതാക്കള്‍.

This post was last modified on March 30, 2017 10:30 am